കൊഴിഞ്ഞാമ്പാറ : അരപ്പവന്റെ മൂക്കുത്തിക്കായി 66-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ട് കുഴിച്ചുമൂടി 19 വയസുകാരൻ. വടകരപ്പതി ആട്ടയാമ്പതി ന്യൂകോളനിയിൽ താമസിക്കുന്ന സരസാളാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ എസ്. ഉദയകുമാറിനെ (19) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. പകുതി കത്തിയ ശരീരാവശിഷ്ടങ്ങൾ വീടിൻറെ പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. ജൂൺ പത്തുമുതൽ സരസാളിനെ കാണാനില്ലെന്ന് തമിഴ്നാട്ടിൽ താമസിക്കുന്ന മകൾ ബേബി 12ന് പരാതി നൽകിയിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആട്ടയാമ്പതി ന്യൂകോളനിയിൽ ഒഴിഞ്ഞുകിടന്ന അങ്കണവാടിക്കെട്ടിടത്തിൽ സരസാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇതിനടുത്താണ് പ്രതി ഉദയകുമാറും താമസിക്കുന്നത്. ഉദയകുമാറും സഹോദരനും തനിക്ക് നൽകാനുണ്ടായിരുന്ന പണം തിരികെച്ചോദിക്കാൻ സരസാൾ ഇവരുടെ വീട്ടിലേക്ക് ചെന്നപ്പോഴാണ് സംഭവമെന്ന് പോലീസ് പറയുന്നു. സരസാളിന് രണ്ട് സ്വർണമൂക്കുത്തിയുള്ളത് ശ്രദ്ധയിൽപ്പെട്ട പ്രതി തന്ത്രപരമായി അവരെ വീടിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ശേഷം, വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരു്ന്നു. ജൂൺ പത്തിന് രാവിലെ 11-നുശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് നിഗമനം. സരസാളിന്റെ ഇരു മൂക്കുത്തികളും കൈവശമുണ്ടായിരുന്ന പണവും എടുത്തശേഷം വീടിനു മുന്നിലെ കുളിമുറിയിലിട്ട് മൃതദേഹം കത്തിച്ചു. പിന്നീട് പകുതികത്തിയ ശരീര അവശിഷ്ടങ്ങൾ ചാക്കിലാക്കി വീടിനു പുറകിൽ കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നു.
പ്രദേശത്തെ പലരെയും പോലീസ് ചോദ്യംചെയ്തിരുന്നു. സംശയമുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന ഉദയകുമാർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫായിരുന്നു. പോലീസ് വന്നുപോയശേഷം ഉദയകുമാർ വീട്ടിൽ വരാറില്ലെന്നും കണ്ടെത്തി. പിന്നീട് ഇയാളെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് സത്യാവസ്ഥ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സ്വന്തം വീട്ടുവളപ്പിൽത്തന്നെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
മലയാളി വിദ്യാർഥിയുടെ ക്രൂര കൊലപാതകം; സാവര്യയ്ക്ക് നേരെ അതിക്രൂര മർദനം, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്
ഉദയകുമാറിനെ സ്റ്റേഷനിൽ ചോദ്യംചെയ്തുകൊണ്ടിരിക്കെ മറ്റൊരുസംഘം പോലീസുകാർ ഉദയകുമാറിന്റെ വീട്ടിലെത്തി. വീടും പരിസരവും പരിശോധിച്ചപ്പോൾ വീടിനുപുറത്തെ കുളിമുറിയിൽ മൃതദേഹം കത്തിച്ചപ്പോൾ ചുവരിൽ പലയിടത്തുമായി പറ്റിപ്പിടിച്ച കരികണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങളുടെ ചിലഭാഗങ്ങളും ഇവിടനിന്നു കണ്ടെത്തി. പിന്നീട് വീടിനുപിന്നിൽ ഉദയകുമാർ പറഞ്ഞുകൊടുത്ത സ്ഥലവും പോലീസ് പരിശോധിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉദയകുമാറിനെ തെളിവെടുപ്പിനായെത്തിച്ചത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തിയിരുന്നു. തെളിവെടുപ്പിനിടെ, കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തി. വീടിനുപിന്നിൽ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. സരസാളിന്റെ മൂക്കുത്തി കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണൻ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, ചിറ്റൂർ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, എസ്.ഐ. കെ.കെ. മിഥുൻലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പാലക്കാട് എൽ.ആർ. തഹസിൽദാർ കെ. രാധാകൃഷ്ണൻ, പോലീസ് സർജൻ ഡോ. ജി. ഗോപകുമാർ, കൊഴിഞ്ഞാമ്പാറ ജി.എസ്.ഐ. ആർ. തോമസ് ഔസേപ്പ്, എ.എസ്.ഐ.മാരായ എം.വി. അനിൽകുമാർ, പി. ശാന്തി വിരലടയാളവിദഗ്ധ കെ. അയിഷ പർവിൻ, സയന്റിഫിക് ഉദ്യോഗസ്ഥ അഭിജ്ഞ കൃഷ്ണ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. രാജേഷ്, വി. ഹരിദാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.


കുറ്റിപ്പുറത്തെ ആ പഴയ മോഷണം വിനയായി; അത്തിപ്പറ്റയിലെ ‘ചെമ്പ് കള്ളന്മാർ’ ഒടുവിൽ വലയിൽ







