പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം.

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്നത് കടുത്ത മലിനജലമാണെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് ചെളി നിറഞ്ഞ വെള്ളമാണെന്നാണ് വിദ്യാർഥികളുടെ പരാതി.

മലിനജലത്തിന്റെ ഉപയോഗം മൂലം നിലവിൽ അമ്പതിലധികം വിദ്യാർഥികൾക്ക് വയറിളക്കം ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോസ്റ്റലുകളിൽ ലഭിക്കുന്ന വെള്ളത്തിൽ ‘ഇ.കോളി’ ബാക്ടീരിയകളുടെ സാന്നിധ്യം ഉയർന്ന അളവിൽ കണ്ടെത്തിയതായും വിദ്യാർഥികൾ പറയുന്നു.

​പി.ഡബ്ല്യു.ഡി (PWD) റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ അശാസ്ത്രീയമായ ബോർവെൽ നിർമ്മാണമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഡ്രെയിനേജ് വെള്ളം ഉൾപ്പെടെ ഈ ബോർവെല്ലിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണുള്ളത്. മുൻപ് ഇതിനെതിരെ താല്കാലികമായി ഷീറ്റ് ഇട്ട് മൂടിയതല്ലാതെ സ്ഥിരമായ ഒരു പരിഹാരം അധികൃതർ ഉണ്ടാക്കിയിട്ടില്ല. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലായി 500-ലധികം വിദ്യാർഥികളാണ് നിലവിൽ ഈ ദുരിതം അനുഭവിക്കുന്നത്.

യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ രോഗബാധ വിദ്യാർഥികളുടെ പഠനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. താല്കാലികമായി വാട്ടർ കാനുകൾ വാങ്ങിയാണ് ഇപ്പോൾ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നത്. ടാങ്കർ വെള്ളം എത്തിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചയോടുകൂടി ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം ഉണ്ടായില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാർഥികളുടെ തീരുമാനം.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.