വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെയും പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു റൂബിയോയുടെ തുറന്നുപറച്ചിൽ .
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഓസ്ട്രേലിയയിൽ പ്രതിഷേധം; കുടിയേറ്റ വിരുദ്ധ സംഘടനാംഗം അറസ്റ്റിൽ
ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് മാർക്കോ റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും ഈ അടുപ്പം നയതന്ത്രരംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണെന്നും റൂബിയോ പറഞ്ഞു.
സാമ്പത്തികം, വിതരണശൃംഖലകൾ, ഊർജം, സുരക്ഷ, സമുദ്രസഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാനൊരുങ്ങുകയാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇതിൻ്റെ ഭാഗമായി അടുത്തവർഷം ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന വിവരവും റൂബിയോ പങ്കുവെച്ചു. സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ഈ വർഷം അവസാനം താൻ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു .
അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയായാണ് ട്രംപ് ഭരണകൂടം ഇന്ത്യയെ കാണുന്നതെന്ന് റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെയും ആഗോള തലത്തിൽ വർധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തെയും അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും തമ്മിലുള്ള സമാനതകൾ ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ വലിയ അവസരമാണ് നൽകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി .
യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ശക്തം; വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്!
കൂടാതെ, അമേരിക്കയിലെ ഇന്ത്യൻ വംശജർ രാജ്യത്തിന് നൽകുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ അമേരിക്കൻ സമൂഹം അമേരിക്കയെ സമ്പന്നമാക്കുന്നതായും ഇന്ത്യ-അമേരിക്ക ബന്ധം ദൃഢമാക്കുന്നതിൽ അവർ പ്രധാന കണ്ണികളാണെന്നും മാർക്കോ റൂബിയോ അറിയിച്ചു .









