അര്‍ജുന്റെ വേദന മായും മുന്‍പ് രാജേഷ്, തിരച്ചില്‍ തുടരുന്നു. ആ പോരാളി തിരിച്ചുവരുമെന്ന് പ്രതീക്ഷ

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍ മറന്നിട്ടില്ല ആരും. അന്ന് കണ്ണീരോര്‍മ്മയായി അര്‍ജുന്‍ മാറി. ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട് രണ്ടാഴ്ച മുന്‍പാണ് തികഞ്ഞത്.
ഒരു പെരുമഴക്കാലത്തിന്റെ തോരാദുഃഖമായി വിക്ടര്‍ ജോര്‍ജ് ഓര്‍മ്മയായിട്ട് കാല്‍നൂറ്റാണ്ട് തികഞ്ഞത് ജൂലൈ 9 നാണ്. ഇപ്പോഴിതാ രാജേഷും. സാഹസികത എന്നും ഹരമായിരുന്ന, ദുരന്തമുണ്ടായാല്‍ ഭയമില്ലാതെ ഓടിയെത്തുന്ന രാജേഷിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും.

അഡ്വഞ്ചര്‍ ഡിസാസ്റ്റര്‍ സൊസൈറ്റിയില്‍ അംഗമായ രാജേഷ് ഒരു മാസം മുമ്പാണ് കണ്ണൂരില്‍ പരിശീലനത്തിന്റെ ഭാഗമായി പോയത്. ഒരാഴ്ചമുമ്പ് രാജേഷ് നാട്ടിലെത്തി മടങ്ങിയിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കായികതാരംകൂടിയായ രാജേഷ് ത്രോ ബോളില്‍ ദേശീയ ടീം അംഗമാണ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. എന്‍.സി.സി. കേഡറ്റുകള്‍ക്ക് ട്രക്കിങ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജേഷിനെ കാണാതായെന്നറിഞ്ഞ് സുഹൃത്തുക്കള്‍ കണ്ണൂരില്‍ തന്നെയുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് രാജേഷിന്റെ ഇളയ സഹോദരന്‍ രഞ്ജിത്ത് ട്രെയിനില്‍നിന്നു വീണ് മരിച്ചത്. ഇപ്പോഴിതാ സഹോദരി ആശയെയും ഭാര്യ ഷാഫിയയെയും മക്കളായ ആര്‍ഷനെയും അഭിഷേകിനെയും വേദനയിലാക്കി കാണാമറയത്ത്. എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് കുടുംബം. കല്ലിയൂര്‍ കിഴക്കെ തെറ്റിവിള രാജേഷ് ഭവനില്‍ രാജശേഖരന്റെയും ഗീതയുടെയും മകന്‍ രാജേഷിനെ കണ്ണൂരില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് കാണാതായത്. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയില്‍ റാപ്പലിങ് ഇന്‍സ്ട്രക്ടര്‍ രാജേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഞായറാഴ്ച രാത്രി വൈകിയും കണ്ടെത്തിയില്ല. അറുപത്തിയൊന്നുകാരനായ തനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു. തന്നെ രക്ഷിക്കാന്‍ രാജേഷ് വരേണ്ടിയിരുന്നില്ലായെന്ന് രക്ഷപ്പെട്ട ബെന്നി പരിതപിക്കുമ്പോള്ഡ ആ വേദനയും കണ്ടുനില്‍ക്കാനാകില്ല. ലൈഫ്ജാക്കറ്റ് ഊരിനല്‍കി മരണമുഖത്ത് നിന്നും ബെന്നിക്ക് മറുപിറവി നല്‍കി. രാജേഷ് തിരിച്ചുവരുമെന്ന് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ഉറ്റവര്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ റെപ്പലിങ് ഇന്‍സ്ട്രക്ടര്‍ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍. രാജേഷിനെ ഓര്‍ത്ത് സങ്കടപ്പെടുകയാണ് ബെന്നി. ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്.11.30ഓടെ കര്‍ണാടകവനത്തില്‍ ഉരുള്‍പൊട്ടിയതറിഞ്ഞ് മീന്തുള്ളി നോര്‍ത്തിലെ കൃഷിയിടത്തില്‍ എത്തിയതായിരുന്നു ബെന്നി. കര്‍ണാടകവനത്തിനും കാര്യങ്കോടുപുഴയ്ക്കും ഇടയിലുള്ള തുരുത്താണ് അവിടം.

കാല് മൂടാനുള്ള വെള്ളമേയുണ്ടായിരുന്നുള്ളൂ. കാപ്പിത്തൈകളില്‍ അടിഞ്ഞുകൂടിയ ചപ്പുചവറുകള്‍ നീക്കി. മൂന്നുമണിയോടെ പുഴയില്‍ വെള്ളം കൂടിവരാന്‍ തുടങ്ങി. മോട്ടോറും യന്ത്രസാമഗ്രികളും പണിയായുധങ്ങളും വേഗം എടുത്തുവെച്ച് മടങ്ങാന്‍ തീരുമാനിച്ചു. കാണക്കാണെ പെട്ടെന്ന് പെരുകിവരുന്ന വെള്ളം അരയ്‌ക്കൊപ്പമായപ്പോള്‍ കാര്യം കുഴപ്പമാണെന്ന് മനസ്സിലായി. 1971 മുതല്‍ പരിചയമുള്ളതാണ് പുഴയും പുഴയുടെ ഒഴുക്കും. വേഗം ഫോണെടുത്ത് ഭാര്യ ആന്‍സിയെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തംഗം റോഷി ജോസിനെ വിളിച്ചു. പേടിക്കണ്ട, അഗ്‌നിരക്ഷാസേനയെ അയക്കാമെന്ന് പറഞ്ഞു. ഇരുവശത്തുകൂടിയും വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങി.

ശക്തമായ ഒഴുക്കില്‍ കാലിടറിയതോടെ ഫോണ്‍ തെറിച്ചുപോയി. ചെരിപ്പും പോയി. ഒഴുക്കിനെ പ്രതിരോധിക്കാന്‍ ഷര്‍ട്ടും ഊരിവിട്ടു. കാടുവെട്ട് യന്ത്രവും മോട്ടോറും പണിയായുധങ്ങളും സൂക്ഷിച്ചിരുന്ന ഷെഡ് അടക്കം ഒഴുകിപ്പോയി. വെള്ളം കഴുത്തറ്റമായപ്പോള്‍ തെങ്ങില്‍ വട്ടംപിടിച്ച് നിന്നു. ദൂരെനിന്ന് റാഫ്റ്റില്‍ രാജേഷും സുഹൃത്തുക്കളും വരുന്നത് കണ്ടു. എറിഞ്ഞുകൊടുത്ത കയര്‍ തെങ്ങില്‍ കെട്ടുന്നതിനിടെ വിരല്‍ അതിനിടയില്‍ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തി. രാജേഷ് തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു.

പിന്നെ ബെന്നി മുന്നിലും ഷിബിനും ജിതിനും ഏറ്റവും പിന്നിലായി രാജേഷും കയറില്‍ തൂങ്ങി ഇക്കരയ്ക്ക് തിരിച്ചു. 40 മീറ്ററോളം വീതിയുണ്ട് പുഴയ്ക്ക്. കുത്തനെയുള്ള ഒഴുക്കും പാറക്കെട്ടുമാണ് പുഴയില്‍. കരയ്ക്ക് കയറി തിരിഞ്ഞുനോക്കുമ്പോഴാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത് കണ്ടതെന്ന് ബെന്നി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ സമ്പന്നയില്‍ ബെന്നിയെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. പുഴയ്ക്ക് ഇക്കരെ എത്താറായപ്പോള്‍ കയറില്‍നിന്ന് പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. പാറക്കെട്ടുകളില്‍ കയറില്‍ പിടിച്ചുകയറുന്നതില്‍ വിദഗ്ധനായ രാജേഷിന് നന്നായി നീന്തലറിയാവുന്നതിനാല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.