തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ പ്രമുഖ ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമായി മാറുകയാണ്. 2015-ലെ യഥാർത്ഥ കരാർ പ്രകാരം, തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം തികയുമ്പോൾ 74 ശതമാനം ഓഹരികൾ മറ്റൊരു കമ്പനിക്ക് കൈമാറാൻ അദാനി പോർട്സിന് നിയമപരമായി അവകാശമുണ്ടെങ്കിലും അതിനായി സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നത് നിർബന്ധമാണ്.
എന്നാൽ ഈ ചട്ടങ്ങൾ മറികടന്നുകൊണ്ട്, തുറമുഖ നടത്തിപ്പിനായി എം.എസ്.സി.യുടെ ഉപകമ്പനിയായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി ജൂൺ 29-ന് തന്നെ അദാനി ഗ്രൂപ്പ് ഔദ്യോഗിക കരാർ ഒപ്പിട്ടിരുന്നു. ഇതിനുശേഷമാണ് ഈ പങ്കാളിത്തത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് (ബുധനാഴ്ച) അവർ സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്. മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയ ഈ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗൗതം അദാനിയെ നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ ഉടൻ തന്നെ ഔദ്യോഗിക വിശദീകരണം തേടുന്നതിനൊപ്പം, വിദേശ നിക്ഷേപമായതിനാൽ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സുരക്ഷാ അനുമതിയും ഇതിന് ആവശ്യമായി വരും.
വിഴിഞ്ഞം തുറമുഖം പൊതു അടിസ്ഥാനസൗകര്യ മേഖലയിൽ ഉൾപ്പെടുന്ന ഒന്നായതിനാൽ, വിപണിയിൽ അവസരസമത്വം ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഓഹരി കൈമാറ്റം നടത്താവൂ എന്നാണ് വ്യവസ്ഥ. കരയിലും കടലിലും വലിയ ആഗോള ശൃംഖലയുള്ള എം.എസ്.സി. വിഴിഞ്ഞത്തിന്റെ നിയന്ത്രണം ഏറ്റെടുത്താൽ അത് തുറമുഖത്തിന്റെ കുത്തകവത്കരണത്തിന് കാരണമാകുമോ എന്ന് ആശങ്കയുണ്ട്. മിഷൻ സമുദ്ര പദ്ധതിയിലൂടെ കേരളത്തെ മാരിടൈം ഹബ്ബാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിൽ, ഒരു ആഗോള ഭീമൻ വിപണി കൈയടക്കിയാൽ കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള മറ്റ് ആഭ്യന്തര നിക്ഷേപകർ പിൻവാങ്ങുമോ എന്ന ഭയവും നിലനിൽക്കുന്നു.
പണി വരുന്നുണ്ട് അവറാച്ചാ; ഇന്റർനെറ്റ് ഇല്ലെങ്കിലും എ.ഐ ക്യാമറ വർക്കിങ്
ഈ സാഹചര്യത്തിൽ ഓഹരി കൈമാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ തുറമുഖ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സമിതി രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിസിൽ (VISL) നൽകുന്ന റിപ്പോർട്ടും പരിഗണിക്കും. കര, നാവിക, വ്യോമസേനകൾക്കും കോസ്റ്റ്ഗാർഡിനും താവളങ്ങളൊരുക്കാൻ താല്പര്യമുള്ള അറബിക്കടലിലെ തന്ത്രപ്രധാന കേന്ദ്രമാണ് വിഴിഞ്ഞം എന്നതും ശ്രദ്ധേയമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2015-ൽ ഒപ്പിട്ട ആദ്യ കരാറിലെ വ്യവസ്ഥകൾക്ക് പുറമെ, രണ്ടാം ഘട്ട നിർമാണം 2028-ൽ പൂർത്തിയാക്കണമെന്നും നിർമാണത്തിലെ കാലതാമസം കണക്കാക്കാതെ 2034 മുതൽ സംസ്ഥാനത്തിന് വരുമാനം നൽകണമെന്നുമുള്ള കർശന വ്യവസ്ഥകളോടെ 2024-ൽ ഒരു അനുബന്ധ കരാറും സംസ്ഥാന സർക്കാർ ഒപ്പിട്ടിരുന്നു. നിർമാണം വൈകിയാൽ അദാനിയിൽ നിന്ന് പിഴ ഈടാക്കാനും ഇതിൽ വ്യവസ്ഥയുണ്ട്.


ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ







