പ്രിയപ്പെട്ടവളുടെ വേര്‍പാടിന് ഏഴു വര്‍ഷം; വേദന തളം കെട്ടിയ കൊച്ചിയിലെ വീട്ടില്‍ ഓര്‍മ്മ പുതുക്കി ടോമിന്‍ തച്ചങ്കരിയും മകളും

കൊച്ചി: ‘ദേഹമെന്ന വസ്ത്രമൂരി ഞാന്‍, ആറടിമണ്ണിന്‍ താഴ്ത്തവേ…’ താന്‍ തന്നെ എഴുതിയ ആ ഭക്തിഗാനത്തിലെ വരികള്‍ പ്രിയതമയുടെ ശവമഞ്ചത്തിന് മുന്നില്‍ വീണ്ടും മുഴങ്ങിക്കേട്ടപ്പോള്‍ ഉള്ളുപൊളിഞ്ഞുപോയ ഒരു മനുഷ്യന്റെ സങ്കടത്തിന് ഇന്ന് ഏഴാണ്ട് തികയുന്നു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയുടെ ജീവിത പങ്കാളി അനിത തച്ചങ്കരി വിടപറഞ്ഞിട്ട് ഏഴു വര്‍ഷം തികയുമ്പോഴും, ആ വേര്‍പാടിന്റെ ആഴത്തിലുള്ള വേദന ഇപ്പോഴും അവരുടെ കൊച്ചിയിലെ വീട്ടില്‍ തളംകെട്ടി നില്‍ക്കുകയാണ്. ഈ ഓര്‍മ്മദിനത്തില്‍ തച്ചങ്കരിയും മക്കളും പ്രിയപ്പെട്ട അനിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചു.
2019 ഓഗസ്റ്റിലാണ് ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 53-ആം വയസ്സില്‍ അനിത അപ്രതീക്ഷിതമായി യാത്രയായത്. എറണാകുളത്തെ വീട്ടില്‍ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. പോലീസുകാരന്‍ എന്ന നിലയില്‍ തിരക്കുപിടിച്ചതും സംഘര്‍ഷഭരിതവുമായ തച്ചങ്കരിയുടെ കരിയറും, അതിനെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളും അനിതയെ ഏറെ ഭയപ്പെടുത്തിയിരുന്നു. ത തന്റെ അനാരോഗ്യകരമായ ജീവിതശൈലി കാരണം താനാകും ആദ്യം മരിക്കുക എന്നാണ് താനും അനിതയും എപ്പോഴും കരുതിയിരുന്നതെന്നും, എന്നാല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തി അനിത ആദ്യം മടങ്ങുമെന്ന് കരുതിയില്ലെന്നും തച്ചങ്കരി മുന്‍പ് നിറകണ്ണുകളോടെ ഓര്‍ത്തെടുത്തിരുന്നു.
അനിതയുടെ വിടവാങ്ങലോടെ തന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെ മാറിമറിഞ്ഞതായി തച്ചങ്കരി പറയുമായിരുന്നു. ഭാര്യയുടെ വിലാപയാത്രയ്ക്കിടെ ‘പോവുന്നെന്‍ ഞാനും എന്‍ ഗൃഹം തേടി’ എന്ന ഭക്തിഗാനം കേട്ട നിമിഷം, ആ വരികളിലൂടെ അനിത തന്നോട് അവസാനമായി സംസാരിക്കുകയാണെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയില്‍ താന്‍ കുറിച്ച വരികള്‍ സ്വന്തം ജീവിതത്തില്‍ ഇത്ര വലിയ മുറിവായി മാറുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല.
കേവലം ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ എന്നതിലുപരി സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രകൃതിസ്‌നേഹിയും കലാകാരിയുമായിരുന്നു അനിത തച്ചങ്കരി. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്റൈനില്‍ ഡോക്ടറായിരുന്ന മേരി ചാക്കോയുടെയും മകളായ അനിത, ഇന്ത്യയിലെയും വിദേശത്തെയും പഠനത്തിന് ശേഷം കുടുംബ ബിസിനസുകളില്‍ സജീവമായിരുന്നു.
മലയാള സിനിമാ വ്യവസായത്തെ ചെന്നൈയില്‍ നിന്നും പൂര്‍ണ്ണമായും കേരളത്തിലേക്ക് പറിച്ചുനടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ‘റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ’യുടെ എം.ഡി ആയിരുന്നു അനിത. ബിസിനസ് രംഗത്തിന് പുറമെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോ വായനയില്‍ ഉന്നത ഗ്രേഡ് കരസ്ഥമാക്കിയ മികച്ചൊരു സംഗീതജ്ഞ കൂടിയായിരുന്നു അവര്‍. അനാഥരായ തെരുവുനായ്ക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി മുന്നിട്ടിറങ്ങിയ അനിത, കൃഷിമേഖലയിലും തന്റെ കഴിവ് തെളിയിച്ചിരുന്നു.
മക്കളായ മേഘയും കാവ്യയും മരുമക്കളായ ഗൗതമും ക്രിസ്റ്റഫറും എല്ലം ഇന്നും വേദനയിലാണ്. അനിതയുടെ അപ്രതീക്ഷിത വേര്‍പാട് നല്‍കിയ ശൂന്യതയില്‍ നിന്ന് തച്ചങ്കരിയും കുടുംബവും ഇന്നും പൂര്‍ണ്ണമായി മുക്തരായിട്ടില്ല. പ്രിയപ്പെട്ടവള്‍ ബാക്കിവെച്ചുപോയ ഓര്‍മ്മകളും പാട്ടുകളും തന്നെയാണ് ഈ വീട്ടില്‍ ഇപ്പോഴും അവരുടെ കൂട്ടുകാരന്‍.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.