കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പഴയ ക്ലോക്ക് ടവർ തകർന്നു വീണാണ് അപകടമുണ്ടായത്. ആളപായമോ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വലിയ ആശ്വാസമായി.ഇന്ന് രാവിലെയാണ് റെയിൽവേ സ്റ്റേഷനെ നടുക്കിയ സംഭവം ഉണ്ടായത്.
വലിയ ഉയരമുള്ള ക്ലോക്ക് ടവർ നെടുങ്കനെ പിളർന്ന്, അതിന്റെ പകുതിയോളം ഭാഗം രണ്ടാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള മൂന്നാമത്തെ ട്രാക്കിലേക്ക് കുത്തനെ ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഒരു തീവണ്ടി നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ട്രെയിനിന്റെ തൊട്ടടുത്തേക്കാണ് ഭീമാകാരമായ കെട്ടിടാവശിഷ്ടങ്ങൾ പതിച്ചത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ജില്ലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ വന്നിട്ട ഈ ട്രെയിൻ പുറപ്പെടാൻ സമയമാകാത്തതിനാലും, പ്ലാറ്റ്ഫോമിൽ യാത്രക്കാർ എത്തുന്നതിന് മുൻപായതിനാലും മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടം നടക്കുമ്പോൾ റെയിൽവേ ജീവനക്കാരോ യാത്രക്കാരോ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല.തകർന്നുവീണ ക്ലോക്ക് ടവറിൽ മുൻപ് തന്നെ ചെറിയ രീതിയിലുള്ള വിള്ളലുകൾ ദൃശ്യമായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ അപകടം.
കനത്ത മഴയും മണ്ണിടിച്ചിലും; ഗതാഗതം തടസപ്പെട്ടു, പൊൻമുടി ഉൾപ്പെടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
സംഭവത്തെ തുടർന്ന് ഫയർഫോഴ്സും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ട്രാക്കിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചേക്കും.


CBSE/ICSE പഠിച്ചവരുടെ മക്കൾക്ക് ജാതി തെളിയിക്കാൻ വഴിയില്ലാതാകുമോ? സംവരണ ആനുകൂല്യങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്ക, ബദൽ സംവിധാനം വേണമെന്ന് ആവശ്യം







