EXCLUSIVE അമ്മ അറിയാനിലുടെ സമാന്തര സിനിമയുടെ മുഖമായ ജോണ്‍ എബ്രഹാമിന്റെ ശിഷ്യന്‍; പ്രവാസ ജീവിത കാലത്തെ മാധ്യമ പ്രവര്‍ത്തകന്‍; ഷട്ടറിലൂടെ നവ സിനിമയുടെ അനിഷേധ്യനായി; ഇടതു വ്യതിയാനത്തെ എതിര്‍ത്ത് വലതുപക്ഷ ശബ്ദമായി; നടനും സംവിധായനും എഴുത്തുകാരനും; ജോയ് മാത്യു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും

Joy Mathew Profile

അരുന്ധതി കൃഷ്ണന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചലച്ചിത്ര-നാടക പ്രവര്‍ത്തകനും സാംസ്‌കാരിക വിമര്‍ശകനുമായ ജോയ് മാത്യുവിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നു. നിലവിലെ ഭരണമാറ്റങ്ങള്‍ക്കും സാംസ്‌കാരിക പുനഃസംഘടനകള്‍ക്കും പിന്നാലെയാണ് ചലച്ചിത്ര അക്കാദമിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയെന്ന നിലയില്‍ ജോയ് മാത്യുവിന്റെ പേര് ഉയര്‍ന്നുവരുന്നത്.

അമ്പതു വര്‍ഷത്തോടടുക്കുന്ന സര്‍ഗ്ഗാത്മക ജീവിതത്തില്‍ സിനിമ, നാടകം, മാധ്യമപ്രവര്‍ത്തനം, സാംസ്‌കാരിക വിമര്‍ശനം തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം തന്റേതായ കൃത്യമായ അടയാളപ്പെടുത്തല്‍ നടത്തിയ വ്യക്തിത്വമാണ് ജോയ് മാത്യു. തെറ്റിന് നേരെ ശരിയുടെ പക്ഷം പിടിക്കാനും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്വതന്ത്ര നിലപാടുകള്‍ തുറന്നുപറയാനും അദ്ദേഹം കാണിച്ച ധീരത സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വിപ്ലവാത്മക സമാന്തര സിനിമയുടെ തിരുമുറ്റത്തുനിന്നാണ് ജോയ് മാത്യുവിന്റെ കലാജീവിതം ആരംഭിക്കുന്നത്. ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത് മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇടംനേടിയ ‘അമ്മ അറിയാന്‍’ (1986) എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെ ചര്‍ച്ചാ വിഷയമാകുന്നത്.

ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച്, അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശംസ നേടിയ ഈ ചിത്രം സമാന്തര സിനിമയുടെ മുഖമായി അദ്ദേഹത്തെ മാറ്റി. എഴുപതുകളില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപപ്പെട്ട നവ സിനിമാ സാംസ്‌കാരിക കൂട്ടായ്മകളുടെയും ജനകീയ നാടക പ്രസ്ഥാനങ്ങളുടെയും മുന്‍നിര പോരാളിയായിരുന്നു അദ്ദേഹം. കേവല വിനോദോപാധി എന്നതിനപ്പുറം സിനിമയെയും നാടകത്തെയും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ക്കുള്ള ആയുധമായി കണ്ട ഒരു തലമുറയുടെ പ്രതിനിധിയായാണ് ജോയ് മാത്യു വളര്‍ന്നുവന്നത്. തുടര്‍ന്ന് ദീര്‍ഘകാലം ഗള്‍ഫില്‍ പ്രവാസ ജീവിതം നയിച്ച ജോയ് മാത്യു അവിടെയും തന്റെ സാംസ്‌കാരിക പ്രതിബദ്ധത കൈവിട്ടില്ല. ഗള്‍ഫ് പ്രവാസക്കാലത്ത് അമൃതാ ടിവിയിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിന്റെ ആകുലതകളും സാംസ്‌കാരിക അനുഭവങ്ങളും ദൃശ്യമാധ്യമങ്ങളിലൂടെ മലയാളിക്ക് മുന്നില്‍ കൃത്യമായി അവതരിപ്പിച്ചു.

പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ജോയ് മാത്യു 2012-ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഷട്ടര്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ശക്തമായ രണ്ടാം വരവ് നടത്തി. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തരംഗമായ ചിത്രം സില്‍വര്‍ ക്രോ ഫെസന്റ് പുരസ്‌കാരമടക്കം കരസ്ഥമാക്കുകയും നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരേപോലെ നേടുകയും ചെയ്തു.തുടര്‍ന്ന് അഭിനേതാവ് എന്ന നിലയിലും ജോയ് മാത്യു ബഹുമുഖ പ്രതിഭ തെളിയിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’ എന്ന ചിത്രത്തിലെ ഫാദര്‍ അബ്രാഹം ഒറ്റപ്ലാക്കന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.

‘സക്കറിയയുടെ ഗര്‍ഭിണികള്‍’, ‘ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍’ തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ സ്വഭാവ നടനായും പ്രതിനായകനായും അദ്ദേഹം തിളങ്ങി. കേവലം സിനിമയ്ക്കുള്ളില്‍ ഒതുങ്ങുന്ന കലാകാരനല്ല ജോയ് മാത്യു; രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ തുറന്ന നിലപാടുകള്‍ വ്യക്തമാക്കുന്ന പൊതുസമ്മതന്‍ കൂടിയാണ് അദ്ദേഹം. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ വീഴ്ചകളെയും സാംസ്‌കാരിക മേഖലയിലെ ഇടത് പ്രീണനങ്ങളെയും തുറന്നുകാട്ടിയതിന്റെ പേരില്‍ സൈബര്‍ സഖാക്കളുടെയും ഇടത് കോട്ടകളുടെയും കടുത്ത ആക്രമണങ്ങള്‍ അദ്ദേഹത്തിന് നിരന്തരം നേരിടേണ്ടി വന്നിട്ടുണ്ട്.

ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എന്നും ശരിയുടെ പക്ഷം പിടിച്ച് ശബ്ദമുയര്‍ത്തിയ അദ്ദേഹം, വലതുപക്ഷ സാംസ്‌കാരിക ചര്‍ച്ചകളില്‍ സുപ്രധാന ശബ്ദമായി നിലകൊണ്ടു. സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ പതറാതെ സ്വതന്ത്രമായ നിലപാടുകളില്‍ ഉറച്ചുനിന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. സമാന്തര സിനിമാ പാരമ്പര്യം, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പരിചയസമ്പത്ത്, നാടക-മാധ്യമ മേഖലകളിലെ മികവ് എന്നിവയെല്ലാം ജോയ് മാത്യുവിനെ ചലച്ചിത്ര അക്കാദമിയുടെ അമരത്തേക്ക് എന്തുകൊണ്ടും യോഗ്യനാക്കുന്നു.

രാഷ്ട്രീയ വിധേയത്വങ്ങള്‍ക്കപ്പുറം സാംസ്‌കാരിക സ്വയംഭരണവും അന്താരാഷ്ട്ര നിലവാരമുള്ള ചലച്ചിത്ര കാഴ്ചപ്പാടും അക്കാദമിക്ക് നല്‍കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് ചലച്ചിത്ര ലോകത്തിന്റെ വിലയിരുത്തല്‍.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.