എസ്.നിരഞ്ജന്
തിരുവനന്തപുരം: ദേവസ്വം പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരിനും മന്ത്രി കെ. മുരളീധരനും നാണക്കേടുണ്ടാക്കിയ ‘സ്വര്‍ണക്കൊള്ള’ വിവാദത്തിന് പിന്നിലെ നോട്ട പിശക് കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ കേസുകള്‍ കൈകാര്യം ചെയ്യേണ്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ച സംഭവത്തില്‍ മന്ത്രിയുടെ രണ്ട് അഡീ.പ്രൈവറ്റ് സെക്രട്ടറിമാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരാണ് ഇരുവരും. സര്‍വീസിലുളള ഇവരുടെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഗുരുതരമായ അനാസ്ഥയും വീഴ്ചയും സംഭവിച്ചതിനെത്തുടര്‍ന്നാണ് നടപടി. പുറത്താക്കുന്ന രണ്ടു പേരും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നു.
ഏതായാലും, യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം തികയും മുന്‍പേ ഉണ്ടായ വിവാദങ്ങളില്‍ മന്ത്രി മുരളീധരന് പെട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. സംഭവത്തില്‍ ‘ആരുടെയും തലയില്‍ വെച്ചുകെട്ടാനില്ല, കൂട്ടുത്തരവാദിത്തമുണ്ട്’ എന്ന് ആദ്യം പ്രതികരിച്ച മന്ത്രി, പിന്നീട് സ്വന്തം ഓഫീസില്‍ തന്നെ ശുദ്ധികലശം നടത്തി. ഭക്തരുടെ വിശ്വാസം തകര്‍ക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് മന്ത്രി മുരളീധരന്.
FIRST ON MANGALAM TV | ഇ.ഡി ആക്രമണക്കേസില്‍ ഗീനാകുമാരി തെറിച്ചു; എ.സന്തോഷ്കുമാർ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനായി ഹാജരായ കെ.ബി. പ്രദീപിനെ ദേവസ്വം പ്രോസിക്യൂട്ടറായി നിയമിച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ശബരിമലയില്‍ നിന്നും ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പരസ്യമായി വാദിച്ച അഭിഭാഷകനെത്തന്നെ ദേവസ്വം ബോര്‍ഡിന്റെ ഭാഗമാക്കിയതാണ് കടുത്ത ദുരൂഹതകള്‍ക്ക് വഴിവെച്ചത്. ഒരു അഭിഭാഷകന്റെ പശ്ചാത്തലം പരിശോധിക്കാതെ ഇത്തരമൊരു നിയമനത്തിന് ശിപാര്‍ശ നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിവാദമായതോടെ പ്രദീപിനെക്കൊണ്ട് രാജിവെപ്പിച്ച് സര്‍ക്കാര്‍ തലയൂരുകയായിരുന്നു. എന്നാല്‍, മന്ത്രി കെ. മുരളീധരന് ഈ വീഴ്ചയെ വെറുതെ വിട്ടില്ല. നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിച്ച ഫയലില്‍, ഇത്രയും വലിയൊരു അപാകത എങ്ങനെ സംഭവിച്ചു എന്ന് മന്ത്രി നടത്തിയ അന്വേഷണമാണ് ഓഫീസിലെ രണ്ട് സ്റ്റാഫുകളിലേക്ക് വിരല്‍ ചൂണ്ടിയത്. നിയമന പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ഘട്ടത്തില്‍ അശ്രദ്ധ കാണിച്ചോ അതോ ബോധപൂര്‍വ്വം പ്രതിഭാഗം അഭിഭാഷകനെ തിരുകിക്കയറ്റിയോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
മന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ ഉത്തരവാദിത്ത വീഴ്ചയെ അതീവ ഗൗരവത്തോടെയാണ് മന്ത്രി മുരളീധരന് കണ്ടത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള നിയമവകുപ്പിന്റെയും എ.ജിയുടെയും പരിശോധനകള്‍ കടന്നുവന്ന ഒരു ഫയലില്‍, ഇത്തരമൊരു ‘നോട്ടപ്പിശക്’ സംഭവിച്ചത് വെറും അബദ്ധമാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി കേന്ദ്രങ്ങളും. ഈ വീഴ്ചയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ വിശദമായ പരിശോധന നടക്കുന്നുണ്ട്.
സ്റ്റാഫംഗങ്ങളെ മാറ്റിയത് കേവലം ഒരു നടപടി മാത്രമായി കാണേണ്ടതില്ലെന്നാണ് മന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍. വരാനിരിക്കുന്ന വലിയ അഴിച്ചുപണികളുടെ തുടക്കമാണിത്. തന്റെ ഓഫീസില്‍ അനാസ്ഥ കാട്ടുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് മുരളീധരന് ഇതിലൂടെ നല്‍കുന്നത്. ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ നിയമന വിവാദത്തിന് പിന്നാലെ, ചിലര്‍ കടുത്ത നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് ഓഫീസ് ജീവനക്കാര്‍.


EXCLUSIVE ബിസ്ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന് പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന് രാജ് മോഹന്‍ പിള്ള







