ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല, പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി’: വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയെന്നും കൂട്ടിച്ചേർത്തു. വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി തുടരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…

രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡിബിടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.

കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്‍റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്‍റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്‍റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്‍റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്‍റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.