EXCLUSIVE പോലീസില്‍ വന്‍ അഴിച്ചുപണി ഉടന്‍; ഡിവൈഎസ്പി-സിഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് നിര്‍ദ്ദേശം നല്‍കി രമേശ് ചെന്നിത്തല; രണ്ടു ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡിവൈഎസ്പി , സിഐ തലങ്ങളില്‍ അടിയന്തര പുനര്‍വിന്യാസത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മാറ്റിയ ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും തന്ത്രപ്രധാന തസ്തികകളില്‍ തുടരാന്‍ അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ണ്ണായക ഇടപെടല്‍. രണ്ടു ദിവസത്തിനകം ഇതിനുള്ള സ്ഥലമാറ്റ പട്ടിക പുറത്തിറക്കാന്‍ പോലീസ് ആസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി സ്ഥലം മാറ്റ ലിസ്റ്റ് രണ്ട് ദിവസത്തിനുളളിലും സിഐ ലിസ്റ്റ് അടുത്തയാഴ്ചയും പുറത്തിറങ്ങും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പോലീസില്‍ വലിയതോതിലുള്ള ഉദ്യോഗസ്ഥ സ്ഥലമാറ്റം നടന്നത്. സാധാരണയായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുന്‍ഗണനകളും ഭരണസൗകര്യവും മുന്‍നിര്‍ത്തി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ വീണ്ടും പുനര്‍നിയമിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ അധികാരത്തിലേറി നാളുകളേറെയായിട്ടും ഡിവൈ എസ് പി, സിഐ തലങ്ങളില്‍ ഈ പുനര്‍വിന്യാസം നടന്നിരുന്നില്ല.

ഐപിഎസ് ഉദ്യോഗസ്ഥരുടെയും എസ്പി തലത്തിലുള്ളവരുടെയും നിയമനങ്ങളും സ്ഥലമാറ്റങ്ങളും നേരിട്ട് ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്യുന്നത്.  സംസ്ഥാന പോലീസ് മേധാവിയാണ് ഇതില്‍ അന്തിമ ഉത്തരവിറക്കേണ്ടത്. ചില സാങ്കേതിക തടസ്സങ്ങളും നടപടിക്രമങ്ങളിലെ വൈകലുമാണ് നിലവിലെ തടസ്സങ്ങള്‍ക്ക് കാരണമായത്.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പല പ്രധാന സ്റ്റേഷനുകളിലും സബ് ഡിവിഷനുകളിലും ഇപ്പോഴും സിപിഎം അനുകൂല നിലപാടുള്ള ഉദ്യോഗസ്ഥരാണ് താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുന്നതെന്ന പരാതി ഭരണപക്ഷത്തുനിന്ന് ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വമായ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം.

വിവിധ ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും വിഷയത്തിലുള്ള അമര്‍ഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടറിയിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ണ്ണായക പദവികളില്‍ തുടരുന്നത് പ്രാദേശികതലത്തില്‍ ഭരണപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി നേതാക്കളുടെ പരാതികള്‍ക്ക് പുറമെ, കേസ് അന്വേഷണങ്ങളിലും ക്രമസമാധാന പാലനത്തിലും ചില കേന്ദ്രങ്ങളില്‍ നിന്ന് മനഃപൂര്‍വ്വമായ അട്ടിമറികള്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചില സൂചനകളും ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം അട്ടിമറി നീക്കങ്ങള്‍ തുടരുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് മന്ത്രി.

ഈ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ നേരിട്ട് ഇടപെടാനും നിലപാട് കടുപ്പിക്കാനും തീരുമാനിച്ചത്. പോലീസിലെ താഴെത്തട്ടിലുള്ള ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കണമെങ്കില്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മാറ്റം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് സ്ഥലമാറ്റ പട്ടിക തയ്യാറാക്കുന്നതിനുള്ള അന്തിമ നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഉത്തരവ് പുറത്തിറക്കാനാണ് പോലീസ് ആസ്ഥാനം ലക്ഷ്യമിടുന്നത്. മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പട്ടിക അന്തിമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പുതിയ അഴിച്ചുപണിയോടെ ക്രമസമാധാന പാലനത്തില്‍ കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ആഭ്യന്തര വകുപ്പ് കണക്കുകൂട്ടുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമായ രീതിയില്‍ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അട്ടിമറി സാധ്യതകള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്ന് കരുതപ്പെടുന്നു.

വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന സ്ഥലമാറ്റ ഉത്തരവ് പോലീസിലെ ഭരണതലത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുപ്രധാന സബ് ഡിവിഷനുകളിലും ക്രമസമാധാന ചുമതലയുള്ള സ്റ്റേഷനുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.