തിരുവനന്തപുരം: പരാതിക്കാരന്റെ മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ.
ഇരയായ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ തുക കുറ്റക്കാരനായ എസ്ഐയുടെ ശമ്പളത്തിൽ നിന്ന് തന്നെ ഈടാക്കി പരാതിക്കാരന് നൽകാൻ സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ്.
2023-ൽ തിരുവനന്തപുരം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് വിവാദപരമായ ഈ സംഭവം നടന്നത്. കുടുംബകോടതിയിൽ നിലവിലിരുന്ന ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട്, ഭാര്യയ്ക്ക് ഭർത്താവ് അയച്ച ഒരു സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാനാണ് ചിറയിൻകീഴ് എസ്ഐ ആയിരുന്ന സുമേഷ് ലാൽ പരാതിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
സ്റ്റേഷനിൽ വെച്ചുണ്ടായ സംസാരത്തിനിടയിൽ പ്രകോപിതനായ എസ്ഐ, ചിറയിൻകീഴ് കൂരട സ്വദേശിയായ ശ്രീനാഥ് എന്ന യുവാവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമത്തിനെതിരെ ശ്രീനാഥ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
തുടർന്ന് കമ്മീഷൻ നടത്തിയ വിശദമായ അന്വേഷണത്തിൽ യുവാവിന്റെ പരാതി പൂർണ്ണമായും സത്യമാണെന്ന് ബോധ്യപ്പെടുകയും, ശ്രീനാഥിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു.
സാധാരണയായി ഇത്തരം സംഭവങ്ങളിൽ പോലീസ് നടപടികളെ സോഷ്യൽ മീഡിയയിലടക്കം പലരും പിന്തുണയ്ക്കാറുണ്ടെങ്കിലും, നിയമവിരുദ്ധമായ ഇത്തരം പ്രയോഗങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണ് മനുഷ്യാവകാശ കമ്മീഷൻ എത്തിയത്.
കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട്, എസ്ഐയുടെ ശമ്പളത്തിൽ നിന്ന് തന്നെ ഈ തുക ഈടാക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.


വിദ്യാർഥികൾക്ക് ലഹരി മരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ എംഡിഎംഎയുമായി പിടിയിൽ
651 കോടി കുടിശിക; കാരുണ്യ പദ്ധതി വഴി ചികിത്സ നൽകാനാകാതെ സർക്കാർ ആശുപത്രികൾ







