എസ്. നിരജ്ഞൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അശാസ്ത്രീയ സാമ്പത്തിക ഇടപാടുകളെയും നിഗൂഢ നിയമനങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണത്തിനും പുനഃസംഘടനയ്ക്കുമായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ കേന്ദ്ര ലേബര്‍ സെക്രട്ടറിയും 1972 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സുധാപിള്ളയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ.
കിഫ്ബിയുടെ പ്രതാപകാലത്ത് ഉപദേശക തലപ്പത്തിരുന്ന് കെ.എം. എബ്രഹാം നടപ്പിലാക്കിയ സാമ്പത്തിക തന്ത്രങ്ങളും ചോര്‍ച്ചകളും സമിതിയുടെ കൃത്യമായ നിരീക്ഷണത്തിലേക്ക് വരികയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സിവില്‍ സര്‍വന്റുകളില്‍ ഒരാളായാണ് സുധാപിള്ള അറിയപ്പെടുന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ എം.പി.എ ബിരുദവും നേടിയ മികവുറ്റ ഉദ്യോഗസ്ഥയാണ് അവര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണ പിള്ളയാണ് (ജി.കെ. പിള്ള) സുധാപിള്ളയുടെ ഭര്‍ത്താവ്.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് വരെ ഒരവസരത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന മുന്‍നിര ഐ.എ.എസ് ഉദ്യോഗസ്ഥ കൂടിയാണ് ഇവര്‍. കെ.എം. എബ്രഹാം ധനകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ സാമ്പത്തിക നിലപാടുകളോടും നയങ്ങളോടും സുധാപിള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അക്കാര്യം പഴയ കാല ഐ.എ.എസ് ഉദ്യോഗസ്ഥർ ഓർക്കുന്നു. ഒട്ടും തന്നെ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥയാണ് സുധാ പിള്ള. ഏറ്റവും അനുയോജ്യയായ ഉദ്യോഗസ്ഥയെ തന്നെ ഈ ദൗത്യത്തിനായി മുഖ്യമന്ത്രി തിരത്തെടുക്കുകയായിരുന്നു.
വികസന പദ്ധതികള്‍ക്കായി ഉയര്‍ന്ന പലിശനിരക്കില്‍ തുക കടമെടുക്കുന്നത് സംസ്ഥാന സാമ്പത്തിക രംഗത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അവര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.
കിഫ്ബിയുടെ പ്രവര്‍ത്തനരീതിയിലെ അപകടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ ഐ.എ.എസിലെ ഈ ‘സൂപ്പര്‍ വുമണ്‍’ അധ്യക്ഷയായി എത്തുന്നത് കെ.എം. എബ്രഹാമിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പാണ്. മൂന്ന് മാസത്തിനകം സമഗ്ര റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍ റവന്യൂ സെക്രട്ടറി ഡോ. തരുണ്‍ ബജാജ്, ഫെഡറല്‍ ബാങ്ക് മുന്‍ എം.ഡി ശ്യാം ശ്രീനിവാസന്‍, നിര്‍ദ്ദിഷ്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിലേഷ് വികാംസെ, സി.എ.ജി മുന്‍ ഡയറക്ടര്‍ എച്ച്. ശുഭലക്ഷ്മി നാരായണന്‍ എന്നിവരാണ് സമിതിയിലെ മറ്റ് പ്രമുഖര്‍.
കേന്ദ്ര സര്‍ക്കാരിലും ഡാല്‍മിയ ഭാരത്, ഇന്‍ഡ്യ എനര്‍ജി എക്‌സ്‌ചേഞ്ച് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിച്ചു പരിചയമുള്ള സുധാപിള്ളയുടെ നേതൃത്വം കിഫ്ബിയിലെ സാമ്പത്തിക അരാജകത്വത്തിന് തടയിടുമെന്നാണ് കരുതപ്പെടുന്നത്. കിഫ്ബിയുടെ തുടക്കം മുതല്‍ സ്വീകരിച്ച ഉയര്‍ന്ന പലിശനിരക്കിലുള്ള വിദേശ കടമെടുപ്പുകളും, പ്രത്യേകിച്ച് വലിയ തോതില്‍ വിവാദമായ ‘മസാല ബോണ്ട്’ വഴിയുള്ള പണരൂപീകരണവും സമിതിയുടെ റഡാറിലുണ്ട്. ഉയര്‍ന്ന പലിശയ്ക്ക് പണമെടുത്ത് കുറഞ്ഞ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളില്‍ പണം പാര്‍ക്ക് ചെയ്തതിലൂടെ സംസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമുണ്ടാക്കിയോ എന്ന് സമിതി വരുംദിവസങ്ങളില്‍ പരിശോധിക്കും.
എസ്.ബി.ഐ ക്യാപ്‌സിന്റെ സഹായത്തോടെ പ്ലാനിംഗ് ബോര്‍ഡ് തയാറാക്കിയ പ്രാരംഭ ലക്ഷ്യങ്ങളില്‍ നിന്നും പിന്നീട് കിഫ്ബി എങ്ങനെയൊക്കെ വഴിമാറി എന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്തും. കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് വരാതെ സംസ്ഥാന വരുമാനം നേരിട്ട് കിഫ്ബിയിലേക്ക് വഴിതിരിച്ചുവിട്ടതിലെ ഭരണഘടനാപരവും നിയമപരവുമായ ലംഘനങ്ങള്‍, മറ്റ് ക്രമക്കേടുകള്‍ എന്നിവ സമഗ്ര അന്വേഷണ പരിധിയിലുണ്ട്. കൂടാതെ, കിഫ്ബി നേരിട്ട് നടത്തിയ 400-ഓളം വരുന്ന കരാര്‍ നിയമനങ്ങളുടെ സുതാര്യതയും സമിതി പരിശോധിക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ ജീവനക്കാരുടെ നിയമനങ്ങള്‍, ഉയര്‍ന്ന ശമ്പള പാക്കേജുകള്‍ എന്നിവയില്‍ പുനഃപരിശോധനയുണ്ടാകും.

ഇതിനായി രൂപീകരിച്ച ഇന്റേണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.പി.കെ തിലകനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നടപടികളുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനാണ് ഈ നീക്കം. കേന്ദ്ര സര്‍ക്കാരിന്റെ ഓഫ് ബജറ്റ് കടമെടുപ്പ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കിഫ്ബിയുടെ തുടര്‍ന്നുള്ള നിലനില്‍പ്പ് എത്രത്തോളം പ്രായോഗികമാണെന്നും സമിതി നിര്‍ദ്ദേശിക്കും. മുന്‍കാലങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച കടുത്ത അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
വികസനത്തിന്റെ പേരില്‍ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവെച്ച രീതികള്‍ ചോദ്യം ചെയ്ത പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന റിപ്പോര്‍ട്ടാകും പുറത്തുവരികയെന്ന് രാഷ്ട്രീയ കേരളം
ഉറ്റുനോക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും നിയമനങ്ങളിലും ഇനി സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം ഉറപ്പാക്കാനാണ് സമിതി രൂപീകരണത്തിലൂടെ നീക്കം നടത്തുന്നത്. കെ.എം. എബ്രഹാമിന്റെ പ്രതാപകാലത്ത് നടന്ന സാമ്പത്തിക ചോര്‍ച്ചകളും ക്രമക്കേടുകളും തുറന്നുകാട്ടാന്‍ സുധാപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോള്‍, കിഫ്ബി പുനഃസംഘടന ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറുകയാണ്.


എന്‍ജിനീയറിംഗില്‍ നിന്ന് ഐ.പി.എസിലേക്ക്; പോലീസിലെ കടുത്ത നിലപാടുകാരി; അലുവ അതുല്‍ കൊലക്കേസിലെ മിന്നല്‍ അന്വേഷണം: കമ്മീഷണര്‍ എം. ഹേമലത ഐ.പി.എസിന് പോലീസ് മേധാവിയുടെ അംഗീകാരം വരുന്നു; ലേഡി സിംഹം എത്തിയത് കൊല്ലം എന്ന ‘ഇല്ലം’ കാക്കാന്‍; ക്രിമിനലുകളെ പൂട്ടിയ ഹേമലത ഐ.പി.എസ്. കഥ
EXCLUSIVE ബിസ്ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന് പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന് രാജ് മോഹന്‍ പിള്ള







