തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും സി.പി.എമ്മിലും വന്‍ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി. ശശി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി സൂചന. പാര്‍ട്ടിയിലെ ഭാരിച്ചതും തന്ത്രപ്രധാനവുമായ ഉത്തരവാദിത്തങ്ങളിലേക്ക് ഇനി താനില്ലെന്ന നിലപാടിലാണ് അദ്ദേഹം. പകരം, ‘പീപ്പിള്‍സ് ലോ ഫൗണ്ടേഷന്’ എന്ന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെ നിയമപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു മുന്നോട്ട് പോകാനാണ് ശശിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കണ്ണൂരിലെ സി.പി.എം രാഷ്ട്രീയം ആഭ്യന്തര തര്‍ക്കങ്ങളാലും വിഭാഗീയതകളാലും വീണ്ടും കലങ്ങിമറിയുന്ന സാഹചര്യത്തിലാണ് വിവാദങ്ങളില്‍ നിന്നും അധികാരകേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വ്വം അകന്നുനില്ക്കാനുള്ള പി. ശശിയുടെ ഈ അപ്രതീക്ഷിത തീരുമാനം. നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമായ പി. ശശി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയുടെ ശക്തമായ കോട്ടയായ കണ്ണൂരിലെ തലശ്ശേരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. എന്നാല്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല. തലശ്ശേരിയില്‍ മത്സരിക്കാന്‍ അനുമതി ലഭിക്കാതിരുന്നതും, തുടര്‍ന്ന് പാര്‍ട്ടിക്ക് അകത്തും പുറത്തും ഉയര്‍ന്നുവന്ന കടുത്ത ആക്ഷേപങ്ങളും അദ്ദേഹത്തെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പോലീസ് ഭരണം, ആഭ്യന്തര വകുപ്പിലെ അനാവശ്യ ഇടപെടലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന കടുത്ത ആരോപണങ്ങളും, പി.വി. അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ പരസ്യമായ വെല്ലുവിളികളും പി. ശശിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ ശശിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ രംഗത്തുവന്നതും കണ്ണൂരിലെ പഴയ അധികാര സമവാക്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയൊരു വിവാദത്തിന് കൂടി വഴിമരുന്നിടാന്‍ അദ്ദേഹം താല്പര്യപ്പെടുന്നില്ല.
സജീവ രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്നാക്കം പോകുമെങ്കിലും, തന്റെ അഭിഭാഷക പരിചയവും നിയമപാടവവും ഉപയോഗിച്ച് പൊതുരംഗത്ത് സജീവമായിരിക്കാനാണ് ശശിയുടെ തീരുമാനം. ഇതിനായി രൂപീകരിച്ച ‘പീപ്പിള്‍സ് ലോ ഫൗണ്ടേഷന്’ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കും. സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന നിയമപരമായ പ്രതിസന്ധികളില്‍ ഇടപെടുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയുമാണ് ഈ സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലം മുതല്ക്കേ മുഖ്യമന്ത്രിമാരുടെ വിശ്വസ്തനായ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തിളങ്ങിയ ചരിത്രമാണ് പി. ശശിക്കുള്ളത്. പിണറായി വിജയന് മന്ത്രിസഭയിലും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അണിയറയിലെ കരുത്തുറ്റ ചാണക്യനായി ശശി പ്രവര്‍ത്തിച്ചു. എന്നാല്‍ കണ്ണൂര്‍ ലോബിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ മുറുകിയതോടെ ശശിയും പാര്‍ട്ടിയില്‍ വല്ലാത്തൊരു അവസ്ഥയിലായി. അധികാര രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തില്‍ നിന്നും നിയമസഹായ വേദികളിലേക്ക് ചുവടുമാറ്റുന്നതിലൂടെ പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ വായടപ്പിക്കാമെന്നും പി. ശശി കരുതുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തി പരസ്യമാക്കാതെ, സന്നദ്ധ പ്രവര്‍ത്തനത്തിന്റെ വഴി സ്വീകരിക്കുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്.
കണ്ണൂരിലെ സി.പി.എം കോട്ടകളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കാലയളവില്‍ പി. ശശിയെപ്പോലൊരു പ്രമുഖ നേതാവ് പിന്‍വാങ്ങുന്നത് പാര്‍ട്ടി അണികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായ നിഴലായിരുന്ന ഒരാള്‍ ഭരണകേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടി വേദികളില്‍ നിന്നും അകലം പാലിക്കുന്നത് പുതിയ അധികാര സമവാക്യങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാന സമിതി യോഗങ്ങളിലും മറ്റ് പാര്‍ട്ടി പരിപാടികളിലും പി. ശശിയുടെ സാന്നിധ്യം എത്രത്തോളമുണ്ടാകുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യമാണ്. പാര്‍ട്ടിയുമായി പൂര്‍ണ്ണമായി ബന്ധം വേര്‍പെടുത്താതെ തന്നെ, ദൈനംദിന രാഷ്ട്രീയ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കും.
സി.പി.എം കോട്ടകളില്‍ ഇനിയൊരു വന്‍ പൊട്ടിത്തെറി ഒഴിവാക്കാനും, തന്റെ വ്യക്തിപരമായ പ്രതിച്ഛായ വീണ്ടെടുക്കാനും പീപ്പിള്‍സ് ലോ ഫൗണ്ടേഷനിലൂടെയുള്ള ഈ രണ്ടാം വരവ് പി. ശശിയെ സഹായിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്തായാലും കേരള രാഷ്ട്രീയത്തിലെ അണിയറക്കഥകളില്‍ എന്നും നിറഞ്ഞുനിന്ന ‘കണ്ണൂരിലെ ആ കരുത്തന്’ ഇനി നിയമത്തിന്റെ വഴിയെയാകും സഞ്ചരിക്കുക.


മോദിയെ അപഹസിക്കുന്ന AI വീഡിയോകൾ; കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ ; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ രണ്ട് കേസുകൾ!
58 എൻജിനീയറിങ് കോളേജുകൾ പൂട്ടിയത് എന്തുകൊണ്ട്? രാജ്യത്തിന്റെ വളർച്ച എങ്ങോട്ട്!







