ന്യൂഡൽഹി : വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി വാക്കാൽ വ്യക്തമാക്കി. പൗരത്വം നിർണയിക്കാനുള്ള ആത്യന്തിക അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നത് സ്വയമേവ പൗരത്വം നഷ്ടപ്പെടാൻ കാരണമാകില്ലെന്നും നേരത്തേ ബിഹാർ എസ്ഐആർ കേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച അപ്പലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേൾക്കൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ എസ്ഐആർ കമ്മിറ്റി ചെയർപഴ്സണാണ് പ്രസേൻജിത് ബോസ്.
18 ട്രൈബ്യൂണലുകൾക്കുകീഴിൽ 34 ലക്ഷം അപ്പീലുകൾ തീർപ്പാകാനുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ ലഭിക്കുന്നില്ലെന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്നമുണ്ടെന്നും ബോസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. തീർപ്പാക്കിയ അപ്പീലുകളിൽ 70 ശതമാനവും അനുകൂലമായി വിധിച്ചതായും അദ്ദേഹം അറിയിച്ചു.
ഈ ഘട്ടത്തിലാണ് വോട്ടർപട്ടികയിലെ ഒഴിവാക്കലിന്റെ പേരിൽ പൗരത്വം തീരുമാനിക്കപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് വോട്ടർപട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ അധികാരമുണ്ടെങ്കിലും, അതു പൗരത്വ പദവിക്ക് സ്വയമേവ ഭംഗം വരുത്തില്ലെന്ന് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. ഒഴിവാക്കൽ തീരുമാനമെടുത്താലുടൻ പൗരത്വ നിയമപ്രകാരമുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറേണ്ട ബാധ്യത കമ്മിഷനുണ്ടെന്നും, അതു ചെയ്യുന്നതുവരെ പൗരത്വ പദവി തുടരണമെന്നും കോടതി കൂട്ടിച്ചേർത്തു.
ബംഗാൾ എസ്ഐആർ പ്രക്രിയയിൽ ക്ലെയിമുകളും ഒബ്ജക്ഷനുകളും സംബന്ധിച്ച മണ്ഡലം തിരിച്ചുള്ള കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു പൊതുതാൽപര്യ ഹർജിയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ, പശ്ചിമ ബംഗാൾ സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. എൻയുമറേഷൻ ഘട്ടത്തിൽ 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയിരുന്നു, എന്നാൽ അന്തിമ പട്ടികയിൽ 1.82 ലക്ഷം പേരെ മാത്രമാണ് തിരികെ ഉൾപ്പെടുത്തിയത്.
ബംഗാൾ എസ്ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ ഹർജിയും ഓഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കാൻ കോടതി നിശ്ചയിച്ചു.


ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ







