ആഭ്യന്തരമന്ത്രിയേയും പോലീസിനേയും വെല്ലുവിളിച്ച ആയങ്കിയെ പൂട്ടാന്‍ പോലീസ് ; ആയങ്കിയുടെ പിന്നിലാര് ? സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതും കേസ് നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതും മറ്റൊരാള്‍ ?

കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിയും ഭീഷണിയും മുഴക്കിയ കേസിൽ വിവാദ നായകൻ അർജുൻ ആയങ്കിക്കായി പൊലീസ് വലവിരിച്ചു. ഒളിവിലിരുന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും വെല്ലുവിളിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും പ്രതിയെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. മന്ത്രിയുടെ കർശന ഉത്തരവിന് പിന്നാലെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കൊച്ചി സിറ്റി പൊലീസും പ്രത്യേക അന്വേഷണ സംഘവും വ്യാപക തിരച്ചിൽ ആരംഭിച്ചു.

കോതമംഗലം സി.ഐയെയും ഊന്നുകൽ എസ്.എച്ച്.ഓയെയും വധഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പ്രതി ഒളിവിൽ പോയി സോഷ്യൽ മീഡിയയിലൂടെ പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കാൻ തുടങ്ങിയത്. താൻ കീഴടങ്ങില്ലെന്നും “പറ്റുമെങ്കിൽ പിടിച്ചോ” എന്നുമുള്ള രീതിയിലാണ് ആയങ്കി ഇൻസ്റ്റാഗ്രാമിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടുകയും ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദേശം നൽകുകയും ചെയ്തത്.

തൊട്ടടുത്ത നിമിഷം മുതൽ എറണാകുളം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ആയങ്കിയുടെ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിലായി ലഭിച്ചത് ഈ പരിസരങ്ങളിൽ നിന്നാണെന്ന് കണ്ടെത്താനായി. എന്നാൽ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുള്ള തന്ത്രങ്ങളും പ്രതിയുടെ ഭാഗത്തുനിന്ന് നടക്കുന്നതായി പൊലീസ് സംശയിക്കുന്നു.

ആയങ്കിയുടെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള തുടർച്ചയായ പോസ്റ്റുകളും ഭീഷണി സന്ദേശങ്ങളും ലൊക്കേഷനുകൾ മാറ്റിമറിച്ച് മറ്റാരോ ആണ് പോസ്റ്റ് ചെയ്യുന്നതെന്ന നിഗമനത്തിലാണ് സൈബർ സെൽ എത്തിയിരിക്കുന്നത്. പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് സമയം വൈകിപ്പിക്കാനും, അന്വേഷണ സംഘത്തിന്റെ ശ്രദ്ധ മറ്റ് വഴികളിലേക്ക് തിരിച്ചുവിടാനുമാണ് ഈ സമാന്തര സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ ശ്രമിക്കുന്നതെന്നാണ് സൂചന.

എന്നാൽ, പൊലീസിനെ വ്യാജ ലൊക്കേഷനുകളിലൂടെ വഴിതെറ്റിക്കാൻ ശ്രമിച്ചാലും പ്രതിക്ക് രക്ഷപ്പെടാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയെ നേരിട്ട് അധിക്ഷേപിക്കുകയും ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്തതിന് ഔദ്യോഗികമായി പുതിയ കേസ് കൂടി ആയങ്കിക്കെതിരെ രജിസ്റ്റർ ചെയ്യും. ഇതോടെ കുറ്റപത്രത്തിൽ കൂടുതൽ ഗുരുതര വകുപ്പുകൾ കൂടി ഉൾപ്പെടും.

അതേസമയം, കേരളത്തിൽ വെച്ച് അറസ്റ്റിലാവുകയാണെങ്കിൽ വിചാരണാ നടപടികൾ വേഗത്തിലാവുമെന്ന കണക്കുകൂട്ടലിൽ, മുൻകൂർ ജാമ്യത്തിനായി നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് അർജുൻ ആയങ്കിയുടെ നീക്കമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഡൽഹിയിലെ പ്രമുഖ അഭിഭാഷകരുമായി ഇയാൾ ബന്ധപ്പെട്ടു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് കൊച്ചി സിറ്റി പൊലീസിന്റെ തിടുക്കപ്പെട്ടുള്ള നീക്കം.

റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ലോഡ്ജുകൾ, വിശ്വസ്തരുടെ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ തന്നെ അർജുൻ ആയങ്കിയെ വലയിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.