തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു വേട്ടയാടുന്ന വയനാടിനെ വീണ്ടുമൊരു വന്‍ വിപത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, വിവാദമായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയ്ക്ക് വഴിവിട്ട് അനുമതി നല്‍കാന്‍ നീക്കം നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശാസ്ത്രീയ പഠനങ്ങള്‍ വേണമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചിറകരിഞ്ഞ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നടപടികളാണ് ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദുരന്തസാധ്യത മുന്‍കൂട്ടി കണ്ട് അതോറിറ്റി ഉന്നയിച്ച തടസ്സവാദങ്ങളെയും ഐ.ഐ.ടി. പഠന നിര്‍ദ്ദേശത്തെയും ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമായതോടെ, വയനാടിന്റെ ഇപ്പോഴത്തെ ദുരന്തത്തിന് ഉത്തരവാദി ഡോ. എ. ജയതിലക് ആണോ എന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും ശക്തമായി ഉയരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ചീഫ് സെക്രട്ടറി പദത്തില്‍ നിന്നും ജയതിലക് വിരമിച്ചത്.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ നിര്‍ദ്ദിഷ്ട തുരങ്കപ്പാതയുടെ നിര്‍മ്മാണ അനുമതിക്കായി വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയാണ് (ഡി.ഡി.എം.എ.) ആദ്യം സമീപിച്ചിരുന്നത്. മല തുരന്നുള്ള ഇത്തരം വന്‍ പദ്ധതികള്‍ വയനാടിന്റെ ഭൂഗര്‍ഭ ജലഘടനയെയും മണ്ണിന്റെ സ്ഥിരതയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നതിനാല്‍, ഡി.ഡി.എം.എ. ഈ അപേക്ഷ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ.) വിദഗ്ദ്ധ അഭിപ്രായത്തിനായി കൈമാറി. പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സികള്‍ സ്വന്തം നിലയില്‍ തയ്യാറാക്കുന്ന പരിസ്ഥിതി ആഘാത പഠനങ്ങള്‍ പലപ്പോഴും നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കെ.എസ്.ഡി.എം.എ. യോഗത്തില്‍ പങ്കെടുത്ത രണ്ട് പ്രമുഖ ശാസ്ത്രജ്ഞര്‍ ശക്തമായി വാദിച്ചിരുന്നു. ഇതിന് പകരമായി ഐ.ഐ.ടി. പോലുള്ള രാജ്യത്തെ മുന്‍നിര സ്വതന്ത്ര സ്ഥാപനങ്ങളെക്കൊണ്ട് പ്രത്യേക പഠനം നടത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ശാസ്ത്രീയ മുന്നറിയിപ്പുകളെയും നിര്‍ദ്ദേശങ്ങളെയും പൂര്‍ണ്ണമായി തള്ളിക്കളയുന്ന സമീപനമാണ് ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായത്.
അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ദുരന്തനിവാരണ അതോറിറ്റിയെ വെറും നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ദുരന്തനിവാരണ നിയമപ്രകാരം പാരിസ്ഥിതിക ആഘാത പഠനത്തിന്മേല്‍ വിധി പറയാനോ അനുമതികള്‍ നല്‍കാനോ ഡി.ഡി.എം.എ.യ്‌ക്കോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കോ യാതൊരു നിയമപരമായ അധികാരവുമില്ലെന്ന സാങ്കേതിക വാദമാണ് ചീഫ് സെക്രട്ടറി ഉയര്‍ത്തിയത്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം നിരീക്ഷിച്ചു. ‘തുടര്‍പഠനങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ലെന്നും പാരിസ്ഥിതിക അനുമതികള്‍ പരിശോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് മാന്‍ഡേറ്റ് ഇല്ലെന്നും വ്യക്തമാക്കി അപേക്ഷകള്‍ ഉടന്‍ തന്നെ വയനാട് ഡി.ഡി.എം.എ.യ്ക്ക് മടക്കിനല്‍കാന്‍ കെ.എസ്.ഡി.എം.എ. മെമ്പര്‍ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.’
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ
കൊങ്കണ്‍ റെയില്‍വേയുടെ അപേക്ഷ മാസങ്ങളോളം വെച്ചുകൊണ്ടിരുന്നു എന്ന് ആരോപിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ നടപടിയെ അദ്ദേഹം യോഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സുതാര്യമായ സ്വതന്ത്ര പഠനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും, നിര്‍മ്മാണ കമ്പനികള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കാന്‍ വഴിയൊരുക്കുകയും ചെയ്ത ചീഫ് സെക്രട്ടറിയുടെ ഈ അമിത തിടുക്കത്തിന് പിന്നില്‍ അസ്വാഭാവികമായ താല്പര്യങ്ങളുണ്ടായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. തുരങ്ക നിര്‍മ്മാണത്തിനായി മലനിരകള്‍ തുരക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ്, ഭൂഗര്‍ഭ നീരൊഴുക്കുകളിലെ മാറ്റം എന്നിവയെക്കുറിച്ച് ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടും പഠിപ്പിക്കേണ്ടതില്ലെന്ന ചീഫ് സെക്രട്ടറിയുടെ ശാഠ്യമാണ് വയനാടിനെ വലിയൊരു ദുരന്തമുഖത്തേക്ക് തള്ളിവിട്ടതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ദുരന്തങ്ങള്‍ തടയാന്‍ ബാധ്യതപ്പെട്ട ഒരു അതോറിറ്റിയുടെ കൈയും കാലും കെട്ടിയിട്ട്, വന്‍കിട ലോബികള്‍ക്ക് പരവതാനി വിരിച്ചു നല്‍കിയ അന്നത്തെ ചീഫ് സെക്രട്ടറിയുടെ നിലപാട് ചട്ടലംഘനവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
ഭരണകൂടത്തിന്റെ സ്വാധീനത്തിന് വഴങ്ങി ശാസ്ത്രീയ സത്യങ്ങളെ മൂടിവെക്കാന്‍ ശ്രമിച്ച ഡോ. എ. ജയതിലകിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വരാനിരിക്കുന്ന വലിയ പാരിസ്ഥിതിക ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും അന്നത്തെ ചീഫ് സെക്രട്ടറിക്ക് കൈകഴുകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജനകീയ പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒരുങ്ങുകയാണ് വയനാട്ടിലെ പരിസ്ഥിതി കൂട്ടായ്മകള്‍.


ഡോ.റാമിനെ സഹായിച്ച പോലീസ് ഉന്നതന് ആര് ? പണത്തിന് മീതെ പരുന്തും പറക്കില്ല ; പ്രത്യേക അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ഹൈക്കോടതി, ആഭ്യന്തര വകുപ്പിന് നാണക്കേട്







