” അടുക്കള ബജറ്റ്” പടുകുഴിയിലേക്ക് ; കുഴിമന്തിയും ഷവർമയും മാത്രമല്ല, ഇനി മീൻകറി കൂട്ടിയുള്ള ചോറും കുറയ്ക്കാം ; പ്രോട്ടീൻ തരുന്ന മുട്ടയ്ക്കും ചിക്കനും അധികം കൊടുക്കേണ്ടത് എത്ര രൂപയെന്ന് കണ്ടോ?

കേരളത്തിലെ ചന്തയിൽ വിൽപനയ്ക്കുള്ള മീൻ, ചിക്കൻ, പച്ചക്കറികൾ – വിലക്കയറ്റം സൂചിപ്പിക്കുന്ന ചിത്രം
തൊടുപുഴ: ഭക്ഷണം പുറത്തുനിന്ന് വാങ്ങുന്നതിനു മാത്രമല്ല, വീട്ടിൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിനും മലയാളികൾ ഇപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ട സ്ഥിതിയാണ്. പാചകവാതക വില, മീൻ-ഇറച്ചി-പച്ചക്കറി വിലക്കയറ്റം എന്നിവ ഒരുമിച്ചു വന്നതോടെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് കീഴ്മേൽ മറിയുകയാണ്.
നിലവിൽ, ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനമാണ് മത്സ്യവിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലഭ്യത കുറഞ്ഞതോടെ മത്തിക്ക് കിലോഗ്രാമിന് 200–220 രൂപയും അയലയ്ക്ക് 260–320 രൂപയുമായി. ഓലക്കുടിക്ക് 560 രൂപ വരെയും കേരയ്ക്ക് (തുണ്ടം) 520–560 രൂപയുമാണ് വില. നിരോധനം അവസാനിക്കുന്നതു വരെ വിലയിൽ ഇളവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
അതേസമയം, സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ കുറയാറുള്ള ചിക്കൻ വില ഇത്തവണ നേരെ വിപരീത ദിശയിലാണ്. കിലോഗ്രാമിന് 188–195 രൂപയാണ് നിലവിലെ വില. ഉൽപാദനക്കുറവും കോഴിത്തീറ്റ വിലവർധനയുമാണ് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ബീഫിന് 480–500 രൂപയും പന്നിയിറച്ചിക്ക് 300–350 രൂപയും നാടൻ കോഴിക്ക് 230–250 രൂപയുമാണ് വില. കോഴിമുട്ടയുടെ ചില്ലറവിലയും എട്ടു രൂപ കടന്നു.
നോൺവെജ് ഒഴിവാക്കി ചെലവ് ചുരുക്കാമെന്നു കരുതിയാലും പച്ചക്കറി വിലയും കൈപൊള്ളിക്കുന്നതാണ്. ഇഞ്ചിക്കും വെളുത്തുള്ളിക്കും 200–250 രൂപ വരെയാണ് വില. കാരറ്റ്, കോവയ്ക്ക എന്നിവയ്ക്ക് 80 രൂപയും ബീൻസിന് 70 രൂപയും തക്കാളിക്ക് 50–56 രൂപയുമാണ് തൊടുപുഴ മേഖലയിലെ ചില്ലറ വിൽപന നിരക്ക്.
ഗാർഹിക പാചകവാതക സിലിണ്ടറിന്റെ നിലവിലെ വില 950 രൂപയാണ്. യാത്രാക്കൂലി കൂടി ചേരുമ്പോൾ വീടുകളിൽ എത്തുന്ന സിലിണ്ടറിന് ആയിരം രൂപ കടക്കും. ഇതോടെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗ്യാസ് ക്ഷാമവും മൂലം ഹോട്ടലുകൾ ഊണിനും സ്പെഷ്യൽ വിഭവങ്ങൾക്കും വില കൂട്ടാൻ നിർബന്ധിതരാകുകയാണ്. വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കച്ചവടം നഷ്ടത്തിലായതോടെ പല ഹോട്ടലുകളും വില ഉയർത്തി.
ഓണം, വിവാഹ സീസണുകൾ സമീപിക്കുന്ന സമയത്ത് തന്നെ വില കുതിച്ചുയർന്നത് വീട്ടമ്മമാർക്കിടയിൽ ആശങ്ക പരത്തുന്നുണ്ട്. ഈ പ്രവണത തുടർന്നാൽ ഓണക്കാലത്ത് അടുക്കള ബജറ്റ് പൂർണമായി താളം തെറ്റുമെന്നാണ് വിലയിരുത്തൽ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.