തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവി (40)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരായ മൂന്നാമത്തെ കേസിലാണ് ഇപ്പോൾ ശിക്ഷവിധിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിയെ 35 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ആദ്യത്തെ രണ്ടുകേസുകളിലെ ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമാകും മൂന്നാമത്തെ കേസിലെ ശിക്ഷ ആരംഭിക്കുക. കൂടാതെ സമാനമായ നാലാമത്തെ കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ തിങ്കളാഴ്ച ശിക്ഷ വിധിക്കും. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി കഴിഞ്ഞതിനുശേഷം വേണം അടുത്ത കേസിലെ ശിക്ഷ നടപ്പിലാക്കാനെന്ന് പ്രോസീക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷാകാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിനെ കേന്ദ്രീകരിച്ചാണ് സംഭവം. 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി ഈ സ്ഥാപനത്തിൽ എത്തിയത്. കുട്ടിയെ പരിശീലനത്തിനെന്ന് പറഞ്ഞ് ജിമ്മിലേക്കും ബാത്‌റൂമിലേക്കും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതുകൂടാതെ പ്രതി കുട്ടിയുടെ നഗ്നഫോട്ടോയും വിഡിയോയും എടുക്കുകയും മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തിരുന്നു .
പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതിനാൽ 2019-ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു . പീഡനം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറയാൻ മടിച്ചു . ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്തുപറഞ്ഞിരുന്നില്ല .
2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡനസംഭവം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്ന് കേസുകളുടെ വിധി വന്നു. നാലാമത്തെ കേസിൽ തിങ്കളാഴ്ച കോടതി വിധിപറയും. പ്രോസീക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.


യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ; ഭർതൃവീട്ടിൽ പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം
തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്







