വിസ്മയ മോഹൻലാൽ പഠിച്ചതും വളർന്നതും വിയറ്റ്നാമിൽ; രാഷ്ട്രീയമറിയില്ല, ഒരു തെരുവ് പട്ടിയെ കണ്ടാൽ പോലും രക്ഷിക്കൂ, എന്നുപറയുന്ന മനുഷ്യത്വമുള്ള കുട്ടി ; പ്രതികരണവുമായി മേജർ രവി”

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയിരുന്നു . പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മേജർ രവി രംഗത്തെത്തിയിരിക്കുകയാണ് .

വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് മേജർ രവി പറയുന്നു . പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജർ രവി പറഞ്ഞു.

‘നിങ്ങളുടെ ഫ്രണ്ടിന്റെ മകളുടെ കാര്യം എന്നും പറഞ്ഞ് കുറച്ചാളുകൾ എന്നെ വിളിക്കുന്നുണ്ട്. ജനിച്ച കാലം തൊട്ട് കാണുന്ന പെൺകുട്ടിയാണ് മായ. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയാം. ആ കുട്ടിക്ക് രാഷ്ട്രീയപരമായ ഒരു അറിവും ഇല്ല. മനുഷ്യത്വമുള്ള, ഒരു തെരുവ് പട്ടിയെ കണ്ടാൽ അതിനെ രക്ഷിക്കൂ, എടുത്തുകൊണ്ട് വരൂ എന്നുപറഞ്ഞ് പിന്നാലെ കരഞ്ഞുകൊണ്ട് നടക്കുന്ന മായയെ ഞാൻ കണ്ടിട്ടുണ്ട്’, എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ.

‘മായ പഠിച്ചതും വളർന്നതുമെല്ലാം വിയറ്റ്‌നാമിലായിരുന്നു. അവിടെ ഒരു തെരുവുപട്ടിയെ ഒരാൾ അക്രമിക്കുന്നത് കണ്ട്, അതിനെ ദത്തെടുത്ത് ഇന്ത്യയിലെ സർക്കാരുമായി സംസാരിച്ച് അനുമതി വാങ്ങി അതിനെയിപ്പോൾ വീട്ടിൽ വളർത്തിക്കൊണ്ടിരിക്കുയാണ്. ഇതാണ് ആ കുട്ടിയുടെ മനസ്. ഒരു കുട്ടിയെ അടിക്കുന്നതുകണ്ട വികാരത്തിൽ പങ്കുവെച്ച പോസ്റ്റാണ്. അതിനെ കോക്രോച്ച് പാർട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്നു. മായയ്ക്ക് ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല’, മേജർ രവി പറഞ്ഞു.

ജന്തർ മന്തറിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ആരോപിച്ചു. ‘പലരും ചോദിച്ചു തുടങ്ങിയിരുന്നു നീറ്റിന്റെ പ്രക്ഷോഭം ഡൽഹിയിൽ നടക്കുകയാണ്, എന്താണ് ഒരു പ്രതികരണവും കണ്ടില്ല എന്ന്. ആദ്യം കാണുന്ന സമയത്ത് നമുക്കെല്ലാവർക്കും ഉള്ള ഒരു ഫീലിംഗ് പോലെ തന്നെയാണ് എനിക്കുണ്ടായത്. കുട്ടികളെ അടിക്കുന്നു അല്ലെങ്കിൽ അതിന്റെ ഷോട്ടുകൾ കാണുന്ന സമയത്ത് നമുക്ക് വിഷമം തോന്നും. കുട്ടികളെ വെറുതെ അടിക്കുകയാണ് എന്നുള്ളതല്ല, പക്ഷെ അതിൽ എവിടെയായിരുന്നു കുട്ടികൾ എന്നുള്ളത് പിന്നീട് തിരഞ്ഞപ്പോഴാണ് മനസ്സിലാകുന്നത്. കുട്ടികൾ കുറവും കുട്ടന്മാരായിരുന്നു കൂടുതൽ ഉണ്ടായിരുന്നു’, മേജർ രവി പരിഹസിച്ചു.

‘ഞാൻ ലഡാക്കിൽ ജോലി ചെയ്യുന്ന സമയത്ത് സോനം വാങ്ചുക്കിന്റെ പ്രവർത്തികളൊക്കെ തുടങ്ങിയത് വളരെ ന്യൂട്രൽ ആയിട്ടായിരുന്നു. പരിസ്ഥിതി പോലുള്ള കാര്യങ്ങളൊക്കെ ആയിട്ടായിരുന്നു തുടങ്ങിയത്. പക്ഷേ പിന്നീട് പെട്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ മാറ്റം. ഫൈനാൻഷ്യലി എവിടെന്നോ കുറെ ഫണ്ട് വരാൻ തുടങ്ങി. ഇദ്ദേഹം ഇപ്പോൾ ഡൽഹിയിൽ നിരാഹാരം നടത്തുന്നു. അതിന്റെ തുടക്കം നീറ്റ് എക്‌സാമിനേഷന്റെ ചോദ്യപ്പേപ്പർ ചോർന്നു, അതിന് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നു പറഞ്ഞാണ്. ഇത് തുടങ്ങുന്നത് അമേരിക്കയിൽ നിന്നുള്ള ഒരാളിൽ നിന്നാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അമേരിക്കയിൽ എൻജിനീയറിങ് പഠിച്ച് അവിടെ എന്തൊക്കെയോ ചെറിയ ജോലി ഒക്കെ ചെയ്തിരിക്കുന്ന ഒരാൾ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിൻ ഇറക്കുന്നു- ‘കോക്രോച്ച് ക്യാമ്പയിൻ’. അത് കഴിഞ്ഞ് ആ ആള് പെട്ടെന്ന് അവിടുന്ന് ഫ്‌ലൈറ്റ് പിടിച്ച് ഡൽഹിക്ക് വരുന്നു. സോഷ്യൽ മീഡിയയിലൂടെ കിട്ടിയിരിക്കുന്ന കുറെ ഫ്രസ്‌ട്രേറ്റഡ് ആയ യുവാക്കൾ ഇതിൽ ചേരുന്നു. കേരളത്തിലെ പോലും ചില ആർട്ടിസ്റ്റുകൾ അവിടെ പോയി ഒച്ചയുണ്ടാക്കുന്നുണ്ട്. അവർക്ക് ബേസിക്കലി ഇവിടെ വലിയ പണിയൊന്നുമില്ല. ടിവിയിൽ മുഖം കാണിക്കാനാണ് അവർ ശ്രമിക്കുന്നത്’, സംവിധായകൻ കുറ്റപ്പെടുത്തി.

‘പ്രക്ഷോഭം തുടങ്ങിയത് നീറ്റിന്റെ പ്രശ്‌നത്തിലാണ്. ചോദ്യപേപ്പർ ചോരുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2004-ലും 2014-ലും കോൺഗ്രസ് ഭരിക്കുന്ന സമയത്തും ഇതുണ്ടായിട്ടുണ്ട്. ഇത് മോദി ഗവൺമെന്റിന്റെ മാത്രം കാലത്തല്ല. അവിടെ പ്രക്ഷോഭത്തിന് പോയിരിക്കുന്ന പലർക്കും നീറ്റ് എന്താണെന്നുപോലും അറിയില്ല. സിബിഎസ്ഇയുടെ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെയുള്ളത്. ഇതൊരു നാഷണലിസ്റ്റിക് ചിന്താഗതിയോടെ നോക്കിയാൽ ഇതിന്റെ തുടക്കം അമേരിക്കയിൽ നിന്നുള്ള സോറോസിന്റെ ഫണ്ടിംഗിൽ നിന്നാണ്. ഏകദേശം 40 ഓളം ചെറിയ രാഷ്ട്രങ്ങളെ ഇല്ലാതാക്കിയ വ്യക്തിയാണ് അദ്ദേഹം. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ അദ്ദേഹം ഇത്തരം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വീട് ഈ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള മേഖലയാണ്. അവിടെ പോയി പ്രതിഷേധിക്കാൻ നോക്കിയാൽ പോലീസ് നടപടിയുണ്ടാകും. സമാധാനപരമായി പ്രതിഷേധിക്കുന്നു എന്ന് പറയുന്നവർ പോലീസിന്റെ വണ്ടികൾ തകർക്കുന്നു, പോലീസിന് നേരെ പെപ്പർ സ്‌പ്രേ അടിക്കുന്നു. ഇതിന് തിരിച്ചടി കിട്ടും’, അദ്ദേഹം പറഞ്ഞു.

ഇത് ഫോറിൻ ഫണ്ടഡ് ആയിട്ടുള്ള ഒരു പ്രക്ഷോഭമാണ്. ഇപ്പോൾ ഇതിന്റെ മുദ്രാവാക്യം ‘മോദി കോ ഹട്ടാവോ’ എന്നാണ്. രാഹുൽ ഗാന്ധി അവിടെ വന്ന് ഷോ ഓഫ് നടത്തുകയാണ്. ബിഗ് ബോസിലേക്ക് എൻട്രി കിട്ടാൻ വേണ്ടിയാണ് ചില ആർട്ടിസ്റ്റുകൾ അവിടെ പോകുന്നത്. ഇന്ത്യയിൽ നിന്നുള്ള കുട്ടികൾ ലണ്ടനിലും ഷിക്കാഗോയിലുമൊക്കെ പഠിക്കാൻ പോകുമ്പോൾ ആ രാജ്യങ്ങൾക്ക് 3.7 ബില്യൺ ഡോളറിന്റെ വരുമാനം ലഭിക്കുന്നുണ്ട്. പുതിയ എഡ്യൂക്കേഷൻ പോളിസി നടപ്പിലായാൽ ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം ആഗോള നിലവാരത്തിലേക്ക് ഉയരും. അപ്പോൾ ഈ വരുമാനം വിദേശ രാജ്യങ്ങൾക്ക് നഷ്ടപ്പെടും. അതുകൊണ്ടാണ് സോറോസ് ഫണ്ടിംഗിലൂടെ എഡ്യൂക്കേഷണൽ പോളിസിയെ തകർക്കാൻ ശ്രമിക്കുന്നത്. മോദി ഗവൺമെന്റിനെ താഴെയിറക്കിയാൽ മാത്രമേ അവർക്ക് ഇഷ്ടമുള്ളവരെ അധികാരത്തിൽ ഇരുത്താൻ കഴിയൂ’, അദ്ദേഹം ആരോപിച്ചു.

‘ഈ പ്രക്ഷോഭത്തിൽ വിളിക്കുന്ന മുദ്രാവാക്യങ്ങൾ നോക്കൂ – ‘ഫ്രീ ഉമർ ഖാലിദ്’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’, ‘ബാൻ ഗ്രേറ്റ് നിക്കോബാർ പ്രോജക്ട്’. ഇതിന് നീറ്റുമായി എന്ത് ബന്ധമാണുള്ളത്?. വാങ്ചുക്കിനെ പോലുള്ളവർ പട്ടിണി കിടക്കുമ്പോൾ അമേരിക്കയിൽ നിന്നുള്ളവർ അവിടെ ബിരിയാണിയും പുട്ടും അടിച്ച് നടക്കുന്നു. ഇത് നീറ്റ് പ്രശ്‌നമല്ല, മോദിയെ താഴെയിറക്കാനുള്ള നീക്കമാണ്. പരാജയപ്പെട്ട കർഷക സമരക്കാരെയും ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ ഫുഡ് പാക്കേജിനും മറ്റും ഫണ്ടിംഗ് വരുന്നത് വിദേശത്ത് നിന്നാണ്. അവിടെ പ്രതിഷേധിക്കാൻ വന്നവർക്ക് ഒരു എലിജിബിലിറ്റിയുമില്ല. സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് പലരും അവിടെയുള്ളത്. അവിടെ ഒരു മാധ്യമപ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമം നാം കണ്ടതാണ്’, മേജർ രവി കൂട്ടിച്ചേർത്തു.

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.