ഇന്നലെ ആക്രമണ ഭീഷണി… ഇന്ന് യുദ്ധവിരാമ പ്രഖ്യാപനം; ഇറാനെതിരായ ആക്രമണം നിർത്തി ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും വമ്പൻ പ്രഖ്യാപനം!

ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിയതായി പ്രഖ്യാപിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമേലുള്ള ആക്രമണങ്ങൾ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന പ്രകാരമാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ അഭ്യർഥന പ്രകാരം, ‘ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും  അതിജീവനത്തിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു’. ഇസ്രയേലും അമേരിക്കയ്‌ക്കൊപ്പം ഈ പ്രതിബദ്ധതയിൽ ചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായും തുറന്നുകൊടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൈനികശക്തിയോടെ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പോരാടാൻ തയ്യാറായി നിൽക്കുകയാണ് അമേരിക്ക. എന്നിരുന്നിട്ടും ഇറാനും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളും ഒരു കരാറിന് സമ്മതിച്ചതിനാൽ ആക്രമണം മാറ്റിവെക്കാൻ തീരുമാനിക്കുകയാണ്. ഈ കരാറിൽ ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും തുറന്നുകൊടുക്കുന്നതും ഇറാന്റെ ആണവ ഭീഷണിക്ക് അറുതി വരുത്തുന്നതും ഉൾപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം ഇറാൻ തടസ്സപ്പെടുത്തിയിരുന്നു.
ഇറാനെതിരേ കടുത്ത ആക്രമണമുണ്ടാകുമെന്ന് കഴിഞ്ഞരാത്രി ട്രംപ് കാബിനറ്റ് മീറ്റിങ്ങിൽ പറഞ്ഞിരുന്നു. ‘ഞങ്ങൾക്കത് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല’ എന്ന് ഇറാൻ പറയുന്നതുവരെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.