എസ്.നിരഞ്ജന്
തിരുവനന്തപുരം: സേനയിലെ മികവുകൊണ്ടും കൃത്യനിഷ്ഠകൊണ്ടും ലഹരി-സ്വര്‍ണ്ണക്കടത്ത് മാഫിയകള്‍ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍കൊണ്ടും ജനശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ മൂന്ന് യുവ ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് ഭരണകൂടത്തിന്റെ അനാസ്ഥ കാരണം തസ്തികയോ ശമ്പളമോ ഇല്ലാതെ വെയിറ്റിംഗ് ഫോര്‍ പോസ്റ്റിംഗില്‍ കഴിയുന്നത്. എ.എസ്.പി. പദവിയില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തപ്പെടേണ്ട സന്ദര്‍ഭത്തില്‍, കൃത്യസമയത്ത് പോസ്റ്റിംഗ് ഉത്തരവുകള്‍ നല്‍കാത്തതാണ് ഈ മിടുമിടുക്കരായ ഉദ്യോഗസ്ഥരെ ഭരണപരമായി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡി.ജി.പി: രവാഡാ ചന്ദ്രശേഖർ ഇക്കാര്യം സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയമാണിത്.
ഡിവൈ.എസ്.പി.മാരുടെ പുതിയ സ്ഥലംമാറ്റവും നിയമന ലിസ്റ്റും പുറത്തുവന്നപ്പോഴും തസ്തികകള്‍ നഷ്ടപ്പെടുത്തി ഇവരെ മാറ്റിനിര്‍ത്തിയത് ഐ.പി.എസ്. കേഡറിനുള്ളിലും കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. നിയമനം ലഭിച്ച് പുതിയ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ശമ്പളം എഴുതിയെടുക്കാന്‍ സാധിക്കൂ എന്നിരിക്കെ, ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നത് ഐ.പി.എസ്. യുവനിരയുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഈ നിരയിലെ പ്രമുഖരില്‍ ഒരാളാണ് പുനലൂര്‍ എ.എസ്.പി.യായി സേവനമനുഷ്ഠിച്ച ഡോ. ഒ. അപര്‍ണ. പോലീസിംഗിലെ കാര്യക്ഷമത കൊണ്ടും ജനകീയ സമീപനം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് കൊല്ലം റൂറല്‍ മേഖലയില്‍ വന്‍ ജനപ്രീതി നേടിയ ഉദ്യോഗസ്ഥയാണിവര്‍. ഡോക്ടര്‍ പദവിയില്‍ നിന്ന് കോവിഡ് കാലത്ത് ഐ.പി.എസ്. സ്വന്തമാക്കിയ അപര്‍ണ, മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഓഫീസര്‍ കൂടിയാണ്.
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ അപര്‍ണ, മലപ്പുറം ഗവണ്മെന്റ് ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കവേ ആദ്യ ശ്രമത്തില്‍ തന്നെ 475-ാം റാങ്കോടെയാണ് ഐ.പി.എസ്. നേടിയത്. മലപ്പുറം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് എസ്.ഐ.യായി വിരമിച്ച അനില്‍കുമാറിന്റെ മകളായ ഇവര്‍, പോലീസിംഗില്‍ പുലര്‍ത്തിയ കൃത്യതയും ക്രിമിനലുകള്‍ക്കെതിരെയുള്ള കര്‍ശന നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലപ്പുറം കൊണ്ടോട്ടിയില്‍ എ.എസ്.പി.യായിരിക്കെ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘങ്ങള്‍ക്കും ലഹരി മാഫിയകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച ഉദ്യോഗസ്ഥനാണ് ബി. കാര്‍ത്തിക്. മലബാര്‍ മേഖലയിലെ അധോലോക നെറ്റ്വര്‍ക്കുകളുടെ നട്ടെല്ലൊടിക്കാന്‍ കാര്‍ത്തിക് എടുത്ത കര്‍ശന നടപടികള്‍ പൊതുസമൂഹത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
2023 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ കാര്‍ത്തിക്, തമിഴ്നാട് സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമാണ്. വാളപട്ടണം സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കവേ, വിരമിക്കുന്ന ഒരു താഴെത്തട്ടിലെ എസ്.ഐ.യോടുള്ള ആദരസൂചകമായി പോലീസിന്റെ ഔദ്യോഗിക ജീപ്പ് ഡ്രൈവ് ചെയ്ത് അദ്ദേഹത്തെ വീട്ടിലെത്തിച്ച കാര്‍ത്തികിന്റെ ജനകീയ മുഖം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പട്ടികയിലെ മൂന്നാമത്തെ പ്രമുഖന് ഗവര്‍ണറുടെ എ.ഡി.സി.യായി സേവനമനുഷ്ഠിച്ച 2021 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ മോഹിത് റാവത്താണ്. ഹരിയാന സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ മോഹിത് റാവത്ത്, രാജ്ഭവനിലെ എ.ഡി.സി. പദവിയില്‍ മികച്ച സേവന മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥനാണ്. സേനയില്‍ നിര്‍ണായകമായ പോസ്റ്റിംഗുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഐ.പി.എസ്. യുവനിരയിലെ പ്രമുഖനായ മോഹിത് റാവത്തിനെയും നിലവില്‍ തസ്തികകള്‍ നല്‍കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വിശ്വസ്തതയും കാര്യക്ഷമതയും തെളിയിച്ചിട്ടും ഭരണതലത്തില്‍ ഉണ്ടായ കോര്‍ഡിനേഷന്‍ പിഴവാണ് ഇദ്ദേഹത്തിനും വിനയായത്.
സര്‍വീസില്‍ കഴിവും മികവും തെളിയിച്ച ഈ മൂന്ന് ഉദ്യോഗസ്ഥരെയും ‘വെയിറ്റിംഗ് ഫോര്‍ പോസ്റ്റിംഗ്‘ എന്ന സാങ്കേതികത്വം പറഞ്ഞ് മാറ്റിനിര്‍ത്തുന്നത് ഐ.പി.എസ്. കേഡറിലെ ഭരണപരമായ അനാസ്ഥയ്ക്കുള്ള തെളിവാണ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈ.എസ്.പി.) തസ്തികകളുടെ പുനഃസംഘടനയോ സ്ഥലംമാറ്റ പട്ടികയോ വരുമ്പോള്‍ ഇവര്‍ക്ക് അര്‍ഹമായ ക്രമസമാധാന ചുമതലകള്‍ നല്കാന് ആഭ്യന്തര വകുപ്പിന് സാധിച്ചില്ല.
ഡിവൈ.എസ്.പിമാരുടെ നിയമന ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടും ഈ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥരെ പരിഗണിക്കാതിരുന്നത് ഡിപ്പാര്‍ട്ട്മെന്റിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. സീനിയോറിറ്റിയും സേവന പരിചയവും മുന്‍നിര്‍ത്തി ലഭിക്കേണ്ട തസ്തികകള്‍ വൈകുന്നത് സര്‍വീസിന്റെ താളപ്പിഴയായാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ തസ്തികയില്‍ പ്രവേശിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സാലറി ബില്ലുകള്‍ മാറി നല്കാന് സാമ്പത്തിക വകുപ്പിന് സാധിക്കൂ. ഇതോടെ, നാളുകളായി ഡ്യൂട്ടിയിലുണ്ടായിട്ടും ശമ്പളം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലാവുകയാണ് ഈ യുവ ഉദ്യോഗസ്ഥര്‍. ഐ.പി.എസ്. പോലൊരു പരമോന്നത സര്‍വീസിലിരുന്ന് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നത് ഐ.എ.എസ്., ഐ.പി.എസ്. തലപ്പത്തും അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
നേരത്തെ നിരവധി ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിച്ച് കേഡറിലെ തന്നെ മിടുക്കരാണെന്ന് തെളിയിച്ച ഇത്തരം ഉദ്യോഗസ്ഥരെ ഉടനടി അനുയോജ്യമായ തസ്തികകളില്‍ നിയമിക്കണമെന്നാണ് സേനയ്ക്കുള്ളില്‍ നിന്നും ഉയരുന്ന ആവശ്യം. ഈ വിഷയം പരിഹരിക്കാന്‍ ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലെ നിരാശ കൂടുതല്‍ പരസ്യമായേക്കും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


അഭിമന്യു കൊലക്കേസ്: വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി; നാല് മാസത്തിനകം വിധി







