തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.
അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയ വള്ളം മുതലപ്പൊഴിക്ക് സമീപം വെച്ച് മറിയുകയായിരുന്നു. അപകടസമയത്ത് വള്ളത്തിൽ നാലുപേർ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻ രണ്ടുപേരെ നാട്ടുകാരും ഫിഷറീസ് സംഘവും ചേർന്ന് രക്ഷപ്പെടുത്തി. രണ്ട് പേരെയാണ് കടലിൽ കാണാതായത്.
രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് കാണാതായവരുടെ ബന്ധുക്കൾ ഇന്നലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഉടൻ അടിയന്തര നടപടി വേണമെന്നാണ് അവരുടെ ആവശ്യം.പ്രതിഷേധത്തെ തുടർന്ന് ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ടു. കാണാതായവരെ കണ്ടെത്തുന്നതിനായി സ്കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് കളക്ടർ ഉത്തരവിട്ടു.
ഫ്രീമോണിന്റെ മൃതദേഹം കണ്ണാന്തുറ കടൽത്തീരത്ത് നിന്നാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഇനി കാണാതായ മറ്റൊരു മത്സ്യത്തൊഴിലാളിക്കായി തീരദേശ പോലീസും ഫിഷറീസ് വകുപ്പും നാവികസേനയും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ കടൽക്ഷോഭം രൂക്ഷമായതിനാൽ തിരച്ചിൽ ഏറെ ബുദ്ധിമുട്ടുകയാണ്.മുതലപ്പൊഴി കേരളത്തിലെ ഏറ്റവും അപകടകരമായ മത്സ്യബന്ധന മുഖങ്ങളിലൊന്നാണ്. ശക്തമായ അടിയൊഴുക്കും ഉയർന്ന തിരയും കാരണം ഇവിടെ നിരവധി അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.


കയ്യിൽ പെട്രോൾ കന്നാസ്, ലക്ഷ്യം ബാർ; വെമ്പായം ആക്രമണത്തിന് മുൻപുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തം







