കരിമണൽ ഖനനത്തിന് വഴിതുറന്നത് പിണറായി സർക്കാർ; വസ്തുത മറച്ചുവയ്ക്കരുതെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: പൊതുമേഖലാ സ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബിക്കും ഗുണകരമായ സാഹചര്യം ഒരുക്കിയ നടപടികൾ സ്വീകരിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാരാണെന്ന വസ്തുത വിസ്മരിക്കരുതെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ വി.എം. സുധീരൻ. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് സുധീരന്റെ പ്രതികരണം.

കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമെന്ന പേരിൽ 2019-ൽ തോട്ടപ്പള്ളി സ്പിൽ ചാനലിലും പൊഴിമുഖത്തും ധാതുക്കൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിറക്കുകയും തുടർന്ന് പൊതുമേഖലാ സ്ഥാപനവുമായി കരാർ ഉണ്ടാക്കുകയും ചെയ്തതാണ് കരിമണൽ ഖനനത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ പേരിൽ തീരദേശത്തിനും തീരദേശവാസികൾക്കും ദോഷകരമായ കരിമണൽ ഖനനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ 2020 മുതൽ തീരദേശവാസികളുടെ നേതൃത്വത്തിലും പിന്നീട് കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ ജനകീയ സമരം നടന്നതായി സുധീരൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും കോടതി നിർദേശിച്ച പ്രകാരം വിദഗ്ധരെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപന പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാതെ കരിമണൽ ഖനനത്തിന് അനുകൂല നിലപാടുള്ളവരെ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടനാട്ടിലെ പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകാനുള്ള പ്രധാന മാർഗമായ തോട്ടപ്പള്ളി സ്പിൽവേ വർഷങ്ങളായി പ്രവർത്തനക്ഷമമല്ലാതിരുന്നിട്ടും അത് പുനരുദ്ധരിക്കാൻ മുൻ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് സുധീരൻ പറഞ്ഞു. ലീഡിംഗ് കനാൽ, തോടുകൾ, ഇടത്തോടുകൾ, വേമ്പനാട്ടുകായൽ എന്നിവിടങ്ങളിലെ എക്കലും ചെളിയും നീക്കി ജലഒഴുക്ക് സുഗമമാക്കുന്നതുൾപ്പെടെയുള്ള ശുപാർശകൾ നടപ്പാക്കാതെ കരിമണൽ ഖനനത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

കോവിഡ് കാലത്തുപോലും ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് സമരക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി സുധീരൻ ആരോപിച്ചു. 2002-ൽ കരിമണൽ ഖനനത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം അതേ വിഷയത്തിൽ തീരദേശ ജനതയ്ക്ക് ദ്രോഹകരമായ നിലപാട് സ്വീകരിച്ചുവെന്നും, കരിമണൽ ഖനനത്തിന് ഇടതുസർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ഇപ്പോഴത്തെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും   പ്രസ്താവനയിൽ  അദ്ദേഹം പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.