തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
പേര് ചേർക്കാനും തിരുത്താനും അവസരം
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ നൽകാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാൻ അർഹതയുണ്ട്. www.sec.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
പട്ടികയിലെ വിവരങ്ങളിൽ തിരുത്തൽ വരുത്താനും നിയോജക മണ്ഡലം/വാർഡ് മാറ്റാനുമുള്ള അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാം.
എന്നാൽ, പേര് ഒഴിവാക്കാനുള്ള അപേക്ഷകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം അതിന്റെ പ്രിന്റ്ഔട്ട് നേരിട്ടോ തപാൽ വഴിയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.
കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. പ്രവാസി വോട്ടർമാർക്ക് ഫോം 4എ വഴി ഓൺലൈനായി അപേക്ഷിക്കാം. പ്രത്യേക വോട്ടർപട്ടികയാണ് ഇവർക്കായി തയാറാക്കുക.
ഏതൊക്കെ ജില്ലകളിൽ?
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലാണ് ഒഴിവുകൾ. 2 കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), 3 മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), 3 ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.


ആലുവയിൽ കൂട്ടുകാരിയുടെ വീട്ടിൽ പോയ 12 വയസ്സുകാരിയെ കാണാനില്ല; കുട്ടിയ്ക്കായി തിരച്ചിൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ
കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനുമെതിരെ വ്യാജപ്രചാരണം; പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയുടെ പരാതിയിൽ കേസ്; അന്വേഷണം ശക്തമാക്കി സൈബര്‍ പോലീസ്, അപകീര്‍ത്തി പ്രചാരണം നടത്തിയവര്‍ കുടുങ്ങും







