പ്രിയമായോ പ്രിയദർശിനി യാത്ര : വനിതാ യാത്രികരുടെ എണ്ണത്തിൽ വർധനവ്.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനവ്. സാധാരണക്കാരായ സ്ത്രീകളുടെ യാത്രാ ചെലവുകളിൽ വലിയ ആശ്വാസമേകുന്നതാണ് പുതിയ പദ്ധതിയെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പദ്ധതി വൻ വിജയമാകുമ്പോഴും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യതയും ബസുകളിലെ അമിത തിരക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ജൂൺ 16-ലെ കണക്കുകൾ പ്രകാരം 11.8 ലക്ഷം സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ജൂലൈ ആദ്യ വാരത്തോടെ (ജൂലൈ 7) ഇത് 14.8 ലക്ഷമായി ഉയർന്നു. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിലയിരുത്തൽ.

സ്ത്രീകൾക്ക് സാമ്പത്തിക കൈത്താങ്ങ്
ദൈനംദിന യാത്രകൾക്കായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന തങ്ങൾക്ക് പ്രതിമാസം 3,000 രൂപയോളം ലാഭിക്കാൻ ഈ പദ്ധതി വഴി സാധിക്കുന്നുണ്ടെന്ന് വനിതാ യാത്രക്കാർ പറയുന്നു. കുടുംബ ബഡ്ജറ്റിൽ വലിയൊരു തുക മിച്ചം പിടിക്കാൻ സാധിക്കുന്നത് സാധാരണക്കാരായ വീട്ടമ്മമാർക്കും ജോലിക്ക് പോകുന്ന സ്ത്രീകൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

സർക്കാരിന് വർധിക്കുന്ന സാമ്പത്തിക ബാധ്യത
പദ്ധതി ജനപ്രിയമായതോടെ സർക്കാരിന്റെ സാമ്പത്തിക ബാധ്യതയും കുതിച്ചുയരുകയാണ്. തുടക്കത്തിൽ പ്രതിമാസം 60 കോടി രൂപയാണ് ഈ ഇനത്തിൽ അധിക ചിലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം ഇത് 90 കോടി രൂപയായി വർധിച്ചിരിക്കുന്നു.

നിലവിൽ ജീവനക്കാരുടെ ശമ്പളത്തിനായി 50 കോടി രൂപയും, പെൻഷൻ വിതരണത്തിനായി 75 കോടി രൂപയും നൽകുന്നതിന് പുറമെ, സൗജന്യ യാത്രയുടെ 90 കോടി കൂടി ചേരുമ്പോൾ സർക്കാരിന്റെ ആകെ പ്രതിമാസ ബാധ്യത 215 കോടി രൂപയായി ഉയരും. ഇത് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.

തിരക്കും യാത്രാ ദുരിതവും
യാത്രക്കാരുടെ എണ്ണം അമിതമായി വർധിച്ചത് ബസുകളിൽ വലിയ തിരക്കിന് കാരണമാകുന്നുണ്ട്. പല സ്റ്റോപ്പുകളിലും ബസുകൾ നിർത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇത് കൃത്യസമയത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും എത്തേണ്ട ജീവനക്കാരെയും വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിക്കുന്നു.

സൗജന്യ യാത്രയുടെ മറവിൽ ചില അനാവശ്യ യാത്രകൾ നടക്കുന്നുണ്ടെന്ന പരാതിയും കണ്ടക്ടർമാർ പങ്കുവെക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനും പദ്ധതി വലിയ തോതിൽ സഹായിക്കുന്നുണ്ടെങ്കിലും, യാത്രാ ദുരിതം ഒഴിവാക്കാനും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കൂടുതൽ ബസുകൾ നിരത്തിലിറക്കുക അടക്കമുള്ള അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.