വക്കീലിന്റെ മക്കൾ വക്കീൽ, ഡോക്ടറുടെ മക്കൾ ഡോക്ടർ, സിനിമാ താരത്തിന്റെ മക്കൾ സിനിമയിൽ അഭിനയിച്ചാൽ നെപ്പോട്ടിസം ; മോഹൻലാൽ ചെയ്തതിലെ തെറ്റ് എന്തെന്ന് ചോദിച്ച് ആരാധകൻ? പ്രണവ് മറ്റൊരു കാളിദാസനായില്ല ; വൈറലായി കുറിപ്പ്!

Mohanlal with children Pranav Mohanlal and Vismaya Mohanlal at film event
മലയാളികളുടെ താരരാജാവ് മോഹൻലാലിൻറെ രണ്ടു മക്കളും സിനിമയിലേക്ക് വന്നത് ഒളിഞ്ഞും തെളിഞ്ഞും സംസാര വിഷയമാണ്. മോഹൻലാലിനെ പരസ്യമായി ഈ വിഷയത്തിൽ ഒന്നും പറയാൻ അധികമാരും മുന്നോട്ട് വരില്ല. എന്നാൽ, പ്രണവിനും വിസ്മയയ്ക്കും എതിരെ പല കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ജൂഡ് ആന്റണി ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ കെഎസ് ചിത്ര ആലപിച്ച ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിലെ വിസ്മയയുടെ പ്രകടനത്തെ വിലയിരുത്തി അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നിരുന്നു. മാത്രമല്ല ഒരിടവേളയ്ക്കുശേഷം നെപ്പോട്ടിസം എന്ന വാക്കും മലയാളികൾക്ക് ഇടയിൽ ചർച്ചയാവുകയാണ്.
ഈ സാഹ​ചര്യത്തിൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഹരികൃഷ്ണൻ എന്ന വ്യക്തിയാണ്  കുറിപ്പ് പങ്കുവച്ചത്. മകളുടെ ആ​ഗ്രഹത്തിന് ഒപ്പം നിൽക്കാനായി പണം മുടക്കിയതിന് നടനെ വിമർശിക്കുന്നത‍് ശരിയല്ലെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം പൂർണ്ണമായി…
“നെപ്പോട്ടിസം ചർച്ച ചെയ്യുമ്പോൾ എന്തുകൊണ്ട് ഒരേ അളവുകോൽ എല്ലാവർക്കും ഉപയോഗിക്കുന്നില്ല?. വിസ്മയയുടെ സിനിമ തുടക്കത്തിലെ ഒരു ഗാനം പുറത്ത് വന്നതോടെ വീണ്ടും നെപ്പോട്ടിസം എന്ന വാക്ക് ട്രെൻഡിങ്ങായി. ആദ്യം ഒരു കാര്യം ചോദിക്കാം. സ്വന്തം മകളോ മകനോ ഒരു സ്വപ്നവുമായി അച്ഛന്റെ മുന്നിൽ വന്നാൽ അതിനുള്ള കഴിവും സാമ്പത്തിക സാഹചര്യവുമുള്ള ഏതൊരു അച്ഛനും കഴിയുന്ന ഏറ്റവും മികച്ച അവസരം ഒരുക്കിക്കൊടുക്കില്ലേ?. അല്ലാതെ ഇല്ല… നീ എന്നെ പോലെ കഷ്ടപ്പെട്ട് അതുപോലൊക്കെ തന്നെയാണ് വരേണ്ടത്. ഞാൻ സഹായിക്കില്ല എന്ന് ഇന്നത്തെ കാലത്ത് ആരും പറയുമെന്ന് തോന്നുന്നില്ല. സിനിമയാണെങ്കിലും അതേ.
ബിസിനസാണെങ്കിലും അതേ. രാഷ്ട്രീയമായാലും അതേ. അത് മനുഷ്യന്റെ സ്വാഭാവിക സ്വഭാവമാണ്. പിന്നെ സിനിമയിൽ മാത്രം അത് മഹാപാതകമാകുന്നത് എന്തുകൊണ്ടാണ്?. മോഹൻലാൽ ചെയ്തത് എന്താണ്…. സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ സിനിമയിൽ സ്വന്തം മകളെ അവതരിപ്പിക്കുന്നു. അതിനായി മറ്റൊരു നിർമ്മാതാവിനെ നിർബന്ധിച്ചിട്ടില്ല. മറ്റൊരാളുടെ സിനിമയിൽ നായികയാക്കാൻ ശുപാർശ ചെയ്തിട്ടില്ല.
മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടില്ല. സ്വന്തം പണം മുടക്കിയാണ് ചെയ്യുന്നത്. അത് തെറ്റാണോ?. സ്വന്തം സമ്പാദ്യം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് മോഹൻലാലോ അതോ സോഷ്യൽ മീഡിയയോ?. ഇവിടെയാണ് മറ്റൊരു രസകരമായ കാര്യം. മലയാള സിനിമയിൽ ചില മെഗാ താരങ്ങളുടെ മക്കൾക്ക് അവർ പിന്തുണ കൊടുത്തിട്ടില്ല എന്നൊരു കഥ ചിലർ പറയാറുണ്ട്. പക്ഷെ അതൊന്നും ആരും വിശ്വസിക്കില്ല എന്നതാണ് സത്യം. ഒരു പോസ്റ്റർ ഷെയർ ചെയ്തില്ലെന്ന് കരുതി പിന്തുണ ഇല്ലാതാവില്ല.
ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ, സംവിധായകരെ കണ്ടെത്തുമ്പോൾ, ടെക്നീഷ്യൻമാരെ തീരുമാനിക്കുമ്പോൾ, ഇൻഡസ്ട്രിയിലെ ബന്ധങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നത് സാധാരണ പ്രേക്ഷകരെ പോലും ചെറുതാക്കി കാണുന്നതാണ്. മകൻ്റെ ചില ചിത്രങ്ങളുടെ കഥയും തിരക്കഥയും വായിച്ച് കേട്ട് അഭിപ്രായം പറയുന്നത് മുതൽ മകൻ്റെ ആദ്യ പടത്തിൻ്റെ റിലീസിന് മുമ്പ് ഇൻഡസ്ട്രിയിലെ പ്രമുഖർ പങ്കെടുത്ത ലോഞ്ച് നടന്നതുമൊക്കെ ആ പ്രിവിലേജ് മകന് കിട്ടുന്നത് കൊണ്ടാണ്.
മികച്ച സംവിധായകരും ടെക്നീഷ്യൻമാരും തുടക്കത്തിൽ തന്നെ ലഭിച്ചതെല്ലാം വെറും യാദൃശ്ചികമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഇഷ്ടം. പക്ഷെ സിനിമാ ഇൻഡസ്ട്രി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയുന്നവർക്ക് അതൊന്നും പുതിയ അറിവല്ല. അവിടെയാണ് മോഹൻലാലും മറ്റ് ചിലരും തമ്മിലുള്ള വ്യത്യാസം. ഒരാൾ പറയുന്നു… അതെ… ഞാൻ എന്റെ മക്കളെ പിന്തുണയ്ക്കുന്നു. മറ്റൊരിടത്ത് വർഷങ്ങളോളം ഉണ്ടാക്കിയെടുത്ത നറേറ്റീവ്. അവർ സ്വന്തമായി എത്തിയവരാണ് എന്ന്.
എനിക്ക് രണ്ടാമത്തേതിനേക്കാൾ ആദ്യത്തേതാണ് കൂടുതൽ സത്യസന്ധമായി തോന്നുന്നത്. കാരണം അതിൽ കപടതയില്ല. മോഹൻലാൽ തുടക്കം പൂജ ചടങ്ങിൽ പറഞ്ഞ വാക്കുകൾ ഓർക്കുക. ആദ്യ അവസരം എനിക്ക് കൊടുക്കാൻ കഴിയും. പക്ഷെ അതിനുശേഷം നിലനിൽക്കണമെങ്കിൽ കഴിവും അധ്വാനവും ഭാഗ്യവും വേണം. ഇതിനെക്കാൾ വലിയ സത്യം വേറെയില്ല. പ്രണവിന്റെ ആദ്യ സിനിമ ആശീർവാദ് ചെയ്തത് കൊണ്ട് അദ്ദേഹം സൂപ്പർസ്റ്റാറായോ?. അതിനുശേഷം അയാൾ ചെയ്ത ചിത്രങ്ങൾ വിജയിച്ചത് കൊണ്ടാണ് അയാൾക്ക് ഇന്നൊരു മാർക്കറ്റ് ഉള്ളത്.
ഇല്ലെങ്കിൽ അയാളും മറ്റൊരു കാളിദാസ് ജയറാം ആയേനെ. ദുൽഖറിൻ്റെ കാര്യത്തിലും ഇത് തന്നെ. വിസ്മയ വന്നതുകൊണ്ട് നാളെ സൂപ്പർസ്റ്റാർ ആകുമോ? അതിനും ഉത്തരമില്ല. തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. മലയാള സിനിമയിൽ പ്രേക്ഷകരെ വഞ്ചിച്ച് ദീർഘകാലം ആരും നിലനിന്നിട്ടില്ല. ഇനി മറ്റൊരു ചോദ്യം… നെപ്പോട്ടിസം ശരിക്കും തെറ്റാകുന്നത് എപ്പോഴാണ്? സ്വന്തം മക്കൾക്ക് അവസരം കൊടുക്കുന്നതുകൊണ്ടോ? അല്ല. മറ്റൊരാളുടെ അവസരം തട്ടിയെടുക്കുമ്പോൾ, സമ്മർദ്ദം ചെലുത്തി കാസ്റ്റിംഗ് മാറ്റുമ്പോൾ, അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ പുറത്താക്കുമ്പോൾ… അപ്പോഴാണ് അത് ചർച്ച ചെയ്യേണ്ടത്. പക്ഷെ ഇവിടെ അതൊന്നുമില്ല.
സ്വന്തം സിനിമ. സ്വന്തം പണം. സ്വന്തം മകൾ. അത്രയേയുള്ളൂ. ചിലർ പറയുന്നത് കേൾക്കാം… ഇത് നെപ്പോട്ടിസം അല്ലേ? അതെ… നെപ്പോട്ടിസം തന്നെയാണ്. പക്ഷെ അത് മറച്ച് വെക്കാനുള്ള ശ്രമമില്ല. പിആർ കഥകളില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന അഭിനയമില്ല. അതാണ് വ്യത്യാസം. സിനിമയിൽ ബന്ധങ്ങൾ ഉപയോഗിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷെ അതിൽ ഒരാളെ മാത്രം വിചാരണ ചെയ്ത് മറ്റൊരാളെ വിശുദ്ധനാക്കുന്ന ഇരട്ടത്താപ്പാണ് കൂടുതൽ ചർച്ച ചെയ്യേണ്ടത്. കാരണം ജനങ്ങൾ ഇപ്പോൾ എല്ലാം കാണുന്നുണ്ട്.
തുറന്ന് ചെയ്യുന്നതും നിഴലിൽ നിന്ന് ചെയ്യുന്നതും രണ്ടും തമ്മിലുള്ള വ്യത്യാസവും. അവസാനം ഒരു കാര്യം മാത്രം. വിസ്മയ വിജയിക്കുമോ പരാജയപ്പെടുമോ എന്നത് മോഹൻലാലിന്റെ പേരല്ല തീരുമാനിക്കുക. അവളുടെ അഭിനയമാണ് തീരുമാനിക്കുക. ആദ്യ വാതിൽ തുറക്കാൻ അച്ഛന് കഴിയും. പക്ഷെ ആ വാതിലിലൂടെ വർഷങ്ങളോളം നടക്കാൻ കഴിയുമോ എന്നത് കഴിവ് മാത്രമാണ് തീരുമാനിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം അതാണ് തെളിയിച്ചിട്ടുള്ളത്. നെപ്പോട്ടിസം ചർച്ച ചെയ്യാം. പക്ഷെ എല്ലാവർക്കും ഒരേ അളവുകോൽ ഉപയോഗിച്ചുകൊണ്ട് മാത്രം. അല്ലെങ്കിൽ അത് ചർച്ചയല്ല… ഇഷ്ടമുള്ളവരെ മാത്രം ലക്ഷ്യമിടുന്ന ഒരു നറേറ്റീവ് മാത്രമായിരിക്കും എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.