ശ്യാംരാജ്
‘ഹലാക്കിന്റെ അവിലുംകഞ്ഞി’ എന്ന ഒരു പ്രയോഗമുണ്ട് മലബാറില്‍. ആകെക്കൂടി കുഴഞ്ഞ് മറിഞ്ഞ് ഒരു പരുവത്തിലായത് എന്ന് തര്‍ജ്ജമ. നിസാം ബഷീര്‍ സംവിധാനം ചെയ്ത്, പൃഥ്വിരാജ് സുകുമാരന്‍ നായകനായ ‘ഐ, നോബഡി’ എന്ന ചിത്രം കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയ ആദ്യവാചകം അതായിരുന്നു. എന്താണ് ഈ പടംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ആകെ ആശയങ്ങളുടെ കുഴമറിച്ചില്‍. എന്തെല്ലാമോ എടുത്ത്വെച്ച്, അതിവേഗതയില്‍ എഡിറ്റും കട്ടും ചെയ്തിട്ടിരിക്കുന്നു. പൃഥ്വിരാജ്, ഈ ചിത്രത്തിന്റെ പ്രമോഷനായി നടത്തിയത് അത്രയും വെറും തള്ളായിരുന്നു! വലിച്ചു നീട്ടി കുളമാക്കിയ സിനിമ എന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.
ഇപ്പോള്‍ സ്ഥിരമായ പൃഥിരാജ് ചിത്രങ്ങളില്‍ കാണുന്ന ഒരു പാറ്റേണാണ് ഒരു രാഷ്ട്രീയ ലക്ഷ്യംവെച്ച് സിനിമയെടുക്കല്‍ എന്നത്. അത് ഇവിടെയും ആവര്‍ത്തിക്കുന്നു. പക്ഷേ അതിന് സ്ക്രിപിറ്റിന്റെ സാധൂകരണം കിട്ടുന്നില്ല. കാര്യകാരണ ബന്ധത്തോടെ വൃത്തിക്ക് ഒരു തിരിക്കഥ എഴുതാന്‍ മലയാളിക്ക് കഴിയുന്നില്ല എന്നതിന് ഒരു തെളിവുകൂടിയാണ് ഈ പടം. ഇതിന്റെ പ്രെമോഷന് സമയത്ത് പൃഥിരാജ് നടത്തിയ തള്ളുകള്‍ കണ്ടാല്‍ നാം നടുങ്ങിപ്പോവും. എന്താ കഥ. പക്ഷേ പടം കണ്ടാല്‍, മലപോലെ വന്നത് എലിപോലെയായി എന്ന അവസ്ഥയായി. ഷെയിം ഓണ്‍ പൃഥിരാജ് എന്നേ പറയാന്‍ കഴിയൂ. ഒരു തല്ലിപ്പൊളി സിനിമയെടുക്കുക, എന്നിട്ട് അതിനെ ലോകോത്തരമാണെന്ന് പറഞ്ഞ് തള്ളിമറിക്കുക. ഈ പരിപാടി പൃഥിരാജ് നിര്‍ത്തേണ്ടതാണ്.
‘ഒപ്പ’ത്തിന്റെ ബോളിവുഡ് പതിപ്പ്; ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു, അതിഥി വേഷത്തിൽ മോഹൻലാലും

എന്തിനോവേണ്ടിയൊരു സിനിമ
ഒരുനിമിഷത്തെ മോശം തീരുമാനം ഒരു സാധാരണക്കാരനെ, ഔദ്യോഗിക ഭാഷയില്‍ ‘ഒരു നോബഡി’യെ എവിടെവരെ കൊണ്ടെത്തിക്കും? ഈ ചോദ്യമാണ് ചിത്രം ഉയര്‍ത്തുന്നത്. തിരുവനന്തപുരത്തെ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജീവന്റെ (പൃഥ്വിരാജ്) ജീവിതത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യ മീരയുമായി പാര്‍വതി തിരുവോത്ത് എത്തുന്നു. വേര്‍പിരിയലിന്റെ വക്കില്‍ നില്ക്കുന്ന ഇയാളുടെ ജീവിതം, അപ്രതീക്ഷിതമായി ഒരു ബാങ്ക് കൊള്ളയ്ക്ക് സാക്ഷിയാകുന്നതോടെ കീഴ്മേല്‍ മറിയുന്നു. ആ കൊള്ളയുമായി ബന്ധപ്പെട്ട് സിസ്റ്റവും സമൂഹവും ഇയാളെ വേട്ടയാടുമ്പോള്‍, ഒരു ‘നോബഡി’ (ആരുമല്ലാത്തവന്) ആയ രാജീവന് നടത്തുന്ന പ്രതിരോധമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.സിനിമ ആരംഭിച്ച് ഇന്റര്‍വെല്‍ ബ്ലോക്ക് വരെ മികച്ച സസ്പെന്‍സും ടെന്‍ഷനും നിലനിര്‍ത്താന്‍ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്.

പക്ഷേ ആദ്യപകുതിയില്‍ ബില്‍ഡ് ചെയ്ത സസ്പെന്‍സ് നിലനിര്‍ത്താന്‍ രണ്ടാം പകുതിക്ക് കഴിഞ്ഞില്ല. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തതയില്ലാതെ വഴിമാറി സഞ്ചരിക്കുന്നു. രണ്ടേമുക്കാല്‍ മണിക്കൂറിലധികമുള്ള ചിത്രത്തില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യമായ ആക്ഷന്‍ രംഗങ്ങളും വലിച്ചുനീട്ടലുകളും ഉണ്ട്. ഒരേസമയം ഹീസ്റ്റ് ത്രില്ലര്‍, ഫാമിലി ഡ്രാമ, സോഷ്യോ-പൊളിറ്റിക്കല്‍ സറ്റയര്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഒരുമിച്ച് തിരുകിക്കയറ്റാന്‍ നോക്കിയത് തിരക്കഥയെ ആകെ കുഴപ്പത്തിലാക്കി.
ജനമനസ്സില്‍ ഇടം നേടിയ മാധ്യമപ്രവര്ത്തകന് ഷാജന് സ്കറിയയെ അപഹസിക്കുന്നതും അനാവശ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഒരുപാട് വിഷയങ്ങള്‍ ഒറ്റയടിക്ക്.അവസാന ഭാഗങ്ങളിലെ പല രംഗങ്ങളും യുക്തിക്ക് നിരക്കാത്തതായിരുന്നു.നീരജ് പാണ്ഡെയുടെ ‘എ വെഡ്നസ്ഡേ’ പോലുള്ള ചിത്രങ്ങളുടെ ശൈലിയില്‍ സിസ്റ്റത്തിനെതിരെയുള്ള വലിയൊരു സന്ദേശം നല്കാന് ക്ലൈമാക്സില്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശ സിനിമകള്‍ക്ക് കിടപിടിക്കുന്ന രീതിയില്‍ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്. പക്ഷേ അതിനൊന്നും യുക്തി കാണുന്നില്ല.

ഒരു സാധാരണ ഗവണ്മെന്റ് ജീവനക്കാരനായ നായകന് ജനക്കൂട്ടത്തെ മുഴുവന്‍ തല്ലിത്തോല്‍പ്പിക്കുന്ന തരത്തിലുള്ള അമാനുഷികത പെരും കത്തിയാവുന്നു.സാധാരണക്കാരനായ ഒരു ‘നോബഡി’ക്ക് ഇത്രയും അസാധാരണമായ കരുത്ത് എവിടെ നിന്ന് വന്നു എന്നതിന് ചിത്രം വ്യക്തത നല്‍കുന്നില്ല.പ്രധാന പ്ലോട്ടിന് നല്കിയ പ്രാധാന്യം കഥാപാത്രങ്ങളുടെ വ്യക്തമായ പശ്ചാത്തലമോ ആഴമോ ഒരുക്കുന്നതില്‍ തിരക്കഥാകൃത്ത് കാണിച്ചില്ല. പല ഉപകഥകളും രാഷ്ട്രീയ വശങ്ങളും പ്രധാന കഥയോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താതെ പാതിവഴിയില്‍ ഒടുങ്ങി.
പൃഥ്വിരാജ് ഒരു സാധാരണക്കാരന്റെ നിസ്സഹായത നിറഞ്ഞ കഥാപാത്രത്തെ ഒരു വിധം ഒപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ട്. പാര്‍വതി തിരുവോത്ത് പോര. ‘ഫീല്‍ഡൗട്ടായ പാര്‍വതി തെരുവോത്തിനെ, ഈ സിനിമയിലേക്ക് വിളിച്ചുവരുത്തി വീണ്ടും ഫീല്ഡൗട്ടാക്കി’ എന്ന സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ചിത്രം കണ്ടാല്‍ ശരിയാണെന്ന് തോന്നും. പോലീസ് വേഷത്തിലെത്തിയ ഹക്കിം ഷാജഹാന്റെ പ്രകടനമാണ് നന്നായത്. മധുപാല്‍, വിജയരാഘവന്, ഇര്‍ഷാദ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. ജേക്സ് ബിജോയിയുടെ സംഗീതമൊക്കെ ആവര്‍ത്തനം ആവുന്നുണ്ട്. ഒരുകാര്യവുമില്ലാതെ ഒരു ഇംഗ്ലീഷ് പാര്‍ട്ട് തിരുകിക്കയറ്റുക എന്നതൊക്കെ ഇപ്പോള്‍ ഫാഷനാണ്. ദിനേഷ് പുരുഷോത്തമന്റെ ഛായാഗ്രഹണവും ചിത്രത്തിന് ഒരു ഹോളിവുഡ് ശൈലിയിലുള്ള ഫീല്‍ നല്‍കുന്നുണ്ട്.
പ്രൊപ്പഗന്‍ഡാ മൂവി
ചിത്രം പലപ്പോഴും ഒരു പ്രൊപ്പഗന്‍ണ്ട മൂവിയുടെ നിലവാരത്തിലേക്കും താഴുന്നു.
ചിത്രത്തില്‍ പ്രതിപാദിക്കുന്ന ചില പ്രധാന സംഭവങ്ങളും പ്ലോട്ടുകളും, നിലവില്‍ സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചില യഥാര്‍ത്ഥ കേസുകളോടും പരാതിക്കാരോടും അമിതമായി സാദൃശ്യം പുലര്‍ത്തുന്നുണ്ട്. വാര്‍ത്താ പ്രചാരണങ്ങളെയും അതിരുകടന്ന മാധ്യമ വിചാരണകളെയും ചിത്രം ശക്തമായി കടന്നാക്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഒരു പൊതുവായ മാധ്യമ വിമര്‍ശനമായി കാണുന്നതിന് പകരം, നിലവിലെ ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചില വ്യക്തികളെയോ അല്ലെങ്കില്‍ ചില പ്രത്യേക വിഭാഗങ്ങളെയോ സംരക്ഷിക്കാനും ന്യായീകരിക്കാനും വേണ്ടി ബോധപൂര്‍വ്വം തയ്യാറാക്കിയ തിരക്കഥപോലയാണ് തോന്നുക. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും എങ്ങനെയാണ് ഒരു വാര്‍ത്തയെ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കുന്നത് എന്നും, ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ എങ്ങനെയാണ് മാധ്യമങ്ങളെ ഉപയോഗിക്കുന്നത് എന്നും ചിത്രം കാണിക്കുന്നുണ്ട്. കഥയുടെ ഈ ഭാഗം സ്വാഭാവികമായ ഒഴുക്കില്‍ വരുന്നതിന് പകരം, ഒരു പ്രത്യേക രാഷ്ട്രീയ സന്ദേശം പ്രേക്ഷകരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ള കഠിനശ്രമമായാണ് അനുഭവപ്പെട്ടത്.

ആദ്യ പകുതിയില്‍ തികച്ചും വ്യക്തിപരമായൊരു ക്രൈം ഹീസ്റ്റ് ത്രില്ലറായിരുന്ന ചിത്രം, പെട്ടെന്ന് രണ്ടാം പകുതിയില്‍ രാഷ്ട്രീയ നാടകങ്ങളിലേക്കും വലിയ ഉപദേശങ്ങളിലേക്കും വഴിമാറുകയാണ്. കഥയുമായി നേരിട്ട് ബന്ധമില്ലാത്ത ഇത്തരം രാഷ്ട്രീയ ചര്‍ച്ചകള്‍ കടന്നുവന്നരുതുതന്നെ ഇത് ഒരു പ്രെപ്പഗന്ഡാ മൂവിയാണെന്ന വാദം ഉറപ്പിക്കുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പറയുന്ന ഒരു ത്രില്ലര്‍ എന്ന ലേബലില്‍ വന്ന്, കൃത്യമായ രാഷ്ട്രീയ അജണ്ടകളും നരേറ്റീവുകളും പ്രേക്ഷകരിലേക്ക് കടത്തിവിടാന്‍ ശ്രമിക്കയാണ് തിരക്കഥാകൃത്തുക്കള്‍. ഈ അജണ്ട തന്നെയാണ് പ്രേക്ഷകരെ വെറുപ്പിക്കുന്നതും.
നിസാം ബഷീറിന്റെ മുന്‍ ചിത്രമായ ‘റോഷാക്ക്’ പോലൊരു മികച്ച ക്രാഫ്റ്റ് പ്രതീക്ഷിച്ച് പോകുന്നവര്‍ക്ക് ‘ഐ, നോബഡി’ തികച്ചും നിരാശയായിരിക്കും സമ്മാനിക്കുക. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. അവിടെയാണ് ചിത്രം പാളിയതും. കെട്ടുറപ്പില്ലാത്ത തിരക്കഥയും അനാവശ്യമായ വലിച്ചുനീട്ടലും കാരണം ചിത്രംശരാശരി കാഴ്ചാനുഭവം മാത്രമായി ഒതുങ്ങുന്നു.
വാല്‍ക്കഷ്ണം: ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആര് മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്നെ നിര്‍മ്മാണത്തിന് ഇറങ്ങിയത് നന്നായി. വെറുതെ ഒരു പാവം പ്രെഡ്യൂസറെ കുത്തുപാളയെടുപ്പിക്കേണ്ടല്ലോ!


ലക്ഷ്യം ‘സമവായ സമിതി’; ‘അമ്മ’യില്‍ അടിമുടി മാറ്റത്തിന് നീക്കം; ശ്വേത മേനോന് തിരിച്ചെത്തും, മുകേഷിന്റെ മോഹം നടക്കില്ല; നേതൃത്വത്തിലേക്ക് വീണ്ടും മോഹന്‍ലാലിനെത്താന്‍ സമ്മര്‍ദം







