ഡോർട്മുണ്ടിലെ കൂട്ടുകാർ ഇന്ന് എതിരാളികൾ; ഹാലൻഡും ബെല്ലിങ്ഹാമും നേർക്കുനേർ, ഇന്ന് അവസാനിക്കുക ആരുടെ ലോകകപ്പ് സ്വപ്നം?

മിയാമി : ഇന്ന് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വേദിയിൽ ഇംഗ്ലണ്ടും നോർവേയും കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് വെറുമൊരു പോരാട്ടത്തിനല്ല. മിയാമിലെ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കാൻ പോകുന്നത് മൈതാനത്തെ ഏറ്റവും സുന്ദരമായ ഒരു സൗഹൃദത്തിന്റെ വൈകാരിക പരീക്ഷണത്തിനാണ്. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ ഒരുമിച്ച് പന്തുതട്ടി, പരസ്പരം കെട്ടിപ്പിടിച്ച് ഗോളുകൾ ആഘോഷിച്ച ജൂഡ് ബെല്ലിങ്ഹാമും എർലിങ് ഹാലൻഡും ഇന്ന് ഒരേ ലോകകപ്പ് വേദിയിൽ പരസ്പരം എതിർചേരികളിൽ അണിനിരക്കുകയാണ്.

ഒരു കളി ജയിക്കാൻ തന്ത്രങ്ങളും കരുത്തും എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ മനോഹരമാണ് കളിക്കളത്തിൽ വിരിയുന്ന ചില ആത്മബന്ധങ്ങൾ. 2020 മുതൽ 2022 വരെയുള്ള കാലഘട്ടത്തിലാണ് ഇരുവരും ബൊറൂസിയ ഡോർട്മുണ്ടിൽ ഒരേ മഞ്ഞ ജേഴ്സിയിൽ ഒന്നിക്കുന്നത്. അന്ന് യുവത്വത്തിന്റെ പ്രസരിപ്പിൽ ഹാലൻഡിന്റെ കൊടുങ്കാറ്റ് പോലെയുള്ള മുന്നേറ്റങ്ങൾക്ക് ബെല്ലിങ്ഹാമിന്റെ മധ്യനിരയിലെ തന്ത്രങ്ങൾ പലപ്പോഴും വഴിമരുന്നിട്ടു. മൈതാനത്തിനകത്തും പുറത്തും ഇവർ കാത്തുസൂക്ഷിച്ച ഈ ആത്മബന്ധം ഫുട്ബോൾ ലോകത്ത് ‘ബ്രോമാൻസ്’ എന്ന പേരിൽ എന്നും ആരാധകർ നെഞ്ചേറ്റിയ ഒന്നാണ്.

ബൊറൂസിയ ഡോർട്മുണ്ട് വിട്ടതിനുശേഷം ഇരുവരും ലോക ഫുട്ബോളിലെ സുപ്രധാന ശക്തികളായി വളർന്നു പന്തലിച്ചു. സൂപ്പർ സ്ട്രൈക്കറായ എർലിങ് ഹാലൻഡ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയതിന് ശേഷം ഡിഫെൻസുകളെ തകർത്തെറിയുന്ന ഒരു ഗോൾ മെഷീനായി സ്വയം അടയാളപ്പെടുത്തി. മറുവശത്ത്, സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിന്റെ നെടുംതൂണായി മാറിയ ജൂഡ് ബെല്ലിങ്ഹാം, കളി പൂർണ്ണമായി നിയന്ത്രിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായി വളർന്നു.

ക്ലബ്ബ് തലത്തിൽ വ്യത്യസ്ത ലീഗുകളിലേക്ക് വഴിപിരിഞ്ഞപ്പോഴും ഇവരുടെ സൗഹൃദത്തിന് ഒട്ടും കുറവ് വന്നിരുന്നില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്; സ്വന്തം രാജ്യത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വേണ്ടിയാണ് ഇവർ പരസ്പരം പോരാടുന്നത്. എർലിങ് ഹാലണ്ടാകട്ടെ തന്റെ രാജ്യമായ നോർവേയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. നോർവേയ്ക്ക് വേണ്ടി കളിക്കുന്ന എർലിങ് ഹാലൻഡ്, ബ്രസീലിനെതിരെയുള്ള ഇരട്ട ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ ഇതുവരെ 7 ഗോളുകൾ അടിച്ചുകൂട്ടി ടോപ്പ് സ്കോറർമാരിൽ മുന്നിലുണ്ട്. ഇംഗ്ലണ്ടിന്റെ നെടുംതൂണായ ജൂഡ് ബെല്ലിങ്ഹാമാകട്ടെ മെക്സിക്കോയ്ക്കെതിരെയുള്ള തകർപ്പൻ പ്രകടനത്തോടെ 4 ഗോളുകളും 1 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച് ടീമിന്റെ കളി മെനയുന്നു.

നോർവേയെ ചരിത്രപരമായ ഒരു സെമിഫൈനലിൽ എത്തിക്കാൻ ഹാലൻഡിന്റെ ബൂറ്റുകൾക്ക് ഇന്ന് മിയാമിയിൽ ഗോളുകൾ കണ്ടെത്തേണ്ടതുണ്ട്. മറുവശത്ത് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങൾക്ക് ജീവൻ നിലനിർത്താൻ ബെല്ലിങ്ഹാമിന്റെ മധ്യനിരയിലെ മജീഷ്യൻ തന്ത്രങ്ങൾ പിഴക്കാതിരിക്കണം. കളത്തിന് പുറത്ത് ഇവർ എത്ര വലിയ കൂട്ടുകാരാണെങ്കിലും, രാജ്യത്തിന് വേണ്ടിയുള്ള ഈ 90 മിനിറ്റിൽ ഇരുവരും പരസ്പരം വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്. രണ്ടിലൊരാളുടെ ലോകകപ്പ് സ്വപ്നം ഇന്ന് മിയാമിയിൽ അവസാനിക്കും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.