പ്രതിസന്ധികൾ വെട്ടിമാറ്റി വിജയിന്റെ ‘ജനനായകൻ’ വരുന്നു; ജൂലൈ അവസാനത്തോടെ തിയേറ്ററുകളിലേക്ക്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) പ്രദർശനാനുമതി നേടി. നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായതോടെ ചിത്രം വരാനിരിക്കുന്ന ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമാണ് സിനിമയുടെ ദൈർക്യം.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികളാണ് നിർമാതാക്കൾക്ക് നേരിടേണ്ടി വന്നത്. 2025 ഡിസംബറിൽ സെൻസറിങ്ങിനായി സമർപ്പിച്ച ചിത്രത്തിൽ ചില രംഗങ്ങൾ മാറ്റണമെന്നും മുറിച്ചുമാറ്റണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ബോർഡ് വരുത്തിയ കാലതാമസത്തിനെതിരെയും ചിത്രം പുനഃപരിശോധനാ സമിതിക്ക് വിട്ട നടപടിക്കെതിരെയും വിയോജിച്ചുകൊണ്ട് നിർമാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഈ നിയമപോരാട്ടങ്ങൾ കാരണം നിശ്ചയിച്ച സമയത്ത് സിനിമ റിലീസ് ചെയ്യാൻ സാധിച്ചില്ല.

ഇതിനിടയിൽകഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിന്റെ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും, ഏതൊക്കെ രംഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയത് എന്നതുമായി ബന്ധപ്പെട്ട ‘കട്ട് ലിസ്റ്റ്’ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിജയ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായാണ് ‘ജനനായകൻ’ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേൽക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലമാണ് ചിത്രത്തിന്റെ കഥയെന്നാണ് സൂചനകൾ. വിജയിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഏറെ ഒത്തുപോകുന്ന പ്രമേയമായതിനാൽ തന്നെ ആരാധകരും സിനിമാ ലോകവും വലിയ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.