അജ്മല്‍ കസബിന് പരിശീലനം കൊടുത്ത നാട്; അല്‍ഖായിദക്ക് തൊട്ട് താലിബാനുവരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി; ഇപ്പോള്‍ മരണ താണ്ഡവം; കശ്മീര്‍ കുതിക്കുമ്പോള്‍ നരകമായി പി ഒ കെ; പാക് കശ്മീര്‍ ഇന്ത്യയില്‍ ലയിക്കുമോ!

എം റിജു
സ്വന്തം  ജനതയെ തന്നെ സ്വന്തം പട്ടാളം വെടിവെച്ച് കൊല്ലുക. പാക് അധിനിവേശ കാശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്.  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലുകളില്‍ ഏകദേശം 20ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയില്‍ നടന്ന പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂലൈ 27ന് ആരംഭിച്ച പ്രക്ഷോഭങ്ങളാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്. പ്രാദേശിക മനുഷ്യാവകാശ സംഘടനകളും ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും മരണസംഖ്യ 30 വരെ ഉയര്‍ന്നതായി അവകാശപ്പെടുമ്പോള്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറഞ്ഞ മരണസംഖ്യയാണ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളാണ് ഇവിടെ നടക്കുന്നത്.
മേഖലയില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പുതിയ രാഷ്ട്രീയ തര്‍ക്കങ്ങളുമാണ് ഈ ജനകീയ പ്രക്ഷോഭത്തിന് ആധാരം. പാക് അധിനിവേശ കാശ്മീരിലെ അസംബ്ലിയില്‍ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കാശ്മീരി അഭയാര്‍ത്ഥികള്‍ക്കായി 12 സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഈ സീറ്റുകള്‍ ഇസ്ലാമാബാദിലെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും സ്വന്തം ആളുകളെ തിരുകിക്കയറ്റാനും ഉപയോഗിക്കുന്നുവെന്ന് പ്രാദേശിക ജനങ്ങള്‍ ആരോപിക്കുന്നു. ഈ സീറ്റുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.  തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസഫറാബാദിലേക്ക് ‘ലോംഗ് മാര്‍ച്ച്’ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ അടിച്ചമര്‍ത്താന്‍ പാക് സൈന്യവും പോലീസും രംഗത്തിറങ്ങിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
ഗോതമ്പ്, ഉള്‍പ്പെടെയുള്ള അത്യന്താപേക്ഷിത ഭക്ഷ്യവസ്തുക്കളുടെ കടുത്ത വിലക്കയറ്റം, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കല്‍, അമിതമായ വൈദ്യുതി നിരക്ക് എന്നിവയ്‌ക്കെതിരെ ജനങ്ങളില്‍ വലിയ രോഷമുണ്ട്. തങ്ങളുടെ പ്രകൃതിവിഭവങ്ങള്‍ പാക്കിസ്ഥാന്‍ ചൂഷണം ചെയ്യുകയാണെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. പക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിവില് സൊസൈറ്റി കൂട്ടായ്മയായ ‘ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി’ യെ ഭീകരവിരുദ്ധ നിയമപ്രകാരം പാക്കിസ്ഥാന്‍ നിരോധിച്ചതും നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതും ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചു.സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന്  നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും, വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ മേഖലയില്‍ മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭരണകൂടം പൂര്‍ണ്ണമായി റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. പഴയതുപോലെ പാക്കിസ്ഥാന്‍ അനുകൂല വികാരം ഇവിടെയില്ല. തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം കിട്ടണം എന്നാണ് പി ഒ കെക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഈ തക്കം ഇന്ത്യ മുതലെടുത്താല്‍ പിഒകെ ഇന്ത്യയുടെ കൈയില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്.
‘നരകതുല്യമായ ഭൂമിയിലെ സ്വര്‍ഗം’
കാശ്മീരിനെ പൊതുവേ ഭൂമിയിലെ സ്വര്‍ഗം എന്നാണെല്ലോ പറയുക. അതുപോലെ കൊതിപ്പിക്കുന്ന മഞ്ഞ് മലകളും, കാല്‍പ്പനികത തുളുമ്പിനില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും പൈന്‍ മരങ്ങളും, സഞ്ചാരികളെ മാടിവിളിക്കുന്ന തടാകങ്ങളുമെല്ലാം എല്ലാം അധിനിവേശ കാശ്മീരിലും ഉണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം ശാന്തം സുന്ദരം. പക്ഷേ അകത്തേക്ക് ചെന്ന് പരിശോധിക്കുമ്പോഴാണ് നാം ഈ നാട് നരകമാണെന്ന് മനസ്സിലാവുക.
ശരിക്കും പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറിയായിരുന്നു, ഈ അടുത്തകാലം വരെയും ഈ നാട്. ലശ്ക്കറെ തെയ്യിബ്ബയുടെ നേതൃത്വത്തില്‍ മാത്രം ഇവിടെ ആയിരത്തിലേറെ തീവ്രവാദ ക്യാമ്പുകളാണ് 90കളില്‍ പരസ്യമായി നടത്തിയിരുന്നത്. പാക്ക് സര്‍ക്കാറിന്റെ പിന്തുണയോടുകൂടി മദ്രസകളോട് ചേര്‍ന്ന് മതപഠനത്തിന് ഒപ്പമാണ് ഇവിടെ തീവ്രവാദ പരിശീലനവും, കൗമാരക്കാര്‍ക്കായി നടത്തുന്നത്. അജ്മല്‍ കസബ് പോലും ഇവിടെനിന്ന് പരിശീലനം സിദ്ധിച്ചയാളായിരുന്നു.  അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി, കാശ്മീരിലെത്തി അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്ന, ഈ ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നതുകൊണ്ടും, പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതുകൊണ്ടും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാറില്ല.
താലിബാനും, ഐസിസും തൊട്ട് ഷിയ തീവ്രവാദത്തിനും ബോക്കോഹറാം തീവ്രവാദികള്‍ക്കുവരെ ബ്രാഞ്ചുകള്‍ ഉള്ള പ്രദേശമാണിത്. ഇത് പലപ്പോഴും പാക്ക് സര്‍ക്കാറിന് തന്നെ ഭീഷണിയായി. കഴിഞ്ഞ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനെതിരെ അല്‍പ്പം കര്‍ശന നിലപാട് എടുത്തതോടെ ഇപ്പോള്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനവും അല്‍പ്പം കുറഞ്ഞിട്ടുണ്ട്. അതുപോലെ ഇന്ത്യയെ തകര്‍ക്കാനുള്ള കള്ളനോട്ടിന്റെ ഹബ്ബായി പ്രവര്‍ത്തിച്ച ചരിത്രവും, അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിന് പറയാനുണ്ട്. നേപ്പാള്‍ വഴി വന്‍തോതില്‍ ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കുന്ന രീതി ഇവിടെ വ്യാപകമായി നടന്നിരുന്നു. ഗാന്ധിത്തലയുള്ള നോട്ടുകള്‍ കൊടുത്താല്‍ ജിന്നയുടെ തലയുള്ള നോട്ടുകള്‍ കിട്ടിയ കാലം!
ഇനി പുരോഗതിയുടെ കാര്യമെടുത്താല്‍ ജമ്മു കാശ്മീരിന്റെ എഴയലത്ത് എത്താന്‍ അധിനിവേശ കാശ്മീരിന് കഴിഞ്ഞിട്ടില്ല. 72 ശതമാനം സാക്ഷരതയുണ്ടായിട്ടും, ഇപ്പോഴും 40 ശതമാനവും ദരിദ്ര്യരേഖക്ക് താഴെ തന്നെയാണ്. പാക്കിസ്ഥാന്‍ തങ്ങളെ അവഗണിക്കുന്നുവെന്നത്, വര്‍ഷങ്ങളായി അധിനിവേശ കാശ്മീരികളുടെ പരാതിയാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനില്‍ ലയിക്കണം എന്നല്ല സ്വതന്ത്ര്യ രാജ്യം വേണം എന്നാണ് ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ആഗ്രഹം.
ചോരയിലൂടെ പിറന്ന പ്രദേശം 
ആസാദ് കാശ്മീര്‍ എന്ന പാക്കിസ്ഥാന്‍ വിളിക്കുന്ന, പ്രവിശ്യ രൂപം കൊള്ളുന്നതും ചോരയിലൂടെയാണ്. 1947 ല്‍ ഇന്ത്യാ വിഭജനകാലത്ത്, ബ്രിട്ടീഷുകാര്‍ നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരം ഉപേക്ഷിച്ചു പോവുമ്പോള്‍, അവയ്ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരുന്നതിനോ, അല്ലെങ്കില്‍ സ്വതന്ത്രമായി നിലകൊള്ളുന്നതിനോ ഉള്ള സ്വാതന്ത്ര്യം അവശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന ഹരി സിംഗ് തന്റെ രാജ്യം സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ പടിഞ്ഞാറന്‍ ജമ്മു പ്രവിശ്യയിലേയും (ഇന്നത്തെ പാക് അധീന കാശ്മീര്‍ എന്നറിയപ്പെടുന്ന പ്രദേശം) അതിര്‍ത്തി ജില്ലാ പ്രവിശ്യയിലേയും (ഇന്നത്തെ ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍) മുസ്ലീം വംശജരിലെ ഒരു വിഭാഗം പാക്കിസ്ഥാനില്‍ ചേരാനാണ് ആഗ്രഹിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തെില്‍ പങ്കെടുത്ത് വിരമിച്ച സൈനികരും, ഈ പ്രദേശത്തെ ജനങ്ങളും, മഹാരാജാവിന്റെ സൈന്യത്തിനെതിരെ മത്സരിക്കുകയും ജില്ലയുടെ മുഴുവന്‍ നിയന്ത്രണവും നേടുകയും ചെയ്തു. ഈ വിജയത്തെത്തുടര്‍ന്ന്, പടിഞ്ഞാറന്‍ ജില്ലകളായ മുസാഫറാബാദ് , പൂഞ്ച് , മിര്‍പൂര്‍ എന്നിവിടങ്ങളിലെ പാക്കിസ്ഥാന്‍ അനുകൂലികള്‍ 1947 ഒക്ടോബര്‍ 3 ന് റാവല്‍പിണ്ടിയില്‍ താല്‍ക്കാലിക ആസാദ് ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പ്രഖ്യാപിച്ചു.  തുടര്‍ന്ന് ആയിരക്കണക്കിന് പഷ്തൂണ്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ജമ്മു കശ്മീരിലേക്ക് മഹാരാജാവിന്റെ ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എത്തി. പാക് സൈന്യത്തിന്റെ പിന്തണയും ഇവര്‍ക്ക് ഉണ്ടായിരുന്നു. പരിചയസമ്പന്നരായ സൈനിക നേതാക്കളാണ് അവരെ നയിച്ചത്. ആക്രമണത്തെ നേരിടാന്‍  രാജാവിന് കഴിഞ്ഞില്ല. സംസ്ഥാന തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് 20 മൈല്‍ (32 കിലോമീറ്റര്‍) വടക്കുപടിഞ്ഞാറായി മുസാഫറാബാദ്, ബാരാമുള്ള പട്ടണങ്ങള്‍ റെയ്ഡറുകള്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ 24 ന് രാജാവ് ഇന്ത്യയില്‍ നിന്ന് സൈനിക സഹായം അഭ്യര്‍ത്ഥിച്ചു.
1947 ഒക്ടോബര്‍ 26 ന് രാജാ ഹരി സിംഗ് സൈനികസഹായത്തിന് പകരമായി പ്രതിരോധ, വിദേശകാര്യ, ആശയവിനിമയങ്ങളുടെ നിയന്ത്രണം ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറി. ഇന്ത്യന്‍ സൈനികരെ ഉടന്‍ തന്നെ ശ്രീനഗറിലേക്ക് വിമാനം കയറി. ഇന്ത്യന്‍, പാക് സൈന്യങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. നിരവധി മരണങ്ങള്‍ ഉണ്ടായി. പക്ഷേ അന്തിമ ജയം ഇന്ത്യക്കായിരുന്നു. വലിയ ആള്‍ നാശം പാക് പക്ഷത്തുണ്ടായി. ഒടുവില്‍ അന്നത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ 1947 ഒക്ടോബര്‍ 26 ന് ഒരു കരാറില്‍ ഒപ്പുവച്ചു. അതുപ്രകാരം നിലവിലുള്ള അവസ്ഥ തുടര്‍ന്നു. പക്ഷേ തര്‍ക്കം തുടര്‍ന്നു. 1949ലാണ് കാശ്മീരിലെ ഇന്ത്യന്‍, പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങള്‍ വേര്‍തിരിക്കുന്ന ഒരു ഔപചാരിക വെടിനിര്‍ത്തല്‍  പ്രാബല്യത്തില്‍ വന്നത്. ഈ കരാറിനെത്തുടര്‍ന്ന്,  വെടിനിര്‍ത്തല്‍സമയത്ത് തല്‍സ്ഥിതി തുടര്‍ന്നു. അതായത് ഇന്ത്യന്‍ സൈന്യം പാക്ക് സൈന്യത്തെ ഏറെ ദൂരം പിന്തള്ളിയെങ്കിലം ഒരു ഭാഗം അവരുടെ കൈയിലായി. അവര്‍ ആ കാശ്മീരിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ വിഭജിച്ച് ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍, ആസാദ് കാശ്മീര്‍ എന്നീ രണ്ടുഭാഗങ്ങളാക്കി. ചുരുക്കിപ്പറഞ്ഞാല്‍ ചോരപ്പുഴയിലൂടെയാണ് ഈ പ്രദേശം രൂപം കൊള്ളുന്നത്. അതിനുശേഷവും അതിന്റെ ചരിത്രം ചോരയുടെയും തോക്കിന്റെയും ബോംബിന്റെയും ചാവേറിന്റെതുമാണ്.
ഒരു ഭാഗം കാശ്മീര്‍ ചൈനക്ക് 
തങ്ങള്‍ പിടിച്ചെടുത്ത കാശ്മീരിന്റെ ഒരു ഭാഗം ചൈനക്ക് പാക്കിസ്ഥാന്‍ കൊടുത്തതും ഇന്നും അത്ഭുതമാണ്. ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനിലെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള ഒരു ചെറിയ പ്രദേശമായ കശ്മീരിലെ ഷാക്‌സ്ഗാം, 1963ല്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തു. ഇപ്പോള്‍ ചൈനയുടെ സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണിത്. പകരം ചൈനയുടെ സൈനിക സഹായവും ചൈനയുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ നടക്കുന്ന വികസനവും തന്നെയാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചത്. പക്ഷേ ഇപ്പോള്‍ ഈ മേഖലയിലൊക്കെ ചൈന നിരങ്ങി, അവസാനം ഗല്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ മേഖല ചൈനയുടെ സാമന്ത രാഷ്ട്രം പോലെയായി. ഇപ്പോള്‍ അവിടെ തദ്ദേശീയര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത രീതിയില്‍ ചൈനീസ് ഔട്ടപോസ്റ്റുകള്‍ പോലുമുണ്ട്! അതായത് ചങ്കിലെ ചൈന പാക്കിസ്ഥാനിനെ വിഴുങ്ങുന്നുവെന്ന് ചുരുക്കം.
ആസാദ് കശ്മീര്‍ എന്ന് പാക്കിസ്ഥാന്‍ വിളിക്കുന്ന പ്രദേശത്തിന്റെ ആറിരട്ടി വലുപ്പമാണ് ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനുള്ളത്. 1993 ല്‍ ഇത് പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ നീക്കം നടന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പുമൂലം റദ്ദാക്കേണ്ടി വന്നു.
2009 ല്‍ പരിമിതമായ സ്വയംഭരണം അനുവദിക്കപ്പെട്ടു. എന്നിരുന്നാലും,  ഈ പ്രദേശത്തിന്റെ യഥാര്‍ത്ഥ അധികാരം മുഖ്യമന്ത്രി, തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി എന്നിവയേക്കാളുപരി ഗവര്‍ണറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഗവര്‍ണറാകട്ടെ സംരക്ഷിക്കുന്നത് പാക്കിസ്ഥാന്റെയും ചൈനയുടെയും താല്‍പ്പര്യങ്ങളാണ്. ഫലത്തില്‍ സ്വയം ഭരണം ആവിയായി എന്ന് ചുരുക്കും.
പാക്കിസ്ഥാനിലെ ഷിയ ഭൂരിപക്ഷമുള്ള പ്രദേശം കൂടിയാണ് ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്. 1948 ല്‍ ഷിയകള്‍ ഇവിടെ ജനസംഖ്യയുടെ 85 ശതമാനം ഉണ്ടായിരുന്നു. ജനറല്‍ സിയാ ഉല്‍ ഹഖിന്റെ നടപടികളാണ് ഈ അനുപാതം കുറച്ചത്. മറ്റ് പ്രവിശ്യകളില്‍ നിന്നും ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റഡ് െ്രെടബല്‍ ഏരിയകളില്‍ നിന്നും സുന്നികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചാണ് ഈ മാറ്റം ഉണ്ടാക്കിയത്. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിനുശേഷം ഷിയകളുടെ വര്‍ധിച്ചുവരുന്ന വിഭാഗീയ ബോധത്തെ ചെറുക്കാനുള്ള ആഗ്രഹമാണ് ഈ നയത്തിന് പ്രചോദനമായതെന്ന് പറയുന്നത്. പക്ഷേ പതുക്കെ ഷിയകളുടെ ഈ പ്രദേശം ഭരണകൂടത്തിന്റെ ഒത്താശയോടെ സുന്നികളുടേതായി.പാക്കിസ്ഥാനില്‍ നിന്നുള്ള സുന്നികള്‍ക്ക് ലാഭകരമായ തൊഴില്‍ ഓഫറുകളും മറ്റ് പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ നല്‍കി. അതോടെ ഈ ഭൂമിയുടെ യഥാര്‍ത്ഥ നിവാസികളായ ഷിയ ഒരു ന്യൂനപക്ഷമായി!
പിഒകെ യോടുള്ള ചൈനീസ് താത്പര്യം 15,397 അടി ഉയരത്തില്‍നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റോഡായ കാരക്കോറം ഹൈവേ 4665 മീറ്ററില്‍  നിര്‍മ്മിച്ചതില്‍നിന്ന് വ്യക്തമാണ് ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൈമാറ്റം ചെയ്യാനും ചൈനയില്‍ നിന്ന് ആണവ, മിസൈല്‍ വസ്തുക്കള്‍ വിക്ഷേപിക്കാനും ഇത് ധാരാളം ഉപയോഗിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ റോഡും പാലവും ആര്‍മി ബേസുമായി ചൈന ഈ നാട് പിടിച്ചെടുത്തു. അതായത് ഇനി ഈ ഭാഗത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കുമ്പോള്‍ പാക്കിസ്ഥാന് ചൈനയോടും ചോദിക്കേണ്ടി വരും.
1972ലാണ്  ഇന്ത്യന്‍, പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലെ അതിര്‍ത്തികള്‍ നിയന്ത്രണ രേഖ എന്ന് നാമകരണം ചെയ്യപ്പെത്. 1972 ലെ സിംല ഉടമ്പടിക്ക് ”ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍” ഇരു രാജ്യങ്ങളെയും നിര്‍ബന്ധിതരാക്കി.  ആ ഉടമ്പടി കണക്കിലെടുക്കുമ്പോള്‍, ഐക്യരാഷ്ട്രസഭ പോലുള്ള ഒരു മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താതെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ചര്‍ച്ചയാണ് പ്രശ്‌നത്തിനുള്ള ഏക പരിഹാരം.
രാജ്യത്തിനുള്ളിലെ രാജ്യം
സത്യത്തില്‍ പാക്കിസ്ഥാനില്‍ ഉള്ളിലെ രാജ്യത്തിനുള്ളിലെ രാജ്യം എന്ന് പറയുന്നതാണ് പിഒകെ. പാക് ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണ് കടലാസില്‍ ഇത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം അധിനിവേശ കാശ്മീരിന് ഉണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാക്കിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം പിഒകെയുടെയും പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ല. പക്ഷേ സംഭവിക്കുന്നത് അങ്ങനെ അല്ലെന്ന് മാത്രം. ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ നീക്കം ചെയ്താല്‍, ആസാദ് കശ്മീരിലെ വിസ്തീര്‍ണ്ണം 13,300 ചതുരശ്ര കിലോമീറ്ററിലാണ്. ജനസംഖ്യ 45 ലക്ഷം. 8 ജില്ലകളും 19 തഹസില്‍സും 182 ഫെഡറല്‍ കൗണ്‍സിലുകളും ഉണ്ട്. ജമ്മു കശ്മീരിന്റെ ജനസംഖ്യ ഒന്നരക്കോടിയാണെന്ന് ഓര്‍ക്കണം. അധിനിവേശ കാശ്മീരിന്റെ മൂന്നിരട്ടിയുണ്ട് ജമ്മു കാശ്മീര്‍. പാക് അധിനിവേശ കശ്മീരിനും സ്വന്തമായി സുപ്രീം കോടതിയും ഹൈക്കോടതിയും ഉണ്ട്. ഭൂരിഭാഗം ജനങ്ങളുടെ തൊഴില്‍ കൃഷി തന്നെ.
1974 ല്‍ പാസാക്കിയ ആസാദ് കശ്മീര്‍ ഇടക്കാല ഭരണഘടന നിയമപ്രകാരമാണ് ഇവിടുത്തെ ഭരണം. സ്വന്തമായി  പാര്‍ലമെന്റ് ഇവര്‍ക്കുണ്ട്. തലസ്ഥാനം മുസാഫറാബാദിലാണ്. രാഷ്ട്രപതിഭരണഘടനാ രാഷ്ട്രത്തലവനാണ്, പ്രധാനമന്ത്രി ഒരു മന്ത്രിസഭയുടെ പിന്തുണയോടെ ചീഫ് എക്‌സിക്യൂട്ടീവ് ആണ്. പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ആസാദ് കശ്മീര്‍ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, സര്‍ക്കാരിന്റെ കാശ്മീര്‍ കാര്യ മന്ത്രാലയവും ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനും, ആസാദ് കാശ്മീര്‍ സര്‍ക്കാരുമായി ഒരു ബന്ധപ്പൊണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ സ്വന്തമായി ഒരു പ്രസിഡന്റും പ്രധാനമന്ത്രിയും ഉണ്ടെങ്കിലും എന്തിനും ഏതിനും പാക്കിസ്ഥാനെ  ആശ്രയിക്കേണ്ട ഗതികേടിയാണിതവര്‍.
ഐഎസ്‌ഐയും സൈന്യവുമാണ് ഇവിടുത്തെ രാഷ്ട്രീയ ജീവിതം നിയന്ത്രിക്കുന്നുവെന്ന് പാകിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുത്.  സത്യത്തില്‍ 72 ശതമാനം സാക്ഷരതയുള്ള നാടാണ് ഇത്. പക്ഷേ ഇവിടെ ആവശ്യത്തിന് കോളജുകള്‍ ഇല്ല. തീവ്രവാദത്തിന് ആളെക്കൂട്ടാനാള്ള പരിപാടി എന്നോണം, മദ്രസകള്‍ക്ക് ചേര്‍ന്ന്, സ്‌കുളുകള്‍ തുടങ്ങുമെന്ന് മാത്രം. അതുകൊണ്ട് സംഭവിക്കുന്നത് ഭൂരിപക്ഷം പേരുടെയും പഠനം, സ്‌കുളില്‍ അവസാനിക്കും എന്നതാണ്.അതുകൊണ്ട് തന്നെ അല്‍പ്പം വിദ്യാഭ്യാസമുള്ളവര്‍ ഈ നാട്ടില്‍നിന്ന് പലായനം ചെയ്യുന്ന അവസ്ഥയാണ്. അവര്‍ യൂറോപ്പിലോ മിഡില്‍ ഈസ്റ്റിലോ ഉള്ള രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നത്. പിന്നീട്് ഇങ്ങോട്ട് വരാറുമില്ല.
സമരക്കാരുടെ പ്ലാന്‍ ഡി എന്ത്?
പാക് അവഗണനക്കെതിരെ പി ഒ കെയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായ സമരമാണ്. വെടിവെപ്പും അക്രമങ്ങളും ഇല്ലാത്ത സമയമില്ല. ിഒകെയില്‍ പ്രക്ഷോഭം നടക്കുമ്പോഴൊക്കെ പാക്കിസ്ഥാന്‍ പറയുന്നത് അതിനുപിന്നില്‍ ഇന്ത്യയൊണെന്നാണ്. ഈ സമരം ‘പ്ലാന്‍ എ’ മാത്രമാണെന്ന്, എഎസിയുടെ പ്രധാന നേതാവായ ഷൗക്കത്ത് നവാസ് മിര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മുന്നറിയിപ്പ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.  ”ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നുവെന്ന കാര്യം അധികാരികളെ അറിയിക്കാനുള്ള സന്ദേശമാണിത്. അവാമി ആക്ഷന്‍ കമ്മിറ്റിക്ക് മറ്റു പദ്ധതികളുണ്ട്. അത് പ്ലാന്‍ ബിയും സിയുമാണ്.  അതിനുപുറമേ അതിതീവ്രമായ പ്ലാന്‍ ഡിയും ഉണ്ട്” ഷൗക്കത്ത് നവാസ് മിര്‍ പറയുന്നു. ഈ പ്ലാന്‍ ഡി എന്നത് ഇന്ത്യയുടെ ഇടപെടലായി വലിയ തോതില്‍ വായിക്കപ്പെട്ടു.
പാക് അധീന കാശ്മീരിലുള്ള അവകാശവാദം ഇന്ത്യ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം സംശയ ലേശമന്യേ വ്യക്തമാക്കിയിരുന്നു. എല്ലാ അന്തരാഷ്ട്ര ഫോറങ്ങളിലും ഇതുതന്നെയാണ് ഇന്ത്യയുടെ നിലപാട്. 2020ല്‍ കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കാശ്മീരിലെ  മുസാഫറാബാദ്, ഗില്‍ജിത്ബാള്‍ട്ടിസ്താന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) നടപടി ഇന്ത്യ ഈ മണ്ണിനുവേണ്ടി പോരാടന്‍ ഒരുക്കമാണ് എന്നതിന്റെകൂടി സൂചന ആയിരുന്നു. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവ പിഒകെയിലെ താപനിലയും കാലാവസ്ഥയും ന്യൂസ് ബുള്ളറ്റിനുകളില്‍ ഇപ്പോള്‍ പറയുന്നുണ്ട്. സ്വകാര്യ ചാനലുകളും ഇതു പിന്തുടരണം എന്ന് നിര്‍ദേശമുണ്ട്. ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ‘ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്’ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പരാമര്‍ശിക്കുന്നത്.
അതായത് ഇന്ത്യക്ക് ഇപ്പോഴും പിഒകെ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നാം നമ്മുടെ മണ്ണ് ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇന്നലെങ്കില്‍ നാളെ അത് ഭാരതത്തിന്റെ ഭാഗം ആകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറച്ചു പറയുന്നത്. ഇവിടെയാണ് പ്രക്ഷോഭകാരികളുടെ പ്ലാന്‍ ഡിയും കൂട്ടിവായിക്കപ്പെടുന്നത്.പി ഒ കെയില്‍ മാത്രല്ല, ഗില്‍ജിത് ബാള്‍ട്ടിസ്താനിലും,  ബലൂചിസ്ഥാനിലും ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുക്കുന്നവര്‍ ഏറെയുണ്ട്. 2023 സെപ്റ്റംബറില്‍ മതനിന്ദ ആരോപിച്ച് ഒരു ഷിയ പുരോഹിതനെ അറസ്റ്റ് ചെയ്തത്  ഗില്‍ജിത് ബാള്‍ട്ടിസ്താനില്‍ വ്യാപകമായ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. അന്ന് ‘ചലോ, ചലോ… കാര്‍ഗില്‍ ചലോ” (നമുക്ക് കാര്‍ഗിലിലേക്ക് പോകാം) എന്ന മുദ്രാവാക്യം ഉയര്‍ത്തി നിരവധി പ്രതിഷേധക്കാര്‍ ഈ മേഖലയെ ഇന്ത്യയുലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. പാക്കിസഥാന്റെ ‘അനധികൃത അധിനിവേശത്തില്‍’ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന വിഡീയോ കാശ്മീരി ബ്രിട്ടീഷ് ആക്റ്റീവിസ്്റ്റായ, ഷബീര്‍ ചൗധരി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പിഒകെയിലെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഷബീര്‍ ചൗധരി ചെയ്ത വീഡിയോയില്‍ പറയുന്നത്, ഇന്ത്യയിലേക്ക് ലയിക്കയാണ്, അധിനിവേശ കാശ്മീരികള്‍ക്കും നല്ലത് എന്നാണ്! തീവ്രവാദം മടുത്ത് ആ രീതിയില്‍ ചിന്തിക്കുന്നവരും പിഒകെയില്‍ ഒരുപാടുപേര്‍ ഉണ്ട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.