കാസർകോട്: ഗതാഗതമന്ത്രി സി.പി. ജോൺ കാസർകോട് സന്ദർശന വേളയിൽ ഉപയോഗിച്ച ഔദ്യോഗിക വാഹനത്തെച്ചൊല്ലി വിവാദം ഉയരുന്നു. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 01 ബി.ക്യു. 0478 നമ്പറിലുള്ള കാറിനാണ് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. പുക പരിശോധന ഇല്ലാത്തതിന് പുറമെ ഈ വാഹനത്തിന്മേൽ മോട്ടോർ വാഹന വകുപ്പിന്റെ ഏഴോളം ഇ-ചലാൻ പിഴകളും കുടിശ്ശികയായി കിടപ്പുണ്ട്.
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം; റിപ്പോർട്ട് നൽകി
വാഹനത്തിന്റെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ അവസാനിച്ചിരുന്നു. കൂടാതെ ഈ കാറിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ മേയ് 17-ഓടെ തീർന്നിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി ഇൻഷുറൻസ് പുതുക്കിയിരുന്നെങ്കിലും, മോട്ടോർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ വെബ്‌സൈറ്റിൽ ഈ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ഇതാണ് ഓൺലൈൻ പരിശോധനയിൽ വാഹനം ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന രീതിയിൽ കാണിക്കാൻ കാരണമായത്.
വാഹനത്തിന് ചുമത്തപ്പെട്ടിട്ടുള്ള ഏഴ് ചലാനുകളിൽ ഭൂരിഭാഗവും ഡ്രൈവർക്ക് തൊട്ടടുത്ത മുൻസീറ്റിലിരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് വന്നിട്ടുള്ളത്. 2023 ജൂലൈ മുതൽ വിവിധ സമയങ്ങളിലായി വന്ന ഈ പിഴകളെല്ലാം നിലവിൽ കുടിശ്ശികയാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓടിയിരുന്ന ഈ വാഹനം കഴിഞ്ഞ ജനുവരിയിലാണ് കാസർകോട് ഗസ്റ്റ് ഹൗസിന് കൈമാറുന്നത്.
നെഹ്റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും; ബോണസ് തുകയില്‍ 25% വര്‍ധനവ് പ്രഖ്യാപിച്ച് മന്ത്രി പിസി വിഷ്ണുനാഥ്
പുക പരിശോധനാ കാലാവധി കഴിഞ്ഞ വിവരം മുൻപ് വാഹനം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരുടെ ഫോൺ നമ്പറിലേക്കാണ് മെസ്സേജായി പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടാണ് തങ്ങൾക്ക് ഈ വിവരം സമയത്ത് അറിയാൻ സാധിക്കാതെ പോയതെന്നാണ് നിലവിലെ അധികൃതരുടെ വിശദീകരണം. സംഭവം വാർത്തയായതോടെ വാഹനത്തിന്റെ പുക പരിശോധന നടത്തി പുതിയ സർട്ടിഫിക്കറ്റ് അന്നുതന്നെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.









