ലണ്ടനിലെ ആ വലിയ സംഗീതവേദിയിൽ, ഇളയരാജയുടെ മാസ്മരിക ഈണങ്ങൾക്കൊപ്പം പാടുമ്പോൾ പ്രിയഗായിക ശ്വേതാ മോഹന്റെ സ്വരമിടറി, വാക്കുകൾ മുറിഞ്ഞു. വേദിയിൽ നിയന്ത്രിക്കാനാവാതെ പോയ ആ വൈകാരിക നിമിഷത്തിന്റെ വീഡിയോ അവർതന്നെയാണ് പോസ്റ്റ് ചെയ്തത്. സംഗീത ലോകത്തിന്റെ പ്രിയപ്പെട്ട ‘ജാനകിയമ്മയെ’ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോയതിന്റെ ആഴമേറിയ സങ്കടമാണ് ശ്വേത പങ്കുവെച്ചത് .
മുൻകൂട്ടി നിശ്ചയിച്ച വിദേശത്തെ സംഗീതപരിപാടി ഒഴിവാക്കാൻ കഴിയാത്തതിനാലാണ് തനിക്ക് നാട്ടിലെത്താൻ സാധിക്കാതിരുന്നതെന്ന് ശ്വേത പറഞ്ഞു .മാനസികമായി ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ദയവുചെയ്ത് തന്നെ കൂടുതൽ വേദനിപ്പിക്കരുതെന്നും താരം കുറിപ്പിലൂടെ പറയുകയുണ്ടായി .
മൂന്ന് വീഡിയോകളാണ് ശ്വേതാ മോഹൻ കുറിപ്പിനൊപ്പം പങ്കുവെച്ചത്. ഇതിൽ ആദ്യത്തെ വീഡിയോയിലാണ് എസ്. ജാനകിയുടെ ഗാനത്തിന്റെ ഹമ്മിങ് ആലപിക്കുമ്പോൾ ശ്വേതയുടെ സ്വരമിടറുന്നത്. ഇത് ശ്രദ്ധയിൽപ്പെടുന്ന ഇളയരാജ ശ്വേതയെ ആശ്വസിപ്പിക്കുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായുള്ള വീഡിയോകളാണ് തുടർന്നുള്ളത്. ഈ വീഡിയോകൾക്കൊപ്പമാണ് എസ്. ജാനകിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാതിരുന്ന കാരണം ഗായിക വിശദീകരിക്കുന്നത്.
‘ഇല്ലാത്ത പ്രശ്നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ
“ജാനകിയമ്മയുടെ മരണാനന്തര ചടങ്ങുകളിൽ ഞാൻ എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. കാരണം ഞാൻ ലണ്ടനിലെ രാജാ സാറിന്റെ കച്ചേരിയിൽ പങ്കെടുക്കുകയായിരുന്നു. അവരുടെ വേർപാടിന് മണിക്കൂറുകൾക്ക് ശേഷം സംഗീതം കൊണ്ട് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ഭാഗ്യവാന്മാരായ ഒരു കൂട്ടം ആളുകളായിരുന്നു ഞങ്ങൾ.
അവസാനമായി ഒരിക്കൽക്കൂടി അവരെ കാണാനും അനുഗ്രഹം വാങ്ങാനും സാധിക്കാതെ പോയതിലുള്ള വിഷമം ലോകത്തോട് വിശദീകരിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. വേദനയിലും മരവിച്ച അവസ്ഥയിലും അവരുടെ പ്രശസ്തമായ ഗാനങ്ങൾ പാടാൻ ശ്രമിക്കുമ്പോൾ, ഓരോ വരി പാടുമ്പോഴും ആ യാഥാർത്ഥ്യം കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്നു.
എല്ലാം വ്യക്തമായി വിശദീകരിച്ചാൽ മാത്രമേ മനസിലാക്കാനും അംഗീകരിക്കാനുംകഴിയൂ എന്ന ഈ കാലത്ത്, ഇതേക്കുറിച്ച് എന്നോട് ആത്മാർത്ഥമായി ചോദിച്ച എല്ലാവരോടും എനിക്ക് എന്തുകൊണ്ട് അവിടെയെത്താൻ കഴിഞ്ഞില്ല എന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആംബുലൻസിൽ നിന്ന് വീഡിയോ കോളിലൂടെ ഞാൻ അമ്മയെ കണ്ടിരുന്നു, അവരുടെ അനുഗ്രഹം വാങ്ങിയിരുന്നു. സുഹൃത്ത് രാമു ഗാരു വഴിയാണ് അത് സാധ്യമായതെന്ന് ഞാൻ വിശ്വസിക്കുന്നു. രാമു ഗാരുവിന് നന്ദി. എനിക്കറിയാം, അവരുടെ ഹൃദയത്തിൽ എനിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു, എന്റെ ഹൃദയത്തിൽ അവർക്കുള്ള സ്ഥാനവും എപ്പോഴും അങ്ങനെതന്നെ നിലനിൽക്കും.
എന്നെ പരിഹസിച്ചുകൊണ്ട് ചോദ്യം ചെയ്ത എല്ലാവരോടും, ഇത് വൈകാരികമായി വളരെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ദയവായി മനസ്സിലാക്കുക. അതിനാൽ, എന്നെ കൂടുതൽ വേദനിപ്പിക്കരുത്.” ശ്വേതാ മോഹന്റെ കുറിപ്പ് ഇങ്ങനെ.
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് എസ്. ജാനകിയെ ആശുപത്രിയിലെത്തിച്ചത്. വൈകീട്ടോടെ അന്തരിച്ചു. ഏകമകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം. സ്വന്തമെന്ന് ഓരോ ഭാഷക്കാർക്കും തോന്നുംവിധമായിരുന്നു ജാനകിയുടെ ആലാപനം.
60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.
View this post on Instagram


മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു







