ന്യൂഡൽഹി: സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകം സമഗ്രമായി പരിഷ്കരിച്ചു. ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതുക്കിയ പാഠപുസ്തകത്തിൽ നിന്ന് ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. ഇതിന് പുറമെ ചരിത്ര വിഭാഗത്തിൽ വി.ഡി. സവർക്കറുടെ ആശയങ്ങൾ കൂട്ടിച്ചേർക്കുകയും സുഭാഷ് ചന്ദ്രബോസ്, ഇന്ത്യയുടെ വിഭജനം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക ഭാഗങ്ങൾ തിരുത്തുകയും ചെയ്തിട്ടുണ്ട്.
കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ, അഴിമതി, കേസ് നടത്തലിലെ കാലതാമസം തുടങ്ങിയ ജുഡീഷ്യറിയെക്കുറിച്ചുള്ള നിഷേധാത്മക പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതി തന്നെ രംഗത്തുവന്നതോടെയാണ് ഈ ഭാഗങ്ങളെല്ലാം പുതിയ പുസ്തകത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തത്. ഇലക്ട്രൽ ബോണ്ട് കേസ്, ശ്രേയ സിംഗാൾ കേസ് തുടങ്ങിയ സുപ്രധാന നിയമപരമായ പരാമർശങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പകരം പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (PIL), ട്രൈബ്യൂണലുകൾ, തർക്കപരിഹാര മാർഗ്ഗങ്ങൾ (ADR) എന്നിവയ്ക്കാണ് പുതിയ അധ്യായത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. കൂടാതെ, വിവാദ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തക വികസന സമിതിയിലെ മൂന്ന് പ്രമുഖ അക്കാദമിക് വിദഗ്ദ്ധരെ തസ്തികയിൽ നിന്ന് നീക്കുകയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം വിവരിക്കുന്ന ഭാഗങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, 1921-ൽ ഉയർന്നുവന്ന പൂർണ്ണ സ്വരാജ് ആവശ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത്, 1925-ൽ വി.ഡി. സവർക്കറും സമാനമായ രീതിയിൽ ‘സ്വരാജ്’ എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു എന്ന കാര്യം പുതിയ പതിപ്പിൽ പ്രത്യേകമായി പരാമർശിച്ചതാണ്.
ആസാദ് ഹിന്ദ് ഫൗജിന്റെ രൂപീകരണത്തിനായി നേതാജി സുഭാഷ് ചന്ദ്രബോസ് നാസി ഏകാധിപതിയായ അഡോൾഫ് ഹിറ്റ്‌ലറുടെ സഹായം തേടിയിരുന്നു എന്ന ഭാഗം പുതിയ പുസ്തകത്തിൽ തിരുത്തിയിട്ടുണ്ട്. ഹിറ്റ്‌ലറുടെ പേര് നേരിട്ട് പരാമർശിക്കുന്നതിന് പകരം നേതാജി “ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ സഹായം തേടി” എന്നാണ് പുതുക്കി എഴുതിയിരിക്കുന്നത്. കൂടാതെ, ഹിറ്റ്‌ലറെ ക്രൂരനായ ഏകാധിപതിയായി ചിത്രീകരിക്കുന്ന ആഗോള ചരിത്ര ഭാഗങ്ങളും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി.
ഇന്ത്യ-പാകിസ്താൻ വിഭജന കാലത്തെ വർഗ്ഗീയ കലാപങ്ങൾ തടയുന്നതിൽ കോൺഗ്രസ് നേതൃത്വം നിസ്സഹായരായിരുന്നു എന്ന വാചകം പുതിയ പതിപ്പിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. വിഭജനം ഒഴിവാക്കാൻ മറ്റ് രാഷ്ട്രീയ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നുവോ എന്നത് ഇന്നും തുടരുന്ന ഒരു ചരിത്രപരമായ ചർച്ചയാണെന്ന രീതിയിലാണ് പുതിയ പുസ്തകത്തിൽ ഈ ഭാഗം പുനഃക്രമീകരിച്ചിരിക്കുന്നത്.


പീഡനശ്രമം എതിർത്ത യുവതി; കുടുംബത്തെ 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം, കാർ തകർത്തു, ആറുപേർ കസ്റ്റഡിയിൽ!
തമിഴ്നാട്ടിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി, കേരളത്തിൽ മുട്ട പോലും ഔട്ട്! മുട്ടയ്ക്കും അരിക്കും റെക്കോർഡ് വില; സ്വന്തം കീശയിൽ നിന്ന് പണം മുടക്കി അധ്യാപകർ; ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ!







