ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് 22 പേർ മരിച്ചു. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ജമ്മു കശ്മീരിനെയാണ്. ഇവിടെ 11 പേരാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ലോറാനിൽ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.
ഡോഡ ജില്ലയിൽ ജമ്മു-കിഷ്ത്വാർ ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാർ മരിച്ചുഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ സരയു നദിയിൽ കുട്ടി ഒഴുക്കിൽപ്പെട്ടു. പിത്തോറഗഡിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. ഡെഹ്‌റാഡൂൺ, തെഹ്രി, ഹരിദ്വാർ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഹബീബ്പുരിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് നാല് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം ഈ ആഴ്ച അവസാനം വരെ വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. . പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ചുമതല ജീവനക്കാരുടെ തലയിൽ; അടിസ്ഥാന സൗകര്യങ്ങളുമില്ല; കെ.എസ്.ആർ.ടി.സിയുടെ ‘കെ.എൽ-15’ കുപ്പിവെള്ള വിതരണം അവതാളത്തിൽ









