ജയിലിലെ അടിക്ക് പകരം ചാലകമ്പോളത്തില്‍ നടുറോഡില്‍ വച്ച് തിരിച്ചടി; ജയില്‍ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നേരെ മുന്‍ തടവുകാരന്റെ ക്രൂരമായ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്തെ തിരക്കേറിയ ചാല കമ്പോളത്തില്‍ കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തിയ ജയില്‍ ഉദ്യോഗസ്ഥന് നേരെ മുന്‍ തടവുകാരന്റെ വക ക്രൂരമായ മര്‍ദ്ദനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ പ്രിജിത്തിനാണ് മര്‍ദ്ദനമേറ്റത്. തടയാന്‍ ശ്രമിച്ച പ്രിജിത്തിന്റെ ഭാര്യയെയും പ്രതി കൈയേറ്റം ചെയ്തു. സെന്‍ട്രല്‍ ജയിലിലെ മുന്‍ തടവുകാരനായ ആഷിക്ക് ആണ് അക്രമം നടത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയോടൊപ്പം ചാലയില്‍ ഷോപ്പിംഗിനായി എത്തിയതായിരുന്നു പ്രിജിത്. ഈ സമയത്താണ് അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയായ ആഷിക്ക് ഇവരുടെ മുന്നിലെത്തുന്നത്. പ്രിജിത്തിനെ കണ്ടയുടന്‍ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഉദ്യോഗസ്ഥന്റെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന ഭാര്യ നിലവിളിച്ചതോടെ പ്രതി അവര്‍ക്ക് നേരെ തിരിയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ മുന്‍ തടവുകാരനായ ആഷിക്ക് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

മുന്‍പും നിരവധി അക്രമക്കേസുകളില്‍ പ്രതിയായ ആഷിക്ക്, ഡോക്ടറെ ആക്രമിച്ച കേസില്‍ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിഞ്ഞിരുന്നത്. ജയിലിനുള്ളില്‍ വെച്ച് അടിപിടിയുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.