ആവേശമൊക്കെ നല്ലതാണ് പക്ഷെ ഇരട്ടത്താപ്പ് കാണിച്ചാല്‍ അതങ്ങ് കയ്യില്‍ വച്ചാല്‍ മതിയെന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് മലയാളികള്‍. ബജറ്റില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തട്ടിവിടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഒരു ജലബോബിന് കീഴിലാണ് മലായാളികളെന്ന് വിദഗ്ധടക്കം നല്കിയ മുന്നിയിപ്പുകളും പഠന റിപ്പോര്‍ട്ടുകളൊക്കെ കേട്ട് ആശങ്കയിലായ ഒരു ജനതയെ വിജയ് കണ്ടില്ലേ. നിങ്ങളുടെയടക്കം സിനിമകള്‍ വന്‍വിജയമാക്കിയ ഒരു ജനത ജീവനും കയ്യില്‍ പിടിച്ച് നില്ക്കുമ്പോള് ഇത്ര ലാഘവത്തോടെയാണോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. ഒരു ചര്‍ച്ച പോലും നടത്താതെ അങ്ങ് പ്രഖ്യാപിക്കുകയാണ്.ജലനിരപ്പ് ഉയര്‍ത്തുമെന്ന്.
കാവേരിയും മുല്ലപ്പെരിയാറും തമിഴ്നാടിന് വിഷയം ആകുന്നത് പോലെ തന്നെ കേരളത്തിനും കര്‍ണാടയ്ക്കും ഒക്കെ ചോദ്യമുണ്ടെന്ന് അറിയണ്ടേ വിജയ് സര്‍ക്കാരിന്. കാലാവസ്ഥ പ്രതിസന്ധി ലോകമെങ്ങും ഉള്ളത് പോലെ കേരളത്തിലും പ്രകടമാണെന്ന് മാത്രമല്ല വലിയ ആശങ്കയാണ്. കനത്തമഴ പെയ്താല്‍ കേരളത്തില്‍ പലയിടത്തും പ്രളയ സമാന സാഹചര്യം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണിയാണെന്ന് നമ്മള് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതായാലും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് പറഞ്ഞു എന്നതില്‍ ആശ്വസിക്കാം, തമിഴ്നാടുമായി മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് സാധ്യത തേടുമെന്നാണ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നുള്ളത് കൊണ്ട് ഡാമിന് താഴെ താമസിക്കുന്ന ആയിരകണക്കിന് മനുഷ്യരുടെ നീറുന്ന ചോദ്യങ്ങള്‍ക്ക് ആശങ്കകള്‍ക്ക് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കാം.
പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചുനില്‍ക്കുകയാണെന്നും ഡാം സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണെന്നും കേരളം വ്യക്തമാക്കി കഴിഞ്ഞു. മുന്‍കാലങ്ങളിലും അത് വ്യക്തതയോടുകൂടി തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ല, കേരളം അതിനോട് യോജിക്കുന്നില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്ന്നുനില്ക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്.

അതുകൊണ്ടുതന്നെ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും ആ കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡാമുകളുടെ സുരക്ഷ പരിശോധിക്കണം എന്ന ആവശ്യം സുപ്രിം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഡിസംബര്‍ 31-ന് മുമ്പ് നടക്കേണ്ട കാര്യമാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഇതുവരെ ആ സുരക്ഷാ പരിശോധന പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. ബേബി ഡാം ബലപ്പെടുത്തലുമായി സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങളും ഇതുവരെ നടപ്പിലായിട്ടില്ല.
ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും സുപ്രീം കോടതി പറഞ്ഞത് നടക്കാതെ നില്ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ആവശ്യം തമിഴ്നാട് ഉന്നയിച്ചത് തന്നെ നിര്‍ഭാഗ്യകരമാണ്. 142 അടിയില്‍ നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് മാറ്റാന്‍ ഇപ്പോള്‍ കേരളത്തിനോ തമിഴ്നാടിനോ അവകാശമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാടുകള്‍ സുപ്രിം കോടതി പരിശോധിച്ച് തീര്‍പ്പുണ്ടാകണം എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം.
തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനം വന്ന ശേഷം മുഖ്യമന്ത്രി വി.ഡി സതീശന് അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാടിന് ആവശ്യമായ വെള്ളം കൊടുക്കുന്നതിനും കേരള ജനതയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും കഴിയുന്ന വിധത്തില്‍ അഭിപ്രായ സമന്വയത്തോടെ ഇത് പരിഹരിക്കണമെന്നും മുറവിളി ഉയരുകയാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടി വെള്ളം നിലനിര്‍ത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ അഭിപ്രായം. പുതിയ ഡാം വേണമെന്നുള്ളത് തന്നെയാണ് കേരളത്തിന്റെ നിലപാട്. അതില്‍ യാതൊരു മാറ്റവുമില്ലെന്ന് മോന്‍സ് ജോസഫ് ജോസഫ് വിജയോട് അടിവരയിട്ട് പറയുന്നുവെന്ന് വ്യക്തം.
അവതരിപ്പിച്ച വിജയ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കും. അന്തര്‍സംസ്ഥാന നദീജല പങ്കുവയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കും. ദീര്‍ഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും എന്നിങ്ങനെയായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം. തമിഴ്നാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളം പല കാര്യങ്ങളിലും തമിഴ്നാടിനെയും തിരിച്ചും ആശ്രയിക്കുന്നു എന്നതും മറക്കരുത്. അതുകൊണ്ട് എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന തീരുമാനങ്ങള്‍ അതിവേഗം ഉണ്ടാകണമെന്ന മുറവിളിയാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ ഉയരുന്നത്.


നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ
സൂര്യ രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഫാൻസ് അസോസിയേഷൻ.







