നെഹ്‌റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും; ബോണസ് തുകയില്‍ 25% വര്‍ധനവ് പ്രഖ്യാപിച്ച് മന്ത്രി പിസി വിഷ്ണുനാഥ്‌

ആലപ്പുഴ: ആലപ്പുഴയുടെ വിശ്വപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് (NTBR) സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം ധനസഹായം രണ്ട് കോടി രൂപയായി വർധിപ്പിക്കുമെന്ന് ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ്. കെ. സി. വേണുഗോപാൽ എം.പി ഉന്നയിച്ച ആവശ്യപ്രകാരമാണ് നടപടി. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ഉടൻ അനുകൂലമായ തീരുമാനമെടുക്കുമെന്നും വള്ളംകളി ടീമുകൾക്കുള്ള ബോണസ് തുക 25 ശതമാനമായി വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) ഐ.പി.എൽ മാതൃകയിലാണ് വിഭാവനം ചെയ്‌തിട്ടുള്ളതെന്നും അത്തരത്തിൽ പൂർണ്ണമായി നടത്തിയാൽ ഭാവിയിൽ സാമ്പത്തിക സഹായത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത്തവണ അത് സാധ്യമാകാത്തതിനാൽ സി.ബി.എൽ നിലവിലുള്ള രീതിയിൽ തന്നെ തുടരും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഇത്തവണയും 11 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.

നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയും ബോണസും കാലോചിതമായി ഉയർത്തി പരിഷ്‌ക്കരിക്കണമെന്ന് കെ. സി. വേണുഗോപാൽ എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. മത്സരത്തിൽ വിജയികളാകുന്ന ചുണ്ടൻ വള്ളങ്ങൾക്കുള്ള സമ്മാനത്തുക താഴെ പറയുന്ന രീതിയിൽ വർധിപ്പിക്കാൻ എം.പി കമ്മിറ്റിയോട് നിർദേശിച്ചു:

  • ഒന്നാം സ്ഥാനം: 25 ലക്ഷം രൂപ

  • രണ്ടാം സ്ഥാനം: 20 ലക്ഷം രൂപ

  • മൂന്നാം സ്ഥാനം: 15 ലക്ഷം രൂപ

  • നാലാം സ്ഥാനം: 10 ലക്ഷം രൂപ

ഓണക്കാലത്തോട് അനുബന്ധിച്ചാണ് നെഹ്റു ട്രോഫി നടക്കുന്നത് എന്നതിനാൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) ഭാഗത്തുനിന്ന് ശക്തമായ പിന്തുണ വേണമെന്നും എം.പി ആവശ്യപ്പെട്ടു. ആലപ്പുഴ ഡി.റ്റി.പി.സി.ക്ക് നൽകുന്ന സഹായം കുറയ്ക്കില്ലെന്നും ജില്ലകൾക്കുള്ള വിഹിതം ഏകീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഇതിന് മറുപടിയായി ഉറപ്പുനൽകി.

ആലപ്പുഴ ജില്ലാ കലക്‌ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എ. ഡി. തോമസ് എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ് എന്നിവർ പങ്കെടുത്തു. കൂടാതെ മുൻ എം.എൽ.എമാരായ അഡ്വ. എ. എ. ഷുക്കൂർ, സി. കെ. സദാശിവൻ, കെ. കെ. ഷാജു, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ. കെ. കുറുപ്പ് എന്നിവരും സംസാരിച്ചു.

ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, അഡീഷണൽ ഡയറക്‌ടർ ശ്രീധന്യാ സുരേഷ് എന്നിവർക്കൊപ്പം വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ എ.ഡി.എം സി. പ്രേംജി, എൻ.ടി.ബി.ആർ സെക്രട്ടറിയും ആർ.ഡി.ഒയുമായ ജെ. മോബി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി. എസ്. വിനോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ് എന്നിവർ യോഗത്തിൽ പ്രവർത്തന പുരോഗതി അവതരിപ്പിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.