ന്യൂഡൽഹി : ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. സമൂഹമാധ്യമത്തിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ ആർസു ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശവും ഓഡിയോ ക്ലിപ്പും പ്രത്യക്ഷപ്പെട്ടത്. നടന്റെ മൂന്നാം വിവാഹത്തിന് പിന്നാലെയാണ് ഭീഷണി എത്തിയത്.
‘ജനനായകൻ’ കുതിപ്പ് തുടരുന്നു; അഡ്വാൻസ് ബുക്കിങ് 20 കോടി കടന്നു, 7 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു
ജൂലൈ 5ന് മുംബൈയിലെ ബാന്ദ്ര വസതിയിൽ ഗൗരി സ്പ്രാറ്റുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നു ആമിർ ഖാൻ. “ആമിർ ഖാനെപ്പോലുള്ളവർ രാജ്യത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ്. ഞങ്ങൾ ഇത് സഹിക്കില്ല. അദ്ദേഹം ഉടൻ ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇത് സനാതന ധർമത്തിനും രാജ്യത്തിനും എതിരാണ്” എന്നായിരുന്നു പോസ്റ്റിലെ ഭീഷണി. പ്രശസ്തിയുടെ പേരിൽ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവരെ നിശബ്ദരാക്കുമെന്നും പോസ്റ്റിൽ മുന്നറിയിപ്പുണ്ട്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഭരണകൂട നടപടിയെ അഭിനന്ദിച്ചുകൊണ്ടും, ഈ കേസിൽ ചില രാഷ്ട്രീയ നേതാക്കൾ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചുകൊണ്ടും അതേ പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്ലർ എവിടെ ?’; ‘ഐ ആം ഗെയിം’ സഹനിർമാതാവിനോട് ദുൽഖർ
വിവാഹത്തിനെതിരെ വ്യാപക പ്രതിഷേധം
ആമിറിന്റെ വിവാഹത്തിനെതിരെ നേരത്തേതന്നെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ബിഹാറിലെ ഫോർബ്സ്ഗഞ്ചിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ ആമിറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയും വിവാഹത്തെ ചോദ്യം ചെയ്ത് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചിരുന്നു. ഒരു മുസ്‌ലിം പണ്ഡിതനും മതാന്തര വിവാഹത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ആരോപണങ്ങൾ ആമിർ ഖാൻ തള്ളിക്കളഞ്ഞു. തന്റെ വിവാഹങ്ങൾ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള സിവിൽ വിവാഹങ്ങളാണെന്നും, ഗൗരി സ്പ്രാറ്റോ തന്റെ മുൻ ഭാര്യമാരായ റീന ദത്തയോ കിരൺ റാവുവോ മതം മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ആമിർ ഖാനോ അദ്ദേഹത്തിന്റെ സംഘമോ ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഫെയ്സ്ബുക് പോസ്റ്റും വോയ്സ് നോട്ടും വഴിയാണ് ഭീഷണി സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്, ഇവയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. പോസ്റ്റിന് പിന്നിലുള്ളവർക്ക് യഥാർഥത്തിൽ ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടോ എന്നത് അന്വേഷണ ഏജൻസികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സൽമാൻ ഖാനുനേരെയും സമാന ഭീഷണികൾ
ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വർഷങ്ങളായി ബിഷ്ണോയി സംഘത്തിന്റെ തുടർച്ചയായ ഭീഷണികൾ നിലവിലുണ്ട്. 1998ൽ ‘ഹം സാഥ് സാഥ് ഹേ’ ചിത്രീകരണത്തിനിടെ ജോധ്പുരിനടുത്ത് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന ആരോപണത്തിന്റെ പേരിലാണ് സൽമാനെതിരായ ശത്രുത. 2022ൽ ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതക ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് ബിഷ്ണോയി സംഘം വ്യാപകമായി അറിയപ്പെട്ടത്.









