​”എസ്. ജാനകിയമ്മയോടുള്ള കടപ്പാട് പങ്കുവെച്ച് മോഹൻലാൽ; ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങൾ എന്നും ഹൃദയത്തോട് ചേർന്നുള്ളതെന്ന് താരം.”

ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. എല്ലാവരേയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു എസ്. ജാനകിയെന്ന് മോഹൻലാൽ പറഞ്ഞു . തന്റെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളത്. അവർ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാവാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു .

‘ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവൻ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളിൽ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങൾ സമ്മാനിച്ച സ്‌നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളിൽ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക’, മോഹൻലാൽ സ്മരിച്ചു.

‘എന്റെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ’ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളത്. സന്തോഷവും വിഷാദവും കുട്ടിത്തവും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങൾക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകർന്നു നൽകി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി’, അദ്ദേഹം കുറിച്ചു.

‘എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവർ. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’, മോഹൻലാൽ കൂട്ടിച്ചേർത്തു.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.