ഇടത് പാര്‍ട്ടികള്‍ ടിവികെയെ കൈവിട്ടു അണ്ണാമലൈയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ്‌യെ ഞെട്ടിച്ച നിര്‍ണായക തീരുമാനം സഖ്യമില്ല, തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കും

കഴിഞ്ഞ ദിവസം അണ്ണാമലൈ തൊടുത്തുവിട്ട അമ്പ് വിദൂരഭാവിയില്‍ ടിവികെയ്ക്ക് കൊള്ളുമോ എന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ഇതാ ഇടതുപാര്‍ട്ടികളുടെ വക പ്രഹരം ടിവികെയ്ക്ക്. തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും എന്നാല്‍ ടിവികെ സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നത് തുടരുമെന്നും ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സംഭവിച്ച ഭരണമാറ്റം 2031-ലും ആവര്‍ത്തിക്കുമെന്ന് വി ദി ലീഡര്‍ പാര്‍ട്ടിനേതാവും ബി.ജെ.പി. മുന്‍സംസ്ഥാനപ്രസിഡന്റുമായ കെ. അണ്ണാമലൈല പൊള്ളാച്ചിയില്‍ സംഘടനയുടെ ആദ്യസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞത് തമിഴകത്ത് വലിയ ചര്‍ച്ചയായിരുന്നു.

ഇതിനിടയിലാണ് കൂടെ നില്‍ക്കുന്നവരുടെ വക കുത്ത്. തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് നിലപാടിലാണ് ഇടതുപാര്‍ട്ടികള്‍. ഒരു സഖ്യത്തിന്റെയും ഭാഗം ആകില്ലെന്ന് സിപിഐ വ്യക്തമാക്കി. സിപിഎമ്മും സിപിഐയും ഒന്നിച്ച് മത്സരിക്കുമെന്നും ഉപതെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു. നേരത്തെ, തമിഴക വെട്രി കഴകം വിളിച്ചുചേര്‍ത്ത സഖ്യകക്ഷികളുടെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐയും സിപിഎമ്മും തീരുമാനിച്ചിരുന്നു. തമിഴ്നാട്ടില്‍ ടിവികെയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമല്ലാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് ഇരുപാര്‍ട്ടികളും വ്യക്തമാക്കി.

സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിനോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളും കര്‍ഷകരും ടിവികെ സഖ്യത്തിന്റെ ഭാഗമല്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ക്കായി നടത്തുന്ന യോഗത്തില്‍ തങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ടിവികെ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് ഇടതുകക്ഷികളുടെ തീരുമാനം.

തങ്ങള്‍ സര്‍ക്കാരിന്റെയോ മന്ത്രിസഭയുടെയോ ഭാഗമല്ലെന്നും അതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും വ്യക്തമാക്കി. ഭരണമുന്നണിയില്‍ ഇല്ലെങ്കിലും സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്ക് ആവശ്യാനുസരണം പിന്തുണ നല്‍കുന്നത് തുടരുമെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്. എന്തായാലും ഒരു വശത്ത് കൂടെ നില്‍ക്കുമെന്ന് പറയുന്നു മറുവശത്ത് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പറയുന്നു. ഈ തീരുമാനം വരുന്ന തിരഞ്ഞെടപ്പില്‍ ജനനായകന് വില്ലനായി മാറുമോ അതോ സിനിമാസ്‌റ്റൈലില്‍ മുഖ്യന്‍ അടിച്ചൊതുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.