തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐഎച്ച്‌ആർഡി) ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി ഉത്തരവായി. പകരം ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫസർ എം.വി രാജേഷിനെ പുതിയ ഡയറക്ടറായി നിയമിച്ചു.
മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഇൻ ചാർജ് ചുമതല നൽകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ യോഗ്യതയെയും നിയമനത്തെയും ചോദ്യം ചെയ്തുകൊണ്ട് തുടക്കം മുതൽ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അരുൺകുമാറിന് തസ്തികയിലേക്ക് ആവശ്യമായ കൃത്യമായ യോഗ്യതയുണ്ടോ എന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ മാനദണ്ഡങ്ങൾ മറികടന്ന് അദ്ദേഹം ഈ ഉയർന്ന പദവിയിൽ എത്തിയതെന്നും പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ പദവി എന്നത് ഒരു സർവകലാശാലാ വൈസ് ചാൻസലർക്ക് (VC) തുല്യമായ പദവിയാണെന്നായിരുന്നു കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചത്. 2018-ലെ യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം ഈ പദവിയിലെത്താൻ കുറഞ്ഞത് ഏഴ് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാൽ വെറും ക്ലറിക്കൽ പദവിയിൽ മാത്രമിരുന്ന അരുൺകുമാറിനെ ഇത്രയും ഉയർന്ന തസ്തികയിലേക്ക് നിയമിച്ചത് തികച്ചും വിചിത്രമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തി; പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്


സംസ്ഥാനത്ത് 38 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ കരട് ജൂലൈ 21ന്, അന്തിമ പട്ടിക ഓഗസ്റ്റ് 19ന്







