അരുന്ധതി കൃഷ്ണ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പ്രഭാവത്തോടെ വാണ ഒരു ഭരണാധികാരി പ്രതിപക്ഷ സ്ഥാനത്തേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ മാധ്യമ പ്രസക്തിക്ക് എന്തുപറ്റി? കഴിഞ്ഞ ദിവസം വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ദൃശ്യമാധ്യമങ്ങള്‍ നല്കിയ തത്സമയ സംപ്രേഷണത്തിന്റെ സമയം പുറത്തുവിട്ടുകൊണ്ട് സിപിഎം സഹയാത്രിക ചാനലായ കൈരളി ന്യൂസ് പുറത്തിറക്കിയ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടിരിക്കുന്നത്.
‘പ്രതിപക്ഷ നേതാവ് പറയുന്നതെന്താ ജനങ്ങള്‍ കേള്‍ക്കേണ്ടേ??’ എന്ന ചോദ്യത്തോടെ കൈരളി ടിവി പോസ്റ്റ് ചെയ്ത കാര്‍ഡാണ് ഒടുവില്‍ സ്വന്തം പാര്‍ട്ടി നേതാവിനെ തന്നെ അനാവശ്യ തര്‍ക്കങ്ങളിലേക്കും അപമാനത്തിലേക്കും തള്ളിവിട്ടത്. കൈരളി പുറത്തുവിട്ട കാര്‍ഡിലെ ‘മിനിറ്റുകള്‍ ചര്‍ച്ചയായി’ കഴിഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന 52 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ ലൈവ് നല്കിയ സമയത്തിന്റെ കണക്കുകളാണ് കൈരളി ടിവി പുറത്തുവിട്ടത്.
- ഏഷ്യാനെറ്റ് ന്യൂസ്: 0 മിനിറ്റ്
- 24 ന്യൂസ്: 0 മിനിറ്റ്
- റിപ്പോര്‍ട്ടര്‍ ടിവി: 0 മിനിറ്റ്
- ന്യൂസ് മലയാളം: 2 മിനിറ്റ്
- മാതൃഭൂമി ന്യൂസ്: 6 മിനിറ്റ്
- മനോരമ ന്യൂസ്: 8 മിനിറ്റ്
- മീഡിയവണ്‍: 7 മിനിറ്റ്
- കൈരളി ന്യൂസ്: 52 മിനിറ്റ് (മുഴുവനായി)
മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം തമസ്കരിച്ചു എന്ന് കാണിക്കാനാണ് കൈരളി ശ്രമിച്ചതെങ്കിലും, ഇത് തിരിച്ചടിയാകുകയായിരുന്നു.
യമാലിന്റെ ഗോൾ ആഘോഷം കവർന്ന് അനിയൻ; സ്ക്രീനിൽ ചേട്ടനെ കണ്ടപ്പോൾ ആർത്തുവിളിച്ച് ഓടിയെത്തി
സ്വയം കുഴി തോണ്ടിയോ കൈരളി ചാനല്‍?
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിദിനം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ മണിക്കൂറുകളോളം മലയാളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളും തത്സമയം സംപ്രേഷണം ചെയ്തിരുന്ന ഒരു അവസ്ഥയില്‍ നിന്നാണ് ഇന്ന് പിണറായി വിജയന് ഈ അവസ്ഥ വന്നത്. കൈരളിയുടെ ഈ കാര്‍ഡ് പുറത്തുവന്നതോടെ, ‘പിണറായി വിജയന് ഇനി രാഷ്ട്രീയമായി ഒരു പ്രസക്തിയുമില്ല’ എന്ന് ശത്രുക്കള്‍ക്ക് വരുത്തിതീര്‍ക്കാന്‍ കൈരളി തന്നെ സൗകര്യം ഒരുക്കി കൊടുത്തു എന്ന വികാരമാണ് സിപിഎമ്മിനുള്ളിലെ പ്രബല വിഭാഗത്തിനുള്ളത്.
മാധ്യമ ബഹിഷ്കരണത്തെ തുറന്നുകാട്ടാന്‍ ശ്രമിച്ച കൈരളി, യഥാര്‍ത്ഥത്തില്‍ പിണറായിയുടെ രാഷ്ട്രീയ സ്വാധീനം വന്‍തോതില്‍ ഇടിഞ്ഞു എന്ന് സ്ഥാപിക്കുകയാണ് ചെയ്തതെന്ന അമര്‍ഷം പിണറായി അനുഭാവികള്‍ക്കിടയില്‍ ശക്തമാണ്.
പാര്‍ട്ടി ചാനലിന്റെ ഈ ‘സഹതാപ പ്രചാരണം’ പിണറായി വിജയനെയും കടുത്ത അമര്ഷത്തിലാക്കിയെന്നാണ് വിവരങ്ങള്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ല എന്ന തരത്തില്‍ സ്വന്തം പാര്‍ട്ടി ചാനല്‍ തന്നെ വിളംബരം ചെയ്തത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി.
മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം പാര്‍ട്ടിക്കുള്ളിലും സങ്കീര്‍ണ്ണമായ അവസ്ഥ നേരിടുന്ന പിണറായി വിജയനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ ഈ നീക്കം ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. വിവാദം കത്തിപ്പടരുന്നതിനിടെ തത്സമയം നല്കാന് സാധിക്കാത്തതിന്റെ സാങ്കേതിക കാരണം വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് രംഗത്തെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടവര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യവും അനുബന്ധ വാര്‍ത്തകളും ലൈവായി നല്‍കേണ്ടി വന്നതുകൊണ്ടാണ് കല്‍പ്പറ്റയിലെ വാര്‍ത്താ സമ്മേളനം തത്സമയം നല്കാന് സാധിക്കാതിരുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് വിശദീകരിച്ചു.

മറ്റ് പ്രധാന ചാനലുകളും അതാത് സമയത്തെ ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് മുന്‍ഗണന നല്‍കിയതിനാലാണ് കല്‍പ്പറ്റയിലെ വാര്‍ത്താ സമ്മേളനം പൂര്‍ണ്ണമായി സംപ്രേഷണം ചെയ്യാതിരുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎമ്മില്‍ പിണറായി വിജയന്റെ ആധിപത്യത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ നിശബ്ദമായ പടയൊരുക്കം നടത്തുന്നുണ്ട്. എം.വി. ഗോവിന്ദന്, വി. കുഞ്ഞികൃഷ്ണന് കേസ്, വിഴിഞ്ഞം തര്‍ക്കങ്ങള്‍, പയ്യന്നൂര്‍ വിവാദങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന വേറിട്ട നിലപാടുകള്‍ ഇതിന്റെ സൂചനയാണ്.
ഈ സാഹചര്യത്തിലാണ് കൈരളി ടിവിയുടെ മാനേജ്മെന്റ് തലത്തില്‍ നിന്നുമുണ്ടായ ഈ പോസ്റ്റ് വരുന്നത്. ഇത് വെറുമൊരു സോഷ്യല്‍ മീഡിയ പോസ്റ്റല്ല, മറിച്ച് പിണറായി യുഗത്തിന്റെ അന്ത്യം കുറിക്കുന്ന സൂചന നല്കാന് ബോധപൂര്‍വ്വം ചെയ്തതാണോ എന്ന സംശയവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
മുന്‍പ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ മാധ്യമങ്ങള്‍ ഏത് രീതിയിലാണ് സമീപിച്ചിരുന്നത് എന്നതിലേക്കും ഈ വിവാദം വിരല്‍ ചൂണ്ടുന്നു.
പ്രതിപക്ഷ ശബ്ദങ്ങളെ തമസ്കരിക്കുന്ന മാധ്യമ രീതി ഒരു വശത്ത് ചര്‍ച്ചയാകുമ്പോഴും, അനാവശ്യ പ്രതിരോധം തീര്‍ക്കാന്‍ പോയി സ്വന്തം നേതാവിനെ പൊതുസമൂഹത്തിന് മുന്നില്‍ ‘ചെറുതാക്കി കാണിച്ചു’ എന്ന കുറ്റസമ്മതത്തിലേക്ക് കൈരളി ചെന്നെത്തുകയായിരുന്നു.
കൈരളി പുറത്തുവിട്ട ചിത്ര കാര്‍ഡ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫിനെതിരെ ആയുധമാക്കുന്നുണ്ട്. ‘മാധ്യമങ്ങള്‍ ഉപേക്ഷിച്ച നേതാവ്’ എന്ന രീതിയിലാണ് വ്യാഖ്യാനങ്ങള്‍. തങ്ങളുടെ സ്വന്തം വാര്‍ത്താ ചാനല്‍ വഴി തന്നെ പിണറായി വിജയന് നേരെ ഇത്തരമൊരു പരിഹാസശരം എത്തിയത് സിപിഎം രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
പത്രസമ്മേളനങ്ങള്‍ എത്ര മിനിറ്റ് തത്സമയം കാണിച്ചു എന്നതിനേക്കാള്‍, അതില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് എത്രത്തോളം രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നതിലാണ് കാര്യം. എന്നാല്‍, മിനിറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കാര്‍ഡ് ഇറക്കിയതിലൂടെ വാര്‍ത്തയുടെ രാഷ്ട്രീയ ഉള്ളടക്കത്തേക്കാള്‍ വ്യക്തിഗത അപ്രമാദിത്തം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വിലാപമായി ഇത് മാറി.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും വരാനിരിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളും സജീവമാകുമ്പോള്‍, കൈരളി ടിവി ഉയര്‍ത്തിവിട്ട ഈ വിവാദം വലിയ തോതില്‍ ചര്‍ച്ചയാകും. പാര്‍ട്ടി ചാനലിന്റെ അമരത്തുള്ളവരുടെയും പ്രൊഡക്ഷന്‍ ടീമിന്റെയും വീഴ്ചയാണോ അതോ ബോധപൂര്‍വ്വമായ രാഷ്ട്രീയ നീക്കമാണോ എന്ന് വിശദീകരിക്കാന്‍ കൈരളി മാനേജ്മെന്റ് നിര്‍ബന്ധിതരാകും.
കല്‍പ്പറ്റയിലെ വാര്‍ത്താ സമ്മേളനവും കൈരളിയുടെ ന്യൂസ് കാര്‍ഡും കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്റെ മാറിയ പദവിയെയും ശക്തിയെയും കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്.


ഒടുവിൽ കേന്ദ്രം സമ്മതിച്ചു, ബിഎസ്-3 വാഹനങ്ങൾക്ക് ഇ20 പെട്രോൾ കേടുവരുത്താം; വൻ പ്രതിഷേധവുമായി ‘ഇ20 ജനതാ പാർട്ടി’; ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് സമൂഹമാധ്യമ കൊടുങ്കാറ്റ്







