മിന്‍ഹാജ് ആലം പുതിയ ആഭ്യന്തര സെക്രട്ടറി: ഭരണതലത്തില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലത്തെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ക്രമസമാധാന പാലനത്തിലും ഭരണനിര്‍വഹണത്തിലും അതീവ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പിന്റെ തലപ്പത്തേക്ക് മിന്‍ഹാജ് ആലം എത്തുന്നതോടെ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
1996 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ദേശീയ തലത്തില്‍ സുപ്രധാന നയരൂപീകരണങ്ങളിലും വന്‍കിട പദ്ധതികളുടെ നടത്തിപ്പിലും നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം പുതിയ പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ സി.എം.ഡി എന്ന നിലയില്‍ മിന്‍ഹാജ് ആലത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഊര്‍ജ മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്.ഇ.ബിയെ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ അദ്ദേഹം മുന്നില്‍നിന്നു. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുക, വിതരണ ശൃംഖല പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ സ്ഥാപനത്തിന് പുതിയ ദിശാബോധം നല്‍കി. സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് മികച്ച കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ശൈലിയിലൂടെയും, വ്യത്യസ്ത വകുപ്പുകളെ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിലുമുള്ള അദ്ദേഹത്തിന്റെ മികവ് ആഭ്യന്തര വകുപ്പിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ ക്രമസമാധാന നില, പോലീസ് നവീകരണം, വിജിലന്‍സ് കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അതീവ ജാഗ്രത വേണ്ട കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറിക്ക് കീഴിലുള്ളത്. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ മികച്ച ഭരണപരിചയവും ക്ലീന്‍ ഇമേജും മിന്‍ഹാജ് ആലത്തിന് പുതിയ ചുമതലകളില്‍ കരുത്താകും. പുതിയ പദവിയിലേക്ക് അദ്ദേഹം ഉടന്‍ തന്നെ ചുമതലയേല്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.