തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് യുവ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം നല്കാൻ ആഭ്യന്തര വകുപ്പ് അതിവേഗത്തിൽ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ കൈയ്യൊപ്പ് പതിഞ്ഞാൽ ഉടൻ തന്നെ ഉത്തരവിറങ്ങും.
തസ്തികയോ ശമ്പളമോ ഇല്ലാതെ ‘വെയിറ്റിംഗ് ഫോര്‍ പോസ്റ്റിംഗില്‍’ കടുത്ത നിരാശ നേരിട്ടിരുന്ന മൂന്ന് മിടുക്കരായ ഉദ്യോഗസ്ഥര്‍ക്കാണ് ഒടുവില്‍ അര്‍ഹമായ പദവികള്‍ നല്കി ഉത്തരവിറങ്ങുന്നത്. ബി. കാര്‍ത്തിക്കിന് മാനന്തവാടി എ.എസ്.പി.യായും, ഡോ. ഒ. അപര്‍ണ്ണയ്ക്ക് പുത്തന്‍കുരിശ് എ.എസ്.പി.യായും, മോഹിത് റാവത്തിന് എറണാകുളം ജില്ലാ പരിധിയിലുമാണ് പുതിയ നിയമനം നല്‍കുക. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഇവരുടെ ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരമാകും. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ വിഷയം മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വന്നത്.

നേരത്തെ, എ.എസ്.പി. പദവിയില്‍ കൃത്യസമയത്ത് പോസ്റ്റിംഗ് ഉത്തരവുകള്‍ നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു. സേനയില്‍ തിളങ്ങിനിന്ന ഈ ഉദ്യോഗസ്ഥരെ തസ്തിക നല്‍കാതെ മാറ്റിനിര്‍ത്തിയത് വലിയ അനാസ്ഥയായി ചര്‍ച്ചകളില്‍ നിറയുകയും ഐ.പി.എസ്. കേഡറിനുള്ളില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ആഭ്യന്തര വകുപ്പ് നേരിട്ട കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
നിയമനം ലഭിച്ചവരില്‍ ശ്രദ്ധേയനായ ബി. കാര്‍ത്തിക്, മലപ്പുറം കൊണ്ടോട്ടിയില്‍ എ.എസ്.പി.യായിരിക്കെ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘങ്ങള്‍ക്കും ലഹരി മാഫിയകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച ഉദ്യോഗസ്ഥനാണ്. മലബാര്‍ മേഖലയിലെ അധോലോക നെറ്റ്വര്‍ക്കുകളുടെ നട്ടെല്ലൊടിക്കാന്‍ കാര്‍ത്തിക് എടുത്ത കര്‍ഷന നടപടികള്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2023 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ കാര്‍ത്തിക്, വാളപട്ടണം സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കവേ വിരമിക്കുന്ന ഒരു താഴെത്തട്ടിലെ എസ്.ഐ.യോടുള്ള ആദരസൂചകമായി ഔദ്യോഗിക ജീപ്പ് ഡ്രൈവ് ചെയ്ത് അദ്ദേഹത്തെ വീട്ടിലെത്തിച്ച സംഭവത്തിലൂടെ ജനകീയ മുഖമായി മാറിയ വ്യക്തി കൂടിയാണ്. വയനാട് ജില്ലയിലെ മാനന്തവാടിയിലേക്ക് എത്തുമ്പോള്‍ മലയോര മേഖലയിലെ ക്രമസമാധാന പാലനത്തില്‍ കാര്‍ത്തികിന്റെ സേവനം നിര്‍ണ്ണായകമാകും.
കൊല്ലം റൂറല്‍ മേഖലയില്‍ പുനലൂര്‍ എ.എസ്.പി.യായി സേവനമനുഷ്ഠിച്ച് വന്‍ ജനപ്രീതി നേടിയ ഉദ്യോഗസ്ഥയാണ് പുതിയ ഉത്തരവിലൂടെ പുത്തന്‍കുരിശ് എ.എസ്.പി.യായി നിയമിക്കപ്പെട്ട ഡോ. ഒ. അപര്‍ണ്ണ. പോലീസിംഗിലെ കാര്യക്ഷമത കൊണ്ടും ജനകീയ സമീപനം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായ അപര്‍ണ്ണ, കോവിഡ് കാലത്താണ് ഡോക്ടര്‍ പദവിയില്‍ നിന്ന് ആദ്യ ശ്രമത്തില്‍ തന്നെ 475-ാം റാങ്കോടെ ഐ.പി.എസ്. സ്വന്തമാക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഓഫീസര്‍ കൂടിയായ ഇവര്‍, മലപ്പുറം ജില്ലാ ഹെഡ്ക്വാട്ടേഴ്സില്‍ നിന്ന് എസ്.ഐ.യായി വിരമിച്ച അനല്കുമാറിന്റെ മകളാണ്. കൊച്ചി നഗരത്തോട് ചേര്‍ന്നുള്ള പുത്തന്‍കുരിശില്‍ ക്രമസമാധാന ചുമതല അപര്‍ണ്ണ ഏറ്റെടുക്കുന്നത് മേഖലയിലെ ക്രൈം ട്രാക്കിംഗിന് പുതിയ വേഗം നല്‍കും.
ഗവര്‍ണറുടെ എ.ഡി.സി.യായി സേവനമനുഷ്ഠിച്ച 2021 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ മോഹിത് റാവത്താണ് എറണാകുളത്ത് പുതിയ ചുമതലയില്‍ പ്രവേശിക്കുന്നത്. ഹരിയാന സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ മോഹിത്, രാജ്ഭവനിലെ എ.ഡി.സി. പദവിയില്‍ മികച്ച സേവന മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥനാണ്. സര്‍വീസില്‍ കാര്യക്ഷമത തെളിയിച്ചിട്ടും ഭരണതലത്തില്‍ ഉണ്ടായ കോര്‍ഡിനേഷന്‍ പിഴവ് മൂലം മാറ്റിനിര്‍ത്തപ്പെട്ട മോഹിത് റാവത്തിന് ലഭിച്ച എറണാകുളത്തെ പുതിയ പോസ്റ്റിംഗ്, അദ്ദേഹത്തിന്റെ സര്‍വീസ് മികവിന് ലഭിച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
നേരത്തെ, ഡിവൈ.എസ്.പി.മാരുടെ പുതിയ സ്ഥലംമാറ്റവും നിയമന ലിസ്റ്റും പുറത്തുവന്നപ്പോഴാണ് ഈ യുവ ഉദ്യോഗസ്ഥർക്ക് പോസ്റ്റിംഗ് നല്‍കാതെ അവഗണിച്ചത്. പുതിയ തസ്തികയില്‍ പ്രവേശിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സാലറി ബില്ലുകള്‍ മാറി നല്കാന് സാധിക്കൂ എന്നിരിക്കെ, ജോലി ചെയ്തിട്ടും ശമ്പളമില്ലാത്ത ഇവരുടെ അവസ്ഥ ഐ.എ.എസ്., ഐ.പി.എസ്. തലം മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിതുറന്നിരുന്നു.
സേനയിലെ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയെക്കുറിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ആഭ്യന്തര വകുപ്പ് അടിയന്തരമായി ഫയലുകള്‍ നീക്കിയതും പോസ്റ്റിംഗ് ഉത്തരവുകള്‍ തയ്യാറാക്കിയതും. പോലീസിംഗില്‍ കഴിവും തത്വദീക്ഷയും തെളിയിച്ച ഉദ്യോഗസ്ഥരെ കൃത്യസമയത്ത് തസ്തികകളില്‍ നിയമിക്കാതിരിക്കുന്നത് ഭരണപരമായ വലിയ വീഴ്ചയാണെന്ന് സേനയ്ക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.
അര്‍ഹമായ പദവികള്‍ കൃത്യസമയത്ത് നല്കി യുവ ഉദ്യോഗസ്ഥരുടെ സേവനം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ വൈകിയെങ്കിലും, നിലവിലെ അതിവേഗ തീരുമാനം ആഭ്യന്തര വകുപ്പിന് ആശ്വാസമേകുന്നതാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സ്വയം ഹാക്ക് ചെയ്തതല്ല; Anthropic-ന്റെ Claude മൂന്ന് കമ്പനികളുടെ സെർവറുകളിൽ പ്രവേശിച്ചു; സുരക്ഷാ ഭീഷണിയിൽ ലോകം ; യുഎസ് സർക്കാർ ഇടപെടാൻ സാധ്യത!







