പെരുന്ന : മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനല്ല, മുഖ്യമന്ത്രി പദവിയിലുള്ള ആളെ കാണാനാണ് സമയം ചോദിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വോട്ടറും ഒരു സംഘടനയുടെ നേതാവുമാണെന്ന പരിഗണന മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ കാര്യത്തിനല്ല, എൻഎസ്എസുമായി ബന്ധപ്പെട്ട ഒരു ഫയൽ സംബന്ധിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതെന്നും, ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ എറണാകുളത്ത് വന്ന് കാണാമെന്ന മറുപടിയാണ് ലഭിച്ചതെന്നും, എന്നാൽ സെക്രട്ടേറിയറ്റിൽ വച്ച് കാണണമെന്ന ആവശ്യം പ്രൈവറ്റ് സെക്രട്ടറിയോട് അറിയിച്ചതിനു ശേഷം മുഖ്യമന്ത്രിയോ പ്രൈവറ്റ് സെക്രട്ടറിയോ തിരികെ വിളിച്ചില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചാൽ തിരക്കില്ലെങ്കിൽ അപ്പോൾ തന്നെ സംസാരിക്കുകയോ അല്ലെങ്കിൽ തിരിച്ചു വിളിക്കുകയോ ചെയ്യാറുണ്ടായിരുന്നെന്നും, ഇത്തരമൊരു അനുഭവം എൻഎസ്എസിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി വി.ഡി. സതീശനെ കാണാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും സുകുമാരൻ നായർ രംഗത്തെത്തി. പെരുന്ന ശുദ്ധീകരിക്കുന്നതിനു മുൻപ് സുരേഷ് ഗോപി താൻ അംഗമായ ‘അമ്മ’ സംഘടന ആദ്യം ശുദ്ധീകരിക്കട്ടെ എന്നായിരുന്നു മറുപടി. ആരെയും മന്നം സമാധിയിൽ തടസ്സപ്പെടുത്തിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് ദിവസം സുരേഷ് ഗോപി പെരുന്നയിലെത്തിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പുഷ്പാർച്ചനയ്ക്കായി മണ്ഡപം തുറന്നു കൊടുത്തിരുന്നെന്നും, പിന്നീട് എന്തിനാണ് തങ്ങളുടെ യോഗത്തിലേക്ക് കയറി വന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
സുരേഷ് ഗോപിയുടെ രാഷ്ട്രീയ നീക്കത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും വലിച്ചിഴച്ചെന്നും, രാജീവ് ചന്ദ്രശേഖർ പറഞ്ഞതാണ് മര്യാദയെന്നും, സുരേഷ് ഗോപി എൻഎസ്എസിന് ഒന്നും ചെയ്യില്ലെന്നും ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടന്ന മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. “താനാണ് സംഘടനയുടെ എല്ലാം” എന്ന ചിന്താഗതി ആർക്കും നല്ലതല്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞപ്പോൾ, പെരുന്നയിലെ ഇപ്പോഴത്തെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുമെന്നോ കാലം അവരെ തിരുത്തുമെന്നോ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുകുമാരൻ നായരുടെ ശക്തമായ മറുപടി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്ലർ എവിടെ ?’; ‘ഐ ആം ഗെയിം’ സഹനിർമാതാവിനോട് ദുൽഖർ







