മെസ്സിയുടെ മാന്ത്രികതയോ സ്പാനിഷ് കരുത്തോ? ലോകകിരീടത്തിനായുള്ള നിർണായക പോരാട്ടം ; എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്

World Cup Final

103 മത്സരങ്ങളുടെ ആവേശത്തിനൊടുവിൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള അവസാന പോരാട്ടം മാത്രം ബാക്കി. കാൽപ്പന്ത് മാമാങ്കത്തിലെ പുതിയ ചാമ്പ്യൻ ആരാകുമെന്ന ചോദ്യത്തിന് ഉത്തരം കുറിക്കാൻ ഇനി ഒരേയൊരു മത്സരം മാത്രം. അതിനായി ന്യൂജേഴ്‌സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്ബോളർ എന്നു വിശേഷണമുള്ള, ലയണൽ മെസ്സി നയിക്കുന്ന അർജന്റീനാ ടീമും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടംകൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം വരുന്നു. കിരീട പോരാട്ടം ഞായറാഴ്ച രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ.

ലോകഫുട്ബോളിന്റെ കളിത്തൊട്ടിലാണ് സ്പെയിൻ. ലോകോത്തരതാരങ്ങൾ വളർന്നുവരുന്ന പ്രദേശം. മെസ്സി കളിച്ചുതെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലാണ്. സ്പാനിഷ് ശൈലി മറ്റാരേക്കാളും മനഃപാഠമാക്കിയ മെസ്സിയെ തളയ്ക്കുക എന്നതാവും സ്പാനിഷ് അജൻഡകളിലൊന്ന്. ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്പാനിഷ് ടീമിന്റെ ഒത്തിണക്കവും മറികടക്കുക എന്നതാണ് നിലവിലെ ചാമ്പ്യന്മാർ നേരിടുന്ന വെല്ലുവിളി.

മെസ്സിക്കുവേണ്ടി മരിക്കാൻ തയ്യാറുള്ള, പിന്നാക്കം പോയാലും അവസാന നിമിഷങ്ങളിൽ പൊരുതി തിരിച്ചുവരുന്ന അർജന്റീനാ ടീം ചാവേറുകളെപ്പോലെ അപകടകാരികളാണ്. സുവർണ ബൂട്ടും പന്തും മറ്റൊരു ലോകകപ്പും എന്ന മോഹിപ്പിക്കുന്ന ആശയത്തിന് മെസ്സിയെക്കാൾ അർഹൻ മറ്റാരുമില്ലെന്ന് അവർക്കറിയാം.

കൊമ്പുകുലുക്കി കോർത്തെറിയാൻവരുന്ന ലോകചാമ്പ്യന്മാരെ തളയ്ക്കാൻ സ്പാനിഷ് മാറ്റഡോറുകൾക്കാവുമോ എന്ന ആകാംക്ഷയുയരുമ്പോൾ കലാശമത്സരം എൽ ക്ലാസിക്കോ ആവുമെന്ന പ്രതീക്ഷയിലാണ് ലോകം. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ശനിയാഴ്ച കനത്ത മഴയാണ്. കാനഡയിലെ കാട്ടുതീയിൽനിന്നുള്ള പുകപടലങ്ങളും ഈ പ്രദേശത്ത് കുറച്ചുദിവസമായി അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
ന്യൂജേഴ്‌സിയിലെ തുറന്ന സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കേണ്ടത്. മഴപെയ്തതിനാൽ പുകയുടെ പ്രശ്‌നം കുറയുമെന്ന് കരുതുന്നു. അതുകൊണ്ട് ഫൈനൽ നിശ്ചയിച്ചപോലെത്തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.