തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണയായി ഒന്നര മണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടിവന്നു. വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ വർധനയാണ് അടുത്തിടെ ഉണ്ടായത്. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 91.78 ദശലക്ഷം യൂണിറ്റായിരുന്നു.
എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കുന്നില്ല?
വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്തപ്പോഴോ ഉയർന്ന ആവശ്യകത നിറവേറ്റാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴോ ആണ് സാധാരണയായി മുൻകൂട്ടി സമയം പ്രഖ്യാപിച്ച് ലോഡ് ഷെഡിങ് നടത്താറുള്ളത്. എന്നാൽ ഇപ്പോൾ അത്തരമൊരു സാഹചര്യമല്ല നിലവിലുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
അപകടകാരികളായ തെരുവുനായ്ക്കളെ ഇനി കൊല്ലാം; സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; എന്നാൽ ഷെൽട്ടർ ക്ഷാമം വെല്ലുവിളിയിൽ പരിഹാരമില്ല!
സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനു പുറമേ കേന്ദ്ര വിഹിതമായും വിവിധ കരാറുകൾ വഴിയും ലഭിക്കുന്ന വൈദ്യുതിയാണ് കെഎസ്ഇബി പ്രാഥമികമായി നൽകുന്നത്. കൂടുതൽ ആവശ്യകത ഉണ്ടാകുമ്പോൾ അടുത്ത ദിവസത്തേക്ക് മുൻകൂട്ടി വാങ്ങാൻ ഡേ എഹെഡ് വിപണിയും, തത്സമയ ആവശ്യത്തിന് തത്സമയ വിപണിയുമാണ് ഉപയോഗിക്കുന്നത്. ഡേ എഹെഡ് വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യങ്ങളിൽ തത്സമയ വിപണിയാണ് ആശ്രയം.
ഓഹരി വിപണിയിലേതുപോലെ ഓരോ സെക്കൻഡിലും ഇവിടെ വിലയും ലഭ്യതയും മാറിക്കൊണ്ടിരിക്കും. വൈദ്യുതി ലഭിക്കുമോ ഇല്ലയോ എന്ന് ഏകദേശം ഒന്നര മണിക്കൂർ മുൻപു മാത്രമേ അറിയാനാകൂ എന്നതാണ് മുൻകൂർ അറിയിപ്പ് നൽകാൻ കഴിയാത്തതിന്റെ പ്രധാന കാരണം.
കെഎസ്ഇബി കരുതിയതിലും ആവശ്യകത ഉയരുമ്പോൾ ഗ്രിഡ് ഫ്രീക്വൻസി 50 ഹെർട്സിൽനിന്ന് താഴാൻ തുടങ്ങും. ഉടൻതന്നെ ബെംഗളൂരുവിലെ ദക്ഷിണ മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്ന് കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന് ലോഡ് കുറയ്ക്കാൻ മുന്നറിയിപ്പ് ലഭിക്കും.
ഇതനുസരിച്ച് ഫീഡറുകൾ ഓഫ് ചെയ്ത് ലോഡ് കുറച്ചില്ലെങ്കിൽ കേരളത്തിലേക്കുള്ള മുഴുവൻ പ്രസരണ ശൃംഖലയും ഓഫ് ചെയ്യേണ്ട ഗുരുതര സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനാണ് ലോഡ് കൂടിയ സബ്സ്റ്റേഷനുകൾ മാത്രം നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്യുന്നത്. ഏതൊക്കെ സബ്സ്റ്റേഷൻ പരിധിയിലാണെന്ന് മുൻകൂട്ടി അറിയിക്കുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
പവർകട്ടിനെതിരെ പ്രതിഷേധം
ഇതിനിടെ, പവർകട്ടിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ ഒരു രോഗി മരിച്ച സംഭവം കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹ്രസ്വകാല കരാർ വഴി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി ഉടനടി ലഭ്യമാകില്ലെന്നതാണ് നിലവിലെ പ്രതിസന്ധി.
വൈദ്യുതി ലാഭിക്കാം; വിയർക്കാതെതന്നെ
ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യാം, രാത്രി 10 വരെ എസി ഒഴിവാക്കാം. എസി 26 ഡിഗ്രിക്കു മുകളിൽ സെറ്റ് ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കാം, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ രാത്രി 11നു ശേഷമാകാം. വൈകിട്ട് 6നും 11നും ഇടയിൽ ഇൻഡക്ഷൻ സ്റ്റൗ, വാഷിങ് മെഷീൻ, പമ്പ് സെറ്റ്, തേപ്പുപെട്ടി, ഇലക്ട്രിക് കെറ്റിൽ എന്നിവ ഒഴിവാക്കാം. ബിഎൽഡിസി ഫാനുകളിലേക്കും എൽഇഡി ലൈറ്റുകളിലേക്കും മാറുന്നതും ഫാൻ വേഗം കുറച്ചിടുന്നതും വൈദ്യുതി ഉപയോഗം കുറയ്ക്കും.
ആവശ്യമില്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുന്നത് ശീലമാക്കണം. റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ റിമോട്ടിൽ മാത്രം ഓഫ് ചെയ്യാതെ സ്വിച്ചിൽത്തന്നെ ഓഫ് ചെയ്യാനും മറക്കരുത്.


പ്രിയദർശിനി നിർത്തിയില്ല: അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി







