വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, ബെൽജിയം താരം റൊമേലു ലുക്കാക്കുവും സംഘവും നടത്തിയ ഗോളാഘോഷം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തമായ ട്രേഡ്മാർക്ക് ഡാൻസ് ചുവടുകൾ അനുകരിച്ചായിരുന്നു ഈ പരിഹാസ നൃത്തം.
മത്സരത്തിൽ ബെൽജിയം 4-1 ന് വിജയിച്ചപ്പോൾ, ഇൻജുറി ടൈമിൽ ടീമിന്റെ നാലാം ഗോൾ നേടിയ ശേഷമായിരുന്നു ലുക്കാക്കുവിന്റെ ഈ പ്രതികരണം. അമേരിക്കൻ താരം ഫോളാരിൻ ബലോഗന് മുൻ മത്സരത്തിൽ ലഭിച്ച ചുവപ്പ് കാർഡും വിലക്കും യു.എസ്.എ ഫുട്ബോൾ അധികൃതരുടെ അപ്പീലിനെ തുടർന്ന് ഫിഫ പിൻവലിച്ചതിലുള്ള ബെൽജിയം ടീമിന്റെ കടുത്ത പ്രതിഷേധമാണ് ഈ ഗോളാഘോഷത്തിന് പിന്നിൽ.
ബോസ്നിയക്കെതിരായ മത്സരത്തിൽ ഫോളാരിൻ ബലോഗൻ എതിർ താരത്തിന്റെ കാലിൽ ചവിട്ടിയതിനെ തുടർന്ന് റഫറി റാഫേൽ ക്ലോസ് നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കിയിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിൽ ബലോഗന് ഒരു മത്സര വിലക്ക് നേരിടേണ്ടി വന്നു. എന്നാൽ യു.എസ് ഫുട്ബോൾ അധികൃതരുടെ സമ്മർദ്ദത്തെ തുടർന്ന് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ഫോണിൽ വിളിച്ച് ഈ തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായി, ഫിഫ അച്ചടക്ക സമിതി ബലോഗന്റെ സസ്‌പെൻഷൻ താൽക്കാലികമായി നീക്കുകയും ബെൽജിയത്തിനെതിരെ കളിക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതിനെതിരെ ബെൽജിയം നൽകിയ അപ്പീൽ ഫിഫ തള്ളുകയും ചെയ്തു.
കഥ മാറിയത് ഒന്നര മിനിറ്റിൽ! മെക്സിക്കൻ കോട്ട തകർത്ത് ഇംഗ്ലണ്ടിന്റെ തകർപ്പൻ തിരിച്ചുവരവ്; ഇനി വരുന്നത് ഇംഗ്ലണ്ട് – നോർവെ പോരാട്ടം
രാഷ്ട്രീയ ഇടപെടലിലൂടെ കളത്തിലിറങ്ങിയ ബലോഗന് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. മാത്രമല്ല, ബെൽജിയം കളം നിറഞ്ഞാടിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലുക്കാക്കു ഗോൾ നേടിയ ശേഷം ട്രംപിന്റെ പ്രശസ്തമായ ‘ഫിസ്റ്റ്-പമ്പ്’ നൃത്തച്ചുവടുകൾ അനുകരിച്ച് അമേരിക്കൻ ബെഞ്ചിന് മുന്നിൽ ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ ഔദ്യോഗിക പേജിൽ ലുക്കാക്കുവിന്റെ ചിത്രം പങ്കുവെച്ച് “ഇത് ഒന്നു തിരുത്തൂ” എന്ന അടിക്കുറിപ്പോടെയാണ് അവർ യു.എസിനെയും ഫിഫയെയും പരസ്യമായി ട്രോളിയത്. ലോകകപ്പിൽ പകരക്കാരനായിറങ്ങി നാലുതവണ ഗോൾ നേടുന്ന ആദ്യ താരമായും ഒരേ ലോകകപ്പിൽ പകരക്കാരനായിറങ്ങി മൂന്നുഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും ലുക്കാക്കു പേരിലാക്കി.


അടുത്ത ലോക കപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയർ ഏതു രാജ്യത്തിന് കളിക്കും…







