തിരുവനന്തപുരം :ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. ഡോ. എ ജയതിലക് 30 ന് വിരമിക്കുന്നതോടെ സിൻഹ കേരളത്തിന്റെ ഭരണതലപ്പത്ത് വരും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥാനാണ്. 1993 ബാച്ചിലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വൈദ്യുതി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവത് എന്നിവരായിരുന്നു സീനിയോറിറ്റിയിൽ തൊട്ടുപിന്നിൽ.
1991ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ജയതിലക്. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി ജയതിലക് ചുമതലയേറ്റത്.
ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയും ഇൗ മാസം വിരമിക്കും. നിലവിലുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരിൽ 1989 ബാച്ചിലെ മനോജ് ജോഷിയാണ് സീനിയർ. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 1991 ബാച്ചിലെ രചന ഷായും കേന്ദ്രസർവീസിലാണ്. ഇവർ രണ്ടുപേരും കേരളത്തിലേയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ചീഫ് സെക്രട്ടറി റാങ്ക് നൽകിയിട്ടില്ല. അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചിട്ടില്ല. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി 2027 ജനുവരിയിലാണ് വിരമിക്കേണ്ടത്. അദ്ദേഹം ചീഫ് സെക്രട്ടറിയാകാൻ തയ്യാറല്ലെങ്കിൽ ബിശ്വനാഥ് സിൻഹയ്ക്കാണ് സാധ്യതയെന്ന് നേരത്തെ റി്പ്പോർട്ടുകളുണ്ടായിരുന്നു. ബിഹാർ സ്വദേശിയായ സിൻഹ 2028 സെപ്തംബറിലാണ് വിരമിക്കുന്നത്. കെ ആർ ജ്യോതിലാലിന് 2029 മെയ് വരെ സർവീസുണ്ട്.
ചീഫ് സെക്രട്ടറി പദവിയിലേക്ക് നിയമിതനാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു
ബിശ്വനാഥ് സിൻഹ. ഇതിന് മുൻപ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കരിയറിൽ ഉടനീളം ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, റസിഡന്റ് കമ്മീഷണർ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഉന്നത തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 സെപ്റ്റംബർ 24 ന് ജനിച്ച സിൻഹ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം







